കൊച്ചി: തിരഞ്ഞെടുപ്പുകമ്മിഷനുവേണ്ടി രാവുംപകലും ജോലിചെയ്ത ഇരുപതിനായിരത്തിലധികം ഉദ്യോഗസ്ഥർക്ക് വോട്ടുചെയ്യാനുള്ള അവസരം നിഷേധിച്ചെന്ന ആരോപണം ശരിയെങ്കിൽ നിർഭാഗ്യകരമെന്ന് ഹൈക്കോടതി. ‘തിരഞ്ഞെടുപ്പ് കമ്മിഷനുവേണ്ടി പ്രവർത്തിച്ചവരാണവർ. ഒന്നും ചെയ്യാനാകില്ലാ എന്നാണോ കമ്മിഷൻ പറയുന്നത്’’ -ജസ്റ്റിസ് കെ.വി. ജയകുമാർ വാക്കാൽ ചോദിച്ചു.

To advertise here,

തിരഞ്ഞെടുപ്പുജോലിക്ക് നിയോഗിച്ച ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ടുചെയ്യാനുള്ള അവസരം നിഷേധിച്ചെന്ന് ആരോപിച്ച് എൻ.ജി.ഒ.യൂണിയനടക്കം ഫയൽ ചെയ്ത ഹർജി പരിഗണിക്കവേയായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ വീഴ്ചയ്ക്കെതിരേ കോടതി രൂക്ഷമായി പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് നടപടികൾ തടസ്സപ്പെടുത്താതെ കോടതിക്കു വിഷയത്തിൽ ഇടപെടാൻ കഴിയുമെന്ന് ഹർജിക്കാർ വാദിച്ചു. എല്ലാ കളക്ടറേറ്റിലും ഒാരോ ഫെസിലിറ്റേഷൻ സെന്റർ വീതം തുറന്നാൽ വോട്ടുചെയ്യാനാകും. എന്നാൽ, ഇതിനെ കമ്മിഷൻ എതിർത്തു.

അപ്പോൾ, എന്തിനാണ് ഈ വാശിയെന്നായിരുന്നു കോടതിയുടെ പ്രതികരണം. വോട്ടവകാശമുള്ള എല്ലാവരും വോട്ടു ചെയ്യണമെന്ന പരസ്യം വരെ നൽകിയിരുന്നല്ലോ നിങ്ങൾ എന്നും ചോദിച്ചു.

ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷന് എല്ലാവർക്കും വോട്ടു ചെയ്യാനാവശ്യമായ സൗകര്യം ഒരുക്കാൻ ചുമതലയുണ്ടെന്നും ഓർമ്മിപ്പിച്ചു. എല്ലാത്തിനും ചട്ടങ്ങളുണ്ടാകും. എന്നാൽ, ഒരു സാഹചര്യം ഉണ്ടായാൽ അതിനനുസരിച്ച് ഉയരണം. സിസ്റ്റം ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ ശരിയായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. ഹർജിക്കാർ ഉന്നയിക്കുന്ന വിഷയത്തിൽ കമ്മിഷൻ തീരുമാനമെടുക്കണം -കോടതി പറഞ്ഞു.

ആരൊക്കെ അപേക്ഷ നൽകി, ആരൊക്കെ വോട്ട് ചെയ്തു എന്നതടക്കമുള്ള രേഖകൾ കമ്മിഷന്റെ കൈവശം ഉണ്ടല്ലോ. നിങ്ങളുടെ കണക്കിൽ എത്ര പേർക്കാണ് വോട്ട് ചെയ്യാനാകാത്തത്. ഇത് വ്യക്തമാക്കി ചൊവ്വാഴ്ച തന്നെ സത്യവാങ്മൂലം ഫയൽ ചെയ്യാമോ? ഇരുപതിനായിരത്തിലധികം പേർക്ക് വോട്ടുചെയ്യാനാകാത്തത് പൊതു താത്‌പര്യവിഷയമാണെന്നും കോടതി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിഷൻ ഫയൽ ചെയ്ത സത്യവാങ്മൂലംകൂടി പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കാമെന്നും വ്യക്തമാക്കി.

ചട്ടഭേദഗതി വരുത്തി -കമ്മിഷൻ

തിരഞ്ഞെടുപ്പ് ചട്ടത്തിൽ 2023-ൽ കൊണ്ടുവന്ന ഭേദഗതിയിൽ ഉൾപ്പെടുത്തിയ 18- എ പ്രകാരം തിരഞ്ഞെടുപ്പുജോലിക്ക് നിയോഗിച്ചവർക്ക് ഫെസിലിറ്റേഷൻ സെന്ററിൽ മാത്രമേ പോസ്റ്റൽ വോട്ട് ചെയ്യാനാകൂ. പോളിങ് ദിവസത്തിന് മുൻപ് ഇത് നിർവഹിക്കണം. വോട്ടണ്ണുന്നതിന്റെ ഏതാനും മണിക്കൂർ മുൻപു വരെ പോസ്റ്റൽവോട്ട് ചെയ്യാമെന്ന ചട്ടം-27 തിരഞ്ഞെടുപ്പ് ജോലിയിലുള്ളവർക്ക് ഇപ്പോൾ ബാധകമല്ലെന്നും കമ്മിഷൻ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ വിശദീകരിച്ചു.

അപേക്ഷാസമയത്ത് നൽകാത്തവർക്കും തെറ്റായി നൽകിയവർക്കും അപൂർണമായി നൽകിയവർക്കും മാത്രമേ പോസ്റ്റൽ ബാലറ്റ് നൽകാതിരുന്നിട്ടുള്ളൂവെന്നും കമ്മിഷൻ സ്റ്റാൻഡിങ് കോൺസൽ ദീപുലാൽ മോഹൻ വിശദീകരിച്ചു.