തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടിങ് യന്ത്രത്തിൽ മാത്രം 78.27 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മിഷണർ യു. രത്തൻ ഖേൽക്കർ പറഞ്ഞു. സർവീസ് വോട്ടുകളുടെ കണക്ക് ഇനി വരാനുണ്ടെന്നും പോളിങ് കണക്ക് പുറത്തുവിടാൻ വൈകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അന്തിമ കണക്ക് പ്രസിദ്ധീകരിക്കാൻ വൈകിയിട്ടില്ല. കൃത്യമായ കണക്ക് ലഭിക്കാൻ സമയം ആവശ്യമാണ്. മൂന്ന് ദിവസം മാത്രമാണ് എടുത്തത്. ഒരു ആശയക്കുഴപ്പവും ഇല്ല. പ്രവർത്തനം സുതാര്യമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇവിഎം കണക്കിനൊപ്പം തപാൽ വോട്ട് കൂടി ഉൾപ്പെടുത്തുമ്പോൾ ഏകദേശം 79.63 ശതമാനം പോളിങ്ങ് ആകുമെന്നും അന്തിമകണക്കിൽ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വീട്ടിലെ വോട്ട് - 96.72 ശതമാനം. ആകെ തപാൽ വോട്ട് 3,68193, അവശ്യ സർവീസ് ചെയ്തവരുടെ വോട്ടിന്റെ കണക്ക് 32, 172, ആകെ ഭിന്നശേഷിക്കാരിൽ 97.71%, 1,45,604 മുതിർന്ന പൗരന്മാരും വോട്ട് രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. 53984 സർവീസ് വോട്ടർമാരുടെ കണക്ക് ഇനി വരാനുണ്ടെന്നും അത് ഇൻഡക്സ് കാർഡിലാണ് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് പതിറ്റാണ്ടിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തുന്നത്. 1987-ലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. 80.54 ശതമാനമായിരുന്നു അന്നത്തെ പോളിങ്.
തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷൻ പോളിങ് ശതമാനം പുറത്തുവിട്ടിരുന്നില്ല. കണക്കുകൾ പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് കത്തയച്ചിരുന്നു. പോളിങ് ശതമാനവും പോസ്റ്റൽ വോട്ടിങ് നില സംബന്ധിച്ച കണക്കുകളും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.
Content Highlights: Official 2026 Assembly election turnout confirmed at 79.63%., EVM polling recorded at 78.27% with additional postal/service votes pending., Highest voter turnout in three decades since 1987., Election Commission ensures transparency amidst opposition demands.
Published: 13 Apr 2026, 05:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented