തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള പശ്ചാത്തലമാക്കിയുള്ള 'പോറ്റിയേ കേറ്റിയേ...' എന്ന പാരഡിപ്പാട്ടിനെച്ചൊല്ലി രാഷ്ട്രീയവിവാദങ്ങള്‍ക്കൊടുവില്‍ കേസ്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുവേണ്ടി വാതോരാതെ സംസാരിക്കുന്ന ഇടതുസര്‍ക്കാരിന്റെ കാലത്ത് പാരഡിപ്പാട്ടിന്റെ അണിയറപ്രവര്‍ത്തകരുടെപേരില്‍ കേസെടുത്തതില്‍ വിമര്‍ശനം ഉയരുകയാണ്.

To advertise here,

അയ്യപ്പന്റെ പേരുപയോഗിച്ച് മതവികാരത്തെ അപമാനിച്ചും മതവിശ്വാസികളില്‍ വിദ്വേഷം വളര്‍ത്തുന്നരീതിയിലും പാട്ടുണ്ടാക്കി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നാണ് കുറ്റാരോപണം. അയ്യപ്പഭക്തിഗാനത്തെയും ശരണമന്ത്രത്തെയും അപമാനിച്ചെന്നും മതസൗഹാര്‍ദം ഇല്ലാതാക്കുന്നവിധത്തില്‍ സമൂഹത്തില്‍ സമാധാനപ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചെന്നും പ്രഥമവിവര റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

തിരുവനന്തപുരം സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഗാനരചയിതാവ് കുഞ്ഞുപിള്ള (ജി.പി. കുഞ്ഞബ്ദുള്ള എന്നാണ് പേരെങ്കിലും കുഞ്ഞുപിള്ളയെന്നാണ് എഫ്ഐ ആറില്‍ ചേര്‍ത്തിരിക്കുന്നത്), ഗായകന്‍ ഡാനിഷ്, പാട്ട് ചിത്രീകരിച്ച സിഎംഎസ് മീഡിയ, നിര്‍മാതാവ് സുബൈര്‍ പന്തല്ലൂര്‍ എന്നിവര്‍ക്കെതിരേയാണ് കേസ്. റാന്നി തിരുവാഭരണപ്പാത സംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി പ്രസാദ് കുഴിക്കാല നല്‍കിയ പരാതിയിലാണ് പോലീസ് നടപടി. എന്നാല്‍, ഇത്തരമൊരു പരാതി സമിതിക്കില്ലെന്ന വാദവുമായി അതേപേരിലുള്ള മറ്റൊരു സംഘടനയുടെ ഭാരവാഹികളും രംഗത്തെത്തിയിട്ടുണ്ട്.

ഗാനം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേയും നടപടിയുണ്ടാകും. പരാതി സൈബര്‍ ഓപ്പറേഷന്‍സ് എസ്പി അങ്കിത് അശോകാണ് പരിശോധിച്ചത്. അതിനിടെ, മലപ്പുറം താനാളൂര്‍ പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ ഇതേ ഗാനത്തിന് സിപിഎം പാരഡിയൊരുക്കിയെന്ന് ആരോപണമുണ്ട്.

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും ധ്രുവീകരണത്തിന് ഇടയാക്കുംവിധം പാട്ട് ഉപയോഗിച്ചെന്നാണ് സിപിഎം കുറ്റപ്പെടുത്തല്‍. തിരഞ്ഞെടുപ്പ് കമ്മിഷനെയും സമീപിക്കാനാണ് സിപിഎം നീക്കം. ബിജെപിയും ഈ പാട്ട് പ്രചാരണത്തിന് ഉപയോഗിച്ചിട്ടുണ്ടെങ്കിലും വിമര്‍ശനത്തില്‍ സിപിഎം അക്കാര്യം പറയുന്നില്ല.

ശബരിമല സ്വര്‍ണക്കൊള്ളയ്‌ക്കെതിരേ എഴുത്തുകാരന്റെ സര്‍ഗാത്മക പ്രതിഷേധമാണ് പാട്ടെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

മതവികാരം വ്രണപ്പെടുത്തിയിട്ടില്ല

ഭാരതീയ ന്യായ സംഹിതയുടെ 299-ാം വകുപ്പനുസരിച്ച് മതവികാരം വ്രണപ്പെടുത്തിയതിനു കേസെടുക്കാന്‍ കഴിയില്ല. അയ്യപ്പസ്വാമിയെക്കുറിച്ചോ ശബരിമലയുടെ വിശ്വാസപ്രമാണങ്ങളെക്കുറിച്ചോ ഇകഴ്ത്തിപ്പാടുകയാണെങ്കില്‍ മാത്രമേ മതവികാരം വ്രണപ്പെടുത്തലാവൂ. ഈ പാട്ട് ഇന്ത്യന്‍ ഭരണഘടനയുടെ 19 (1) (എ) പ്രകാരമുള്ള അഭിപ്രായ ആവിഷ്‌കാരസ്വാതന്ത്ര്യം മാത്രമല്ല, 25-ാം വകുപ്പുപ്രകാരമുള്ള ആരാധനാസ്വാതന്ത്ര്യവും കൂടിയാണ്

 

അഡ്വ. എം.ആര്‍. അഭിലാഷ് , സുപ്രീംകോടതി അഭിഭാഷകന്‍