തിരുവനന്തപുരം: ഹയർ സെക്കൻഡറി ചോദ്യക്കടലാസ് സൂക്ഷിച്ച മുറിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട സ്‌കൂൾ പ്രിൻസിപ്പലിനെയും മറ്റു രണ്ടുപേരെയും പൊതുവിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ്‌ ചെയ്തു. അമരവിള എൽഎംഎസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ റോയി ബി. ജോൺ, പേരിക്കോണം എൽഎംഎസ് യുപി സ്‌കൂളിലെ ഓഫീസ് ജീവനക്കാരൻ ലെറിൻ ഗിൽബർട്ട് എന്നിവർക്കെതിരേയാണ് നടപടി.

To advertise here,

കഴിഞ്ഞ ബുധനാഴ്ച രാത്രി പത്തുമണിക്കു ശേഷമാണ് പ്രിൻസിപ്പലിനെ മറ്റു രണ്ടുപേർക്കൊപ്പം സ്കൂളിൽ നാട്ടുകാർ തടഞ്ഞുവെച്ചത്. ഇതുസംബന്ധിച്ച് പിടിഎ പ്രസിഡന്റ് പരാതി നൽകി. സാധാരണ ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യക്കടലാസ് സൂക്ഷിക്കുന്നതടക്കമുള്ള ചുമതലകൾ പ്രിൻസിപ്പലിനാണ്. എന്നാൽ, റോയ് ബി. ജോൺ അപേക്ഷ നൽകി പരീക്ഷാ ചുമതലകളിൽനിന്ന്‌ ഒഴിവായിരുന്നു.

റോയ് ബി. ജോൺ അതിനുശേഷവും അരുമാളൂർ എൽഎംഎസ് എൽപി സ്‌കൂളിലെ അറബിക് അധ്യാപകൻ ഷംനാദിനെ ഇൻവിജിലേറ്ററായി നിയമിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിനു പുറമേ, പേരിക്കോണം എൽഎംഎസ് യുപി സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റ് ലെറിൻ ഗിൽബർട്ടിനെ രാത്രികാല കാവലിന് അനധികൃതമായി നിയമിച്ചതായും കണ്ടെത്തി.

പ്രിൻസിപ്പലിന്റെ പ്രവൃത്തികൾ കൂടുതൽ സംശയാസ്പദമായ സാഹചര്യങ്ങൾക്ക് ഇടനൽകുന്നതാണെന്നു കണ്ടെത്തിയാണ് നടപടി. സംഭവത്തെക്കുറിച്ച് തിരുവനന്തപുരം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ(ആർഡിഡി) കെ.സുധ പ്രാഥമികാന്വേഷണവും നടത്തി.