തണ്ണീർപ്പന്തൽ: വെറുമൊരു തൊഴിൽമാത്രമായിരുന്നില്ല ആൽവിന് വീഡിയോ എഡിറ്റിങ്. പ്രതിസന്ധികളിൽ കൈപിടിച്ചുനടത്തിയ കൂട്ടുകാരൻകൂടിയായിരുന്നു. ഒടുവിൽ ആ ജോലിയുടെ ഭാഗമായ വീഡിയോ ചിത്രീകരണത്തിനിടെ കാറിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടതോടെ ഇല്ലാതായത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ. വീടും നാടും ബുധനാഴ്ച വൈകീട്ട് ആൽവിന് നിറകണ്ണുകളോടെ വിടനൽകി.

To advertise here,

കഴിഞ്ഞദിവസം കോഴിക്കോട് ബീച്ച് പരിസരത്ത് വീഡിയോ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ മരണപ്പെട്ട ആൽവിന്റെ മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിൽനിന്ന് പോസ്റ്റ്‌മോർട്ടത്തിനുശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് തണ്ണീർപ്പന്തലിലെ വീട്ടിലെത്തിച്ചത്. ചെറുപ്രായത്തിൽത്തന്നെ ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നുവന്നവനാണ് ആൽവിൻ. വൃക്കരോഗമായിരുന്നു വില്ലൻ. പിന്നെ വൃക്ക മാറ്റിവെച്ചു. ഇതിനുശേഷം ഭാരിച്ച ജോലികൾ ചെയ്യുന്നതിന് പരിമിതിയുള്ളതിനാൽ വീഡിയോ എഡിറ്റിങ് സ്വന്തമായി പഠിച്ചു. മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിച്ച് ഭംഗിയായി എഡിറ്റുചെയ്യും.

Related News: കാറിടിച്ച് ആല്‍വിന്‍ തെറിച്ചത് 12 അടി ഉയരത്തിലേക്ക്; നിര്‍ണായക തെളിവടങ്ങിയ ഫോണ്‍ പോലീസിന് ലഭിച്ചു

ഈ വീഡിയോകൾ പലരും ബിസിനസ് പ്രമോഷനും മറ്റും ഉപയോഗപ്പെടുത്തി. പിന്നീട് ഇതുതന്നെ ജീവിതമാർഗമാക്കി. വിസിറ്റിങ് വിസയിൽ മൂന്നുമാസമായി ദുബായിലായിരുന്നു. രണ്ടാഴ്ചമുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്. ആറുമാസംകൂടുമ്പോഴുള്ള മെഡിക്കൽ ചെക്കപ്പിനുകൂടിയായിരുന്നു ഇത്. ഇതിനിടെയാണ് കോഴിക്കോട്ടെ സ്വകാര്യസ്ഥാപനത്തിനുവേണ്ടി പ്രമോഷൻ വീഡിയോ ചെയ്യാനായി പോയത്. വടകര തണ്ണീർപ്പന്തൽ സ്വദേശി തച്ചിലേരി താഴക്കുനി (വേളത്ത്) സുരേഷ്ബാബുവിന്റെയും ബിന്ദുവിന്റെയും ഏകമകനാണ് ആൽവിൻ. ആൽവിന് അന്ത്യാഞ്ജലിയർപ്പിക്കാൻ ഒട്ടേറെപ്പേർ വീട്ടിലെത്തി.