(അന്തരിച്ച ലോകപ്രശസ്ത ഫോട്ടോഗ്രാഫർ രഘുറായിയെ നേരിൽക്കണ്ട അനുഭവം പങ്കുവെച്ച് സംവിധായകൻ പ്രിയദർശൻ എഴുതിയ ലേഖനത്തിന്റെ പുനഃപ്രസിദ്ധീകരണം)
വർഷങ്ങളായുള്ള എന്റെ സ്വപ്നവും രണ്ടുവർഷത്തെ അധ്വാനവുമായ കുഞ്ഞാലിമരയ്ക്കാരെക്കുറിച്ചുള്ള സിനിമ റിലീസ് മാറ്റിവെച്ച് പെട്ടിയിലിരിക്കുന്നു; മുംബൈയിലെയും ഊട്ടിയിലെയും ചിത്രീകരണം കഴിഞ്ഞ് അടുത്ത ഷെഡ്യൂളിലേക്ക് നീങ്ങിയ 'ഹംഗാമ-2' എന്ന സിനിമയുടെ ചിത്രീകരണവും മാറ്റിവെച്ചു. ചെന്നൈയിലെ എന്റെ ഫോർ ഫ്രെയിംസ് സ്റ്റുഡിയോ അടച്ചു; ജോലിക്കാരെല്ലാം വീട്ടിലേക്കുപോയി; റോഡുകൾ ശൂന്യമായി, സുഹൃത്തുക്കൾ തേടിവരാതായി. കൊറോണ എല്ലാറ്റിനെയും കീഴടക്കി. വീട്ടിൽ എന്നെ തനിച്ചാക്കി.
തനിച്ചിരിക്കുന്ന മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്തുക്കൾ ഓർമകളാണ്. ജീവിതത്തിന്റെ ഏതൊക്കെയോ ദൂരങ്ങളിൽനിന്ന് അവ നമ്മെ തേടിവരുന്നു. ചിലത് ആനന്ദിപ്പിക്കുന്നു, മറ്റു ചിലത് വേദനിപ്പിക്കുന്നു. ഇനിയും ചിലതുണ്ട്, നേരിയ ചമ്മലോടെ മാത്രം ഓർക്കാൻ സാധിക്കുന്നത്. ഇവിടെ എഴുതാൻ പോകുന്നത് അത്തരത്തിലുള്ള ഒന്നാണ്.
ഈ ഓർമയുടെ ആദ്യരംഗത്ത് കഴുത്തിൽ ഒരു ക്യാമറയും തൂക്കി ഒരാൾ വരുന്നു-ഊട്ടിപ്പട്ടണം സ്വന്തമാക്കാൻവന്ന നിശ്ചൽ. 'കിലുക്കം' എന്ന ചിത്രത്തിലെ ആ കഥാപാത്രത്തെ നിങ്ങളും ഓർക്കുന്നുണ്ടാവും. അതെഴുതിത്തുടങ്ങുന്ന സമയത്ത്, കഥാപാത്രത്തിന് എന്തുപേരുനൽകണം എന്ന ചിന്താക്കുഴപ്പത്തിലായിരുന്നു ഞാൻ. വേണുച്ചേട്ടനാണ് (വേണുനാഗവള്ളി) നിശ്ചൽ എന്ന പേര് നൽകിയത്. നിശ്ചലഛായാഗ്രഹണം ചെയ്യുന്നവൻ നിശ്ചൽ എന്ന് ന്യായം. എന്റെ ഈ ഓർമയിലെ കേന്ദ്രകഥാപാത്രവും ഒരു നിശ്ചലഛായാഗ്രാഹകൻ തന്നെ.
നമ്മൾ ആരാധിക്കുന്ന, ഒന്നു കണ്ടുമുട്ടാൻ ആഗ്രഹിക്കുന്ന വ്യക്തി ഓർക്കാപ്പുറത്ത് മുന്നിൽവന്നു ചാടുന്ന നേരത്ത് ഉണ്ടാവുന്ന അന്ധാളിപ്പും ആഹ്ലാദവും ഒക്കെ അനുഭവിച്ചാസ്വദിച്ചിട്ടുള്ള ഒരാളാണ് ഞാനും. കോവളം ബീച്ചിൽ കോളേജ് കാലത്ത് ഇംഗ്ലീഷ് നടൻ പോൾ ന്യൂമാൻ തൊട്ടടുത്ത് വന്നിരുന്നപ്പോൾ, 1981-ൽ മദ്രാസിലെ സ്വാമീസ് ലോഡ്ജിലെ എന്റെ മുറിയിലേക്ക് അടൂർഭാസി എന്ന നടൻ വഴിതെറ്റി കയറിവന്നപ്പോൾ; 1988-ൽ ഹൂസ്റ്റണിലെ ഹൾ വിമാനത്താവളത്തിൽ ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ ആൽഡ്രിനോടൊപ്പം ചായ കുടിച്ചപ്പോൾ, ഐ.പി.എൽ. മാച്ചിനിടയിൽ, പെട്ടെന്ന് അടുത്തിരിക്കുന്ന ആൾ, ഇന്ത്യയുടെ സുപ്രസിദ്ധ ബാറ്റ്സ്മാനായിരുന്ന ഫറൂഖ് എൻജിനിയറാണ് എന്നറിഞ്ഞപ്പോൾ, ദുബായ് മരുഭൂമിയിൽ 'അറബിയും ഒട്ടകവും പി. മാധവൻനായരും' ഷൂട്ടിങ്ങിനിടയിലേക്ക് പെട്ടെന്ന് കാറിൽനിന്ന് ഇറങ്ങിവന്ന സംവിധായകൻ ജെയിംസ് കാമറോണെ കണ്ടപ്പോൾ, വിമാനത്തിൽ ഒരിക്കൽ തൊട്ടടുത്ത സീറ്റിൽ എക്കാലത്തെയും നമ്മുടെ പ്രിയങ്കരനായ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാം വന്നിരുന്നപ്പോൾ... അങ്ങനെ പലപ്പോഴും ഈ ആഹ്ലാദം ഞാൻ ആസ്വദിച്ചിട്ടുണ്ട്. പിന്നീട് ഓർത്തോർത്ത് സ്വയം മധുരിച്ചിട്ടുണ്ട്. എന്നാൽ, ഇനി പറയാൻപോകുന്ന വ്യക്തി എന്റെമുന്നിൽ വന്നുപെട്ടത് സ്ഥലകാലസന്ദർഭങ്ങളെ നെടുകേപ്പിളർന്നായിരുന്നു.
ലൈറ്റ്സ്, ക്യാമറ, ആക്ഷൻ...
സ്ഥലം: ബോംബെ ഫിലിം ഡിവിഷൻ ഓഫീസ്
വർഷം: 2004 ഓഗസ്റ്റ്
ദിവസം: ഞായറാഴ്ച
സമയം: രാവിലെ 8.30.
'ഹൽച്ചൽ' എന്ന എന്റെ ഹിന്ദിച്ചിത്രത്തിന്റെ ഷൂട്ടിങ് വേള. കരീന കപൂർ എന്ന നടിയുടെ വിവാഹരംഗമാണ് ചിത്രീകരിക്കേണ്ടത്. അമരീഷ് പുരി, പരേഷ് റാവൽ, സുനിൽ ഷെട്ടി, അക്ഷയ് ഖന്ന തുടങ്ങിയ 20-ഓളം നടീനടന്മാർ അവിടെയുണ്ട്. ഒരു വലിയ കോളേജിലെ ബ്രിട്ടീഷ് മാതൃകയിലുള്ള കെട്ടിടമാണ് ഫിലിംസ് ഡിവിഷന്റേത്. ഞായറാഴ്ചകളിൽ മാത്രമേ ഷൂട്ടിങ് അനുവദിക്കാറുള്ളൂ. ആർട്ടിസ്റ്റുകൾ അടുത്തുള്ള മുറികളിൽ മേക്കപ്പ് ചെയ്ത് തയ്യാറാകുകയാണ്. എടുക്കേണ്ട ഷോട്ടുകൾ മനസ്സിൽ കുറിച്ചിട്ട് അവ അന്ന് എന്നോടൊപ്പം സഹസംവിധായകരായി ജോലി ചെയ്ത ടി.കെ. രാജീവ് കുമാറിനോടും ക്യാമറാമാൻ ജീവയോടും പറഞ്ഞുകൊടുക്കുകയായിരുന്നു ഞാൻ. ഇതിനിടെ, അതിഥികളായി അഭിനയിക്കാൻ എത്തിയവരുടെ കൂട്ടത്തിൽ നിന്ന് രണ്ടു കൗമാരപ്രായക്കാരായ പെൺകുട്ടികൾ എന്റെ അടുത്തേക്ക് വരാൻ ശ്രമിക്കുന്നതും അവരെ സെക്യൂരിറ്റി തടയുന്നതും ഞാൻ ശ്രദ്ധിച്ചു. ഏകദേശം അഞ്ഞൂറോളംപേർ കല്യാണ അതിഥികളായി ജൂനിയർ ആർട്ടിസ്റ്റുകൾ ഉണ്ടായിരുന്നതിനാൽ അവരെ ഏകോപിപ്പിക്കാൻ ഇരുപത്തിയഞ്ചിലധികം സെക്യൂരിറ്റിക്കാർ ഉണ്ടായിരുന്നു. പുറത്തുള്ളവർ ഷൂട്ടിങ് കാണാൻ വരുന്നത് അനുവദിച്ചിരുന്നില്ല. ആ കുട്ടികൾ നല്ല ഭംഗിയുള്ളവരായിരുന്നതിനാൽ അവരെ ക്യാമറയ്ക്കുമുന്നിൽ ഉള്ളവരോടൊപ്പം നിർത്താൻ ഞാൻ സംവിധാനസഹായികളോട് പറഞ്ഞു. ഷോട്ടെടുക്കുന്ന നേരത്ത് അവരെ കണ്ടില്ല. ആദ്യ ഷോട്ട് കഴിഞ്ഞ് അടുത്തത് ലൈറ്റ് ചെയ്യുന്നതിനിടയിൽ പുറത്ത് വരാന്തയിൽ ഞാൻ പോയിരുന്നു. അപ്പോൾ അല്പം അകലെ ആ കുട്ടികളെയും അവരോടൊപ്പം കുർത്തയും ജാക്കറ്റും ഒരു പഴയ തൊപ്പിയും ധരിച്ച് ആൾക്കൂട്ടത്തിൽ തനിയെ എന്ന രീതിയിൽ നിൽക്കുന്ന ഒരാളെയും ഞാൻ ശ്രദ്ധിച്ചു. അയാളുടെ കഴുത്തിൽ ഒരു ക്യാമറ തൂക്കിയിരുന്നു അതുകണ്ട് രാജീവ് എന്നോട് ചോദിച്ചു: ആളെ അറിയോ? ഇല്ല എന്ന് ഞാനും. എവിടെയോ കണ്ടിട്ടുള്ളതുപോലെ എന്ന് രാജീവ്.
അടുത്ത ഷോട്ട് തുടങ്ങാൻ പോകുന്നതിനിടയിലാണ് ഞങ്ങൾ ആ ബഹളം കേട്ടത്. ആർട്ടിസ്റ്റുകളുടെ മുറിയുടെ വശത്തുനിന്നാണ്. അവിടേക്ക് ഓടി എല്ലാവരും; ഒപ്പം ഞാനും. കരീനാ കപൂറും, അമരീഷ് പുരിയും... അങ്ങനെ കുറെപ്പേർ അവിടെയുണ്ട്. അമരീഷ് ജി സിംഹഗർജനം നടത്തുകയാണ്. നേരത്തേ കണ്ട തൊപ്പിയിട്ട മനുഷ്യനെ മേക്കപ്പ്മാൻമാരും ഗാർഡുകളും പിടിച്ചുനിർത്തിയിരിക്കുന്നു. കൂടെയുള്ള പെൺകുട്ടികൾ എന്തോ പറയാൻ ശ്രമിക്കുന്നു. അവരെ ആരും ശ്രദ്ധിക്കുന്നില്ല. അന്വേഷിച്ചപ്പോഴാണറിഞ്ഞത് അയാൾ ജൂനിയർ ആർട്ടിസ്റ്റല്ല പുറത്തുനിന്നുവന്ന ആളാണ് എന്ന്. ആർട്ടിസ്റ്റുകൾ ഇരിക്കുന്ന മുറിയിലേക്ക് കൈയിലിരുന്ന ക്യാമറവെച്ച് അയാൾ ഫോട്ടോ എടുത്തു. അതാണ് ബഹളകാരണം. ബോഡിഗാർഡുകൾ അയാളുടെ ക്യാമറ പിടിച്ചെടുത്തു. ക്യാമറയിൽനിന്ന് ഫോട്ടോ ഫിലിം പുറത്തെടുക്കാൻ തീരുമാനിച്ചു. ഫിലിം ക്യാമറയായിരുന്നു അത്. ബഹളത്തിനിടയിൽ രാജീവ് കുമാർ മാത്രം അയാളെ ഒന്നും മിണ്ടാതെ നോക്കിനിന്നു. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിൽ ബ്രഹ്മദത്തൻ നമ്പൂതിരി സണ്ണിയെ നോക്കിനിന്ന അതേ നിൽപ്പായിരുന്നു രാജീവിന്റേത്: എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന മട്ട്.
അയാളെ പുറത്താക്കാൻ തീരുമാനമെടുത്ത് ആ കൂട്ടം പിരിഞ്ഞു. അമരീഷ്ജി അടങ്ങി. അടുത്ത ഷോട്ട് മാർക്ക് ചെയ്യാൻ രാജീവിനോട് പറഞ്ഞപ്പോൾ മനസ്സ് മറ്റെവിടെയോ ആയിരുന്നു. രാജീവ് എന്നോട് ചോദിച്ചു.
''പ്രിയാ, അത് രഘുറായ് അല്ലേ?''
ഞാനെന്റെ നെറ്റിചുളിച്ചു. ചുളിവുകളിൽ തെളിഞ്ഞുവന്ന അക്ഷരം രാജീവ് വായിച്ചു.
'ങേ?' എന്നായിരുന്നു അത്. അതിൽ ഒരു ഞെട്ടലിന്റെ വിറയും വിയർപ്പുമുണ്ടായിരുന്നു.
രഘുറായ്. ലോകംകണ്ട ഫോട്ടോ ജേണലിസ്റ്റുകളിൽ ഔന്നത്യത്തിൽ കുറിച്ചിട്ട പേര്. സ്റ്റീവ് മെക്യുറി, റോബർട്ട് കാപ്പാ, ലെർവിറ്റ് എന്നിവരോടൊപ്പം നിൽക്കുന്ന ഭാരതത്തിന്റെ അഭിമാനമായ പദ്മശ്രീ രഘുറായ്. പലപ്പോഴും സിനിമയിലെ ഭംഗിയുള്ള ഫ്രെയിമുകൾക്കുവേണ്ടി ഞാനും സാബു സിറിലും ഒക്കെ അവലംബിക്കുകയും കടമെടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സൃഷ്ടിച്ച ഗുരുതുല്യനായ രഘുറായ്. അദ്ദേഹം ഇവിടെ? 1992-ൽ ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ എന്ന പരമോന്നതമായ അംഗീകാരം നൽകി വേൾഡ് പ്രസ് ആദരിച്ച പ്രതിഭ. പ്രശസ്ത ഫോട്ടോഗ്രാഫിക് സൊസൈറ്റിയായ മാഗ്നം ഫോട്ടോസ് മെമ്പർഷിപ്പ് കൊടുത്താദരിച്ച ജീനിയസ്. വേൾഡ് പ്രസ് ഫോട്ടോഗ്രാഫിയുടെ ജൂറി മെമ്പർ. പതിനെട്ടോളം ഫോട്ടോഗ്രാഫി ഫീച്ചറുകളും ലോകമെമ്പാടും പ്രദർശനവുംകൊണ്ട് പ്രസിദ്ധനായ ഉന്നതശീർഷൻ. അദ്ദേഹം ഇവിടെ? അദ്ദേഹത്തിന് എന്റെ ഈ പാവം ഷൂട്ടിങ്സെറ്റിലെന്തുകാര്യം?
ശിഷ്യരായ പെൺകുട്ടികൾക്കൊപ്പം നടന്നകലുന്ന അദ്ദേഹത്തിന്റെ മുന്നിലേക്ക് ഞങ്ങൾ ഓടിച്ചെന്നു. ഞാനും രാജീവും ഒന്നിച്ചാണ് ചോദിച്ചത്: ''താങ്കളുടെ പേര്?''
ഉത്തരം പറഞ്ഞത് കുട്ടികളാണ്:
''രഘുറായ്.''
ക്ഷമിക്കണം എന്ന വാക്ക് ഇത്രയധികം കുറ്റബോധത്തോടെയും നാണക്കേടോടെയും ആരോടും മറ്റൊരിക്കലും പറഞ്ഞതായി എനിക്കോർമയില്ല. ബോളിവുഡ് എന്ന ഒരു ഫോട്ടോ ഫീച്ചർ തയ്യാറാക്കുകയായിരുന്നു അദ്ദേഹം. ഫിലിംസ് ഡിവിഷനിലെ മേലുദ്യോഗസ്ഥന്റെ അനുവാദം വാങ്ങിയാണ് അവിടെ എത്തിയത്. ചിത്രങ്ങൾ എടുക്കാനുള്ള അനുവാദം എന്നോട് ചോദിക്കാൻ കാത്തുനിന്നപ്പോഴാണ് ആരാണ്, എന്താണ് എന്ന ചോദ്യങ്ങളുമായി ചിലർ ബഹളമുണ്ടാക്കിയത്. കൈയിൽ ക്യാമറകൾ കണ്ടപ്പോൾ ചിത്രങ്ങൾ എടുത്തു എന്നു തെറ്റിദ്ധരിച്ചതാണ് രംഗം ആകെ വഷളാവാൻ കാരണം. സത്യം അറിഞ്ഞപ്പോൾ എന്നെക്കാൾ വിളറിവെളുത്തു അമരീഷ്ജിയും കൂട്ടരും. എല്ലാവരും ഒരുമിച്ച് അദ്ദേഹത്തിനോട് ക്ഷമചോദിച്ചു. വന്ന ദൗത്യം നിർവഹിച്ചിട്ടേ പോകാൻപാടുള്ളൂ എന്ന് നിർബന്ധിച്ചു. ആരെയും അദ്ദേഹം തെറ്റുപറഞ്ഞില്ല. എല്ലാവർക്കും ഇഷ്ടമായ ഒരു ചിരിമാത്രം. നടന്നുനീങ്ങിയ വഴികളിലെല്ലാം കാണേണ്ടതും കാണിക്കേണ്ടതും മാത്രം കാണുകയും അതിന്റെ അർഥവും ഭംഗിയും ഒപ്പിയെടുത്ത് ലോകത്തിന് സമ്മാനിക്കുകയും ചെയ്ത ആ മനുഷ്യന്റെ ചിരി അത്രമേൽ ശാന്തമായിരുന്നു എന്ന് ഞാനോർക്കുന്നു. അദ്ദേഹത്തിനൊപ്പംനിന്ന് വേണ്ടതു ചെയ്തുകൊടുക്കാൻ എന്റെ സംവിധാനസഹായി സങ്കല്പിനെ ഏൽപ്പിച്ച് ഞാനെന്റെ ജോലിയിലേക്ക് മടങ്ങി. ഒന്നുമാത്രം അദ്ദേഹത്തോട് ഞാൻ ആവശ്യപ്പെട്ടു: ഒരു ഒപ്പ്. ഷൂട്ടിങ്ങിന്റെ ഇടയിൽക്കിട്ടിയ ഒഴിവുസമയങ്ങളിൽ രഘുറായ് എന്തുചെയ്യുന്നു എന്ന് ഞാനൊളിഞ്ഞുനോക്കി. ഒരു ജാലവിദ്യക്കാരന്റെ കൈയടക്കത്തോടെ ക്യാമറെയെ കളിപ്പാട്ടംപോലെ കൈയിലിട്ട് കളിക്കുകയായിരുന്നു അദ്ദേഹം. ശിഷ്യകൾ ലോഡുചെയ്തുകൊടുക്കുന്ന വിവിധ ലെൻസുകളുള്ള ക്യാമറ വെടിയുതിർക്കുംപോലെ പല ദിശകളിൽനിന്ന് ആരെയും ഉപദ്രവിക്കാതെ ചിത്രങ്ങളെടുത്തുകൊണ്ടിരിക്കുന്നു. നടൻമാരെയും നടികളെയുമല്ല അവിടത്തെ അന്തരീക്ഷമാണ് അദ്ദേഹം പകർത്തിയത്. വിളക്കുകൾ അണയ്ക്കുകയും തെളിക്കുകയും ചെയ്യുന്നവരെയും ചായകൊടുക്കുന്നവരെയും എല്ലാമെല്ലാം രഘുറായ്യുടെ ക്യാമറ ആർത്തിയോടെ ഊറ്റിയെടുത്തുകൊണ്ടിരുന്നു.
അല്പം കഴിഞ്ഞപ്പോൾ സങ്കൽപ്പ് വന്നുപറഞ്ഞു അദ്ദേഹം പോയി എന്ന്. ഷൂട്ടിങ്ങിന്റെ തിരക്കിനിടയിൽ യാത്രപറഞ്ഞ് ഉപദ്രവിക്കാൻ പാടില്ല എന്ന് പറഞ്ഞുപോലും. എനിക്കു നൽകാൻ ഒരു ചെറിയ പുസ്തകം ചിത്രമെടുക്കാൻ അനുവാദം കൊടുത്തതിന്റെ ഉപകാരസ്മരണയായി സങ്കല്പിനെ ഏൽപ്പിച്ചു. അതിൽ ഇങ്ങനെ എഴുതിയിരുന്നു:
Thanks Priyadarshan. Raghurai
(ഒപ്പ്)
ചില പ്രതിഭകളെ നമ്മൾ അവരുടെ സംഭാവനകളിൽക്കൂടി മാത്രം അറിയുന്നു. കാരണം അങ്ങനെ അറിയപ്പെടാനാണ് അവർ ആഗ്രഹിക്കുന്നത്. അതിലാണവർ ആനന്ദം കണ്ടെത്തുന്നതും. മഹാനായ രഘുറായ് കൈയൊപ്പിട്ടുനൽകിയ അമൂല്യപുസ്തകം എന്റെ സ്വകാര്യ ലൈബ്രറിയിലെവിടെയോയുണ്ട്. ഇതെഴുതുന്നതിനുമുമ്പ് അതെടുത്തുനോക്കാനായി ഞാൻ ലൈബ്രറി കുഴച്ചുമറിച്ച് പരിശോധിച്ചു. കണ്ടെത്താനായില്ല. എവിടെയോ ഉണ്ട് എന്ന കാര്യം ഉറപ്പുമാണ്. ആവശ്യത്തിനായി തിരയുമ്പോൾ കിട്ടാതിരിക്കുക എന്നത് പുസ്തകത്തിന്റെ നിയോഗമാണ് എന്ന് എന്റെ മാനസഗുരുവായ എം.ടി. വാസുദേവൻ നായർ പറഞ്ഞിട്ടുണ്ട്. ആ പുസ്തകം എനിക്ക് തിരിച്ചുകിട്ടുമായിരിക്കും; കൊറോണക്കാലത്തിനുശേഷമുള്ള ആദ്യസമ്മാനമായി.
Content Highlights: Priyadarshan shares a personal anecdote from the 2004 set of his Hindi film 'Hulchul'., An encounter with world-renowned photographer Raghu Rai, who was mistaken for an intruder., Insights into the humility and artistic genius of Raghu Rai., The significance of preserving artistic memories during challenging times.
Published: 26 Apr 2026, 08:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented