കൊച്ചി: കൂടുമത്സ്യകൃഷി ചെയ്യുന്ന കർഷകർ അനുഭവിക്കുന്ന ദുരവസ്ഥയുമായി ബന്ധപ്പെട്ട് 'മാതൃഭൂമി' സംഘടിപ്പിച്ച ജനകീയ ചർച്ച ശ്രദ്ധേയമായി. കർഷകരുടെ ദുരിതം പറഞ്ഞുകൊണ്ട് മാതൃഭൂമി പ്രസിദ്ധീകരിച്ച പരമ്പരയുടെ തുടർച്ചയായാണ് ജനകീയ ചർച്ച സംഘടിപ്പിച്ചത്. കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ചർച്ച ഉദ്ഘാടനം ചെയ്തു.
മാതൃഭൂമിയും കൂടുമത്സ്യ കർഷകരുടെ സംഘടനയായ കേരള അക്വാ ഫാർമേഴ്‌സ് ഫെഡറേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയും ചേർന്നാണ് ജനകീയ ചർച്ച സംഘടിപ്പിച്ചത്. ടി.ജെ വിനോദ് എംഎൽഎ മുഖ്യാതിഥിയായി.
മത്സ്യ മേഖലയിലും മത്സ്യത്തൊഴിലാളികൾക്കും കൂടുതൽ അനുകൂല്യങ്ങൾ നൽകുന്നതിന് കേന്ദ്ര ഗവൺമെന്റ് കൂടി സന്നദ്ധമാകണം എന്നുള്ള ഒരു ആശയം കൂടി ജനകീയ ചർച്ച ഉയർത്തണമെന്ന് ജനകീയ ചർച്ച ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ പറഞ്ഞു.
തീരദേശ മേഖലയിൽ കൂടുമത്സ്യകൃഷി ഇന്ന് ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. പെരിയാറിൽ തുടർച്ചയായ വർഷങ്ങളിൽ ഉണ്ടാകുന്ന മത്സ്യക്കുരുതിയിൽ കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമാണ് ഈ മേഖലയിൽ ഉണ്ടായിട്ടുള്ളത്. തുടർച്ചയായുണ്ടാകുന്ന ജലമലിനീകരണവും പ്രകൃതിക്ഷോഭവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ കൂടുമത്സ്യകൃഷിയെ പിന്നോട്ടടുപ്പിക്കുകയാണ്. ലക്ഷക്കണക്കിനു രൂപ മുതൽ മുടക്കി ഒറ്റയ്ക്കും സംഘകൃഷിയായുമൊക്കെ ചെയ്യുന്ന കൂടുമത്സ്യകർഷകർ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്.
2024-ൽ ഉണ്ടായത് വലിയ മത്സ്യക്കുരുതിയാണ്. അത് മാത്രമാണ് പുറത്ത് അറിഞ്ഞത്. ഇതല്ലാതെ ചെറുതും വലുതുമായ സംഭവങ്ങൾ സ്ഥിരമായി ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ഇത് നമ്മുടെ മത്സ്യത്തൊഴിലാളികളെയാകെ ആശങ്കയിലാഴത്തുകയാണെന്ന് ടി.ജെ വിനോദ് എംഎൽഎ പറഞ്ഞു.
കൂട് മത്സ്യകൃഷി ചെയ്യുന്ന കർഷകരെയും വിദഗ്ധരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ജനകീയ ചർച്ചയിൽ ഉരുത്തിരിയുന്ന നിർദേശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള ശ്രമം കൂടിയാണ് ജനകീയ ചർച്ചയിലൂടെ ലക്ഷ്യം വെച്ചിട്ടുള്ളത്.
പെരിയാറിൽ ഉണ്ടായ മത്സ്യക്കുരുതിയിൽ കൂടുകളിൽ വളർത്തിയിരുന്ന ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന മത്സ്യം ചത്തുപൊങ്ങുകയും നാളിതുവരേ നഷ്ടപരിഹാരം ലഭിക്കാത്തതിലും ജനകീയ ചർച്ചയിൽ വലിയ പ്രതിഷേധമാണ് കർഷകർ ഉയർത്തിയത്. കൂടുകളിൽ വിളവെടുപ്പു നടത്തുന്ന മത്സ്യങ്ങളുടെ സംഭരണത്തിന് മതിയായ സൗകര്യമില്ലാത്തതും കർഷകരെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷയുൾപ്പെടെ സജ്ജമാക്കുന്നതും ചർച്ചയിലെ പ്രധാന വിഷയങ്ങളായി ഉയർത്തിക്കാട്ടപ്പെട്ടു.
കൂടു കർഷകർ, കുഫോസ് രജിസ്ട്രാർ ആൻഡ് ഡീൻ (ഫിഷറീസ്) ഡോ. ദിനേഷ് കൈപ്പിള്ളി, സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റുകളായ ഡോ. എമിൽഡാ ജോസഫ്, ഡോ. ഷോജി ജോസഫ്, പരിസ്ഥിതി പ്രവർത്തകർ, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ചർച്ചയിൽ പങ്കെടുത്തു.
Content Highlights: problems which affects koodumalsyakrishi farmers mathrubhumi conducts public debate
Published: 27 Jun 2025, 09:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented