കോഴിക്കോട്: ഫറോക്കില്‍ ബൈക്കില്‍ മൂന്നുപേര്‍ യാത്രചെയ്തതിന് പോലീസ് യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ ബേപ്പൂര്‍ പ്രൊബേഷന്‍ എസ്‌ഐക്ക് സ്ഥലംമാറ്റം. ജില്ലാ സായുധസേനാ ആസ്ഥാനത്തേക്കാണ് മാറ്റം. സംഭവത്തില്‍ ഫറോക്ക് എസിപിയില്‍നിന്ന് ഡിസിപിക്ക് ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബേപ്പൂര്‍ സ്വദേശി അനന്തുവിനെയാണ് ഇന്നലെ പോലീസ് മര്‍ദിച്ചത്.

To advertise here,

അനന്തുവും മറ്റ് രണ്ടുപേരും ചേര്‍ന്ന് ബൈക്കില്‍ യാത്രചെയ്യുമ്പോള്‍ പോലീസ് കൈ കാണിക്കുകയായിരുന്നു. പോലീസിനെക്കണ്ട് ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഒരാളെ പോലീസ് ജീപ്പില്‍ കയറ്റി. ഓടിപ്പോയ ആളും ബൈക്കുമായി ബേപ്പൂര്‍ സ്റ്റേഷനില്‍ എത്താന്‍ പോലീസ് ആവശ്യപ്പെട്ടെന്നാണ് അനന്തു പറയുന്നത്.

ബൈക്കുമായെത്തിയപ്പോള്‍ പ്രൊബേഷന്‍ എസ്‌ഐ സ്റ്റേഷനിലുള്ളിലെ മുറിയിലേക്ക് കൊണ്ടുപോയി പട്ടികകൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ചെന്നാണ് അനന്തുവിന്റെ പരാതി. പിന്നീട് വെള്ളപേപ്പറില്‍ ഒപ്പിടാന്‍ ആരോപിച്ച് മുഖത്ത് കുത്തുകയും ചെയ്തു. സ്റ്റേഷനില്‍ ഉണ്ടായിരുന്ന മറ്റ് മൂന്നു പോലീസുകാര്‍ ഇടിച്ചെന്നും യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് സ്റ്റേഷന്റെ മുന്‍ഭാഗത്തെ വാതിലടച്ചാണ് മര്‍ദിച്ചതെന്നും പിന്നീട് ചൊവ്വാഴ്ച രാവിലെ സ്റ്റേഷനില്‍ വരണമെന്നു പറഞ്ഞ് ഇറക്കിവിട്ടെന്നും യുവാവ് പറയുന്നു. 

മര്‍ദനത്തില്‍ സാരമായി പരിക്കേറ്റ അനന്തു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. എസ്‌ഐക്കും കൂടെയുള്ള മൂന്ന് പോലീസുകാര്‍ക്കുമെതിരേ നടപടി ആവശ്യപ്പെട്ട് അനന്തു പരാതി നൽകിയിരുന്നു.