തിരുവനന്തപുരം: 'പോറ്റിയേ... കേറ്റിയേ...' തിരഞ്ഞെടുപ്പ് പാരഡിഗാനത്തിനെതിരേ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്‌തേക്കും. തിരുവനന്തപുരം സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഗാനരചയിതാവ് കുഞ്ഞുപിള്ള (ജി.പി. കുഞ്ഞബ്ദുള്ള എന്നാണ് പേരെങ്കിലും കുഞ്ഞുപിള്ളയെന്നാണ് എഫ്ഐ ആറില്‍ ചേര്‍ത്തിരിക്കുന്നത്), ഗായകന്‍ ഡാനിഷ്, പാട്ട് ചിത്രീകരിച്ച സിഎംഎസ് മീഡിയ, നിര്‍മാതാവ് സുബൈര്‍ പന്തല്ലൂര്‍ എന്നിവരാണ് പ്രതികള്‍. ഇവരെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് സൂചന. വിദേശത്തുള്ള ഗാനരചയിതാവ് ജോലിചെയ്യുന്ന കമ്പനിക്ക് ഇതുസംബന്ധിച്ച് പോലീസ് കത്ത് നല്‍കിയേക്കുമെന്നും സൂചനയുണ്ട്.

To advertise here,

അതിനിടെ, കേസിലെ പരാതിക്കാരനായ പ്രസാദ് കുഴിക്കാലയുടെ വിശദമായ മൊഴിയെടുക്കാനായി പോലീസ് നടപടികള്‍ ആരംഭിച്ചു. റാന്നി സ്വദേശിയായ പ്രസാദ് കുഴിക്കാലയെ കഴിഞ്ഞദിവസം സൈബര്‍ പോലീസ് ബന്ധപ്പെട്ടിരുന്നു. എത്രയുംവേഗം മൊഴി നല്‍കാന്‍ ഹാജരാകാന്‍ കഴിയുമോയെന്ന് തിരക്കി. എന്നാല്‍, മുന്‍നിശ്ചയപ്രകാരമുള്ള യാത്രകളുണ്ടെന്നും പറ്റിയാല്‍ ശനിയാഴ്ച നേരിട്ടെത്തി മൊഴി നല്‍കാമെന്നുമാണ് ഇദ്ദേഹം അറിയിച്ചത്.

തന്റെ പരാതിക്ക് പിന്നില്‍ രാഷ്ട്രീയമില്ലെന്നാണ് പ്രസാദ് കുഴിക്കാല കഴിഞ്ഞദിവസം പറഞ്ഞിരുന്നത്. ശബരിമല ഭക്തനെന്നനിലയിലാണ് ഡിജിപിക്ക് പരാതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

അയ്യപ്പന്റെ പേരുപയോഗിച്ച് മതവികാരത്തെ അപമാനിച്ചും മതവിശ്വാസികളില്‍ വിദ്വേഷം വളര്‍ത്തുന്നരീതിയിലും പാട്ടുണ്ടാക്കി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് കുറ്റാരോപണം. അയ്യപ്പഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപമാനിച്ചെന്നും മതസൗഹാര്‍ദം ഇല്ലാതാക്കുന്നവിധത്തില്‍ സമൂഹത്തില്‍ സമാധാനപ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചെന്നും പോലീസിന്റെ പ്രഥമവിവര റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

റാന്നി തിരുവാഭരണപ്പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി എന്നനിലയിലാണ് പ്രസാദ് കുഴിക്കാല പരാതി നല്‍കിയത്. എന്നാല്‍, ഇത്തരമൊരു പരാതി സമിതിക്കില്ലെന്ന വാദവുമായി അതേപേരിലുള്ള മറ്റൊരു സംഘടനയും രംഗത്തെത്തിയിട്ടുണ്ട്. ഗാനം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേയും നടപടിയുണ്ടാകും. പരാതി സൈബര്‍ ഓപ്പറേഷന്‍സ് എസ്പി അങ്കിത് അശോകാണ് പരിശോധിച്ചത്. അതിനിടെ, മലപ്പുറം താനാളൂര്‍ പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ ഇതേ ഗാനത്തിന് സിപിഎം പാരഡിയൊരുക്കിയെന്ന് ആരോപണമുണ്ട്.

മതവികാരം വ്രണപ്പെടുത്തിയിട്ടില്ല

ഭാരതീയ ന്യായ സംഹിതയുടെ 299-ാം വകുപ്പനുസരിച്ച് മതവികാരം വ്രണപ്പെടുത്തിയതിനു കേസെടുക്കാന്‍ കഴിയില്ല. അയ്യപ്പസ്വാമിയെക്കുറിച്ചോ ശബരിമലയുടെ വിശ്വാസപ്രമാണങ്ങളെക്കുറിച്ചോ ഇകഴ്ത്തിപ്പാടുകയാണെങ്കില്‍ മാത്രമേ മതവികാരം വ്രണപ്പെടുത്തലാവൂ. ഈ പാട്ട് ഇന്ത്യന്‍ ഭരണഘടനയുടെ 19 (1) (എ) പ്രകാരമുള്ള അഭിപ്രായ ആവിഷ്‌കാരസ്വാതന്ത്ര്യം മാത്രമല്ല, 25-ാം വകുപ്പുപ്രകാരമുള്ള ആരാധനാസ്വാതന്ത്ര്യവും കൂടിയാണ്.

-അഡ്വ. എം.ആര്‍. അഭിലാഷ് , സുപ്രീംകോടതി അഭിഭാഷകന്‍