പാലക്കാട്: സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന വി.ഡി. സതീശൻ സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ. അങ്ങനെ സംഭവിച്ചാൽ സ്വകാര്യബസിൽ കയറാൻ ആളുണ്ടാവില്ലെന്നും അത് പൊതുഗതാഗത സംവിധാനത്തെയാകെ തകർത്ത് ഇല്ലാതാക്കുമെന്നും ബസുടമകൾ ആരോപിച്ചു. ഇക്കാര്യം പുതിയ മുഖ്യമന്ത്രിയെ ബോധിപ്പിക്കുമെന്നും അനുകൂലമായ നടപടിയുണ്ടാവും എന്നാണ് വിശ്വാസമെന്നും അവർ പറഞ്ഞു.
'സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര അനുവദിച്ചാൽ പിന്നെ സ്വകാര്യ ബസിൽ കയറാൻ ആളുണ്ടാവില്ല. വിദ്യാർഥികൾ മാത്രമായിരിക്കും പിന്നെ ബസിൽ കയറുന്നത്. അതോടെ ഈ മേഖല തന്നെ ഇല്ലാതായിപ്പോകും. പൊതുഗതാഗത സംവിധാനത്തെ അപ്പാടെ തകർക്കുന്ന തീരുമാനവുമായി സർക്കാർ മുന്നോട്ടുപോവില്ല എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.' ബസ് ഉടമ ടി. ഗോപിനാഥൻ പറഞ്ഞു.
'കേരളത്തിലെ ഭൂരിഭാഗം ആളുകളും യാത്രയ്ക്കായി ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്. അതിൽ കെഎസ്ആർടിസിയുടെ പങ്കാളിത്തം 20 ശതമാനത്തിൽ താഴെമാത്രമാണ്. നിലവിലെ സാഹചര്യത്തിൽ, സംസ്ഥാനത്തിലെ പൊതുഗതാഗതം മൊത്തത്തിൽ ഏറ്റെടുത്ത് നടത്തിക്കൊണ്ട് പോകാൻ സർക്കാരിനാവില്ല. അതുകൊണ്ട് സ്വകാര്യ ബസുകളെ നിലനിർത്താനുള്ള ശ്രമംകൂടി സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം.'
'കേരളത്തിലെ ജനങ്ങളുടെ ഏറ്റവും ചെലവുകുറഞ്ഞ യാത്രാസംവിധാനമാണ് സ്വകാര്യ ബസുകൾ. സർക്കാർ സൗജന്യ യാത്ര അനുവദിച്ചാൽ പിറ്റേന്ന് മുതൽ സ്വകാര്യ ബസുകൾക്ക് ഡീസൽ അടിക്കാനോ ജീവനക്കാർക്ക് ശമ്പളം കൊടുക്കാനോ കഴിയാത്ത സ്ഥിതി വരും. അതാണ് വാസ്തവം, പക്ഷേ അതിന്റെ പേരിൽ സമരത്തിന് ഇറങ്ങാനൊന്നും ഞങ്ങൾ ആലോചിച്ചിട്ടില്ല.
ഈ വിഷയം സർക്കാരിനെ ബോധിപ്പിക്കും. സർക്കാരിന്റെ പരിപൂർണ നിയന്ത്രണത്തിൽ സർവീസ് നടത്തുന്ന വിഭാഗമാണ് സ്വകാര്യ ബസുകൾ. പെർമിറ്റ് തരുന്നതും, ബസിന്റെ സമയവും, റൂട്ടും നിശ്ചയിക്കുന്നത് സർക്കാരാണ്. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ തീരുമാനിക്കുന്നത് സർക്കാരാണ്. അതിലെല്ലാമുപരി യാത്രാനിരക്ക് നിശ്ചയിക്കുന്നത് സർക്കാരാണ്. അങ്ങനെ ഒരു മേഖലയെ പെട്ടെന്ന് തകർത്തുകളയുന്ന തീരുമാനം സർക്കാർ കൈക്കൊള്ളില്ല എന്നാണ് വിശ്വാസം.
'ഈ ആശങ്കകളെല്ലാം നേരത്തെ തന്നെ പങ്കുവെച്ചിട്ടുള്ളതാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് നടത്തിയ പുതുയുഗ യാത്രയിൽവെച്ച് അദ്ദേഹത്തോട് ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ പങ്കുവെച്ചിരുന്നു. ഇനി, എത്രയും വേഗം ഞങ്ങളുടെ ആശങ്കകൾ പുതിയ മുഖ്യമന്ത്രിയേയും ഗതാഗത മന്ത്രിയേയും അറിയിക്കും. അവരുടെ ഭാഗത്തുനിന്നും അനുകൂലമായ നടപടിയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.' ഗോപിനാഥൻ പറഞ്ഞു.
Content Highlights: Private bus operators fear financial collapse due to KSRTC free travel for women. Bus owners argue private buses handle the majority of Kerala's public transport. Representatives plan to present concerns to the new Chief Minister and Transport Minister. Owners highlight that the government controls permits, fares, and operational routes.
Published: 18 May 2026, 05:01 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented