പ്രവീൺ റാണ | Screengrab: Mathrubhumi News
കോയമ്പത്തൂര്‍: നൂറുകോടിയുടെ തട്ടിപ്പുനടത്തി പോലീസിനെ വെട്ടിച്ച് കടന്ന സേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണയെ പിടികൂടിയത് പൊള്ളാച്ചിയിലെ കരിങ്കല്‍ ക്വാറിയില്‍നിന്ന്. ദേവരായപുരത്തെ ക്വാറിയില്‍ ഒരു തൊഴിലാളിയുടെ കുടിലില്‍ സ്വാമിയുടെ വേഷത്തില്‍ ഒളിച്ചുകഴിയുകയായിരുന്നു പ്രവീണ്‍.
പെരുമ്പാവൂര്‍ സ്വദേശിയായ ഒരാളാണ് പ്രവീണിന് ഒളിയിടം ഒരുക്കിക്കൊടുത്തത്. ഇതര സംസ്ഥാന തൊഴിലാളികളില്‍ ഒരാളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പ്രവീണ്‍ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നു. ഇതുവഴിയാണ് ഇയാളുടെ ഒളിവിടത്തെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. സ്ഥലത്തെത്തിയ പോലീസ് ബലംപ്രയോഗിച്ചാണ് പ്രവീണിനെ കീഴ്പ്പെടുത്തിയതെന്നാണ് വിവരം. പ്രവീണിനെ തൃശ്ശൂരിലെത്തിച്ചു.
ജനുവരി ആറിനാണ് തൃശ്ശൂര്‍ പോലീസിനെ വെട്ടിച്ച് പ്രവീണ്‍ കൊച്ചിയില്‍നിന്ന് രക്ഷപ്പെട്ടത്. പോലീസ് സംഘം, എറണാകുളത്ത് ഇയാള്‍ താമസിച്ചിരുന്ന ചിലവന്നൂരിലെ ഫ്ളാറ്റിലെത്തിയതിന് ശേഷമായിരുന്നു പ്രവീണ്‍ രക്ഷപ്പെട്ടത്. ദിവസങ്ങളായി തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം പ്രവീണിനെ തേടി കൊച്ചിയിലുണ്ടായിരുന്നു. കൊച്ചി സിറ്റി പോലീസിനെ അറിയിക്കാതെയായിരുന്നു അവരുടെ പരിശോധന. പോലീസ് സംഘം പ്രവീണിന്റെ ഫ്ളാറ്റിലേക്ക് ലിഫ്റ്റില്‍ കയറുമ്പോള്‍ മറ്റൊരു ലിഫ്റ്റിലൂടെ ഇയാള്‍ പുറത്തു കടക്കുകയായിരുന്നു.
ഫ്ളാറ്റില്‍നിന്ന് ഇയാള്‍ പോകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. രക്ഷപ്പെട്ട റാണ കാറില്‍ ചാലക്കുടി ഭാഗത്തേക്ക് പോയെന്ന് വിവരം ലഭിച്ചെങ്കിലും ചാലക്കുടിയില്‍ ഈ വാഹനം പോലീസ് തടഞ്ഞപ്പോള്‍ പ്രവീണ്‍ ഇല്ലായിരുന്നു. ഒളിവില്‍ കഴിയവെ ഇതര സംസ്ഥാന തൊഴിലാളിയുടെ ഫോണില്‍ നിന്ന് വീട്ടുകാരെ വിളിച്ചതാണ് വഴിത്തിരിവായത്.
'സേഫ് ആന്‍ഡ് സ്ട്രോങ് നിധി' എന്ന പണമിടപാട് സ്ഥാപനം വഴി നൂറു കോടി രൂപ തട്ടിയെടുത്തുവെന്നാണ് പ്രവീണിനെതിരായ കേസ്. 18 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 11 കേസുകള്‍ തൃശ്ശൂര്‍ ഈസ്റ്റ് സ്റ്റേഷനിലും അഞ്ചെണ്ണം വെസ്റ്റ് സ്റ്റേഷനിലും ഒരെണ്ണം കുന്നംകുളം സ്റ്റേഷനിലുമാണ്. ഒരു ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരായിരുന്നു പരാതിക്കാര്‍.
Content Highlights: praveen rana arrest, kerala police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..