തൃശ്ശൂർ: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനു മുമ്പും ശേഷവും വൻതോതിൽ പ്രചരിച്ച ‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡിഗാനത്തിന് സിപിഎം, ബിജെപി പതിപ്പും. സാമൂഹികമാധ്യമങ്ങളിൽ ഇത് വ്യാപകമായി. ഇതുവരെ പ്രചരിച്ചത് കോൺഗ്രസ് ആശയത്തോട്‌ ചേർന്നുനിൽക്കുന്ന പാട്ടാണെങ്കിൽ പുതിയത് സിപിഎം, ബിജെപി അഭിപ്രായം പങ്കുവയ്ക്കുന്നവയാണ്.

To advertise here,

‘പോറ്റിയെ ജയിലിൽ കയറ്റിയത് പിണറായി വിജയൻ സർക്കാർ, പോറ്റിയെ പോറ്റിവളർത്തിയത് യുഡിഎഫിൻ സർക്കാർ’ തുടങ്ങിയ വരികളാണ് സിപിഎം പതിപ്പിൽ. സോണിയാഗാന്ധിയുമായി പോറ്റിക്കുള്ള ബന്ധവും ഇതിൽ പറയുന്നുണ്ട്. ശബരിമലയിലെ സ്വർണക്കവർച്ചയിൽ സിപിഎമ്മിനും കോൺഗ്രസിനും പങ്കുണ്ട് എന്നു പറയുന്നതാണ് ഇതിന്റെ ബിജെപി പതിപ്പ്.

‘കട്ടത് മുഴുവൻ കോൺഗ്രസ്, വിറ്റത് മുഴുവൻ കാനഡയിൽ’ എന്ന മറ്റൊരു സിപിഎം പാരഡിയും സാമൂഹികമാധ്യമത്തിൽ പ്രചരിക്കുന്നുണ്ട്. ‘സ്വർണം കട്ടത് ആരപ്പാ.. കോൺഗ്രസാണേ പൊന്നപ്പാ’ എന്ന വരികളും പ്രചരിക്കുന്നുണ്ട്. മറുപടിഗാനം എന്ന നിലയിൽത്തന്നെയാണ് ഇതിൽ പലതും പ്രചരിക്കുന്നത്. എഐ വീഡിയോകൂടി ചേർത്താണ് ചിലർ സ്വർണപ്പാട്ട് ഇറക്കുന്നത്. മുഖ്യമന്ത്രിയും പോറ്റിയും ചേർന്ന് സ്വർണം ഉരുക്കുന്നതും മറ്റും ചിത്രീകരിച്ചിരിക്കുന്നു.

ഓരോ ദിവസത്തെയും വിഷയങ്ങൾ കൂട്ടിച്ചേർത്ത് സ്വർണപ്പാരഡി വിപുലപ്പെടുത്തുന്ന രീതിയുമുണ്ട്. ഏറ്റവും ഒടുവിൽ ആന്റണി രാജുവിനെതിരായ വിധിയെ പരാമർശിച്ച് ‘ജെട്ടി കട്ടത് ആരപ്പാ, സഖാക്കളാണേ അയ്യപ്പാ’ എന്ന വരികൂടി കൂട്ടിച്ചേർത്തുകൊണ്ടുള്ള പുതുക്കലും വന്നുകഴിഞ്ഞു. ടി.പി. ചന്ദ്രശേഖരനെ കൊന്നതും ഷാഫിക്കെതിരേ റോഡിലുണ്ടായ കൈയേറ്റശ്രമവും എല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള പാരഡി നേരത്തേ പുറത്തിറങ്ങിയിരുന്നു.

ഗൾഫ് കുടിയേറ്റം ശക്തമായിരുന്ന സമയത്ത് പ്രചരിച്ച കത്തുപാട്ട് രീതിയിലുള്ള സ്വർണപ്പാട്ടുകളും വരുന്നുണ്ട്. ശബരിമല സ്വർണമോഷണത്തിൽ അറസ്റ്റിലായ എൻ. വാസു ജയിലിൽ ഇരുന്നുകൊണ്ട് മുഖ്യമന്ത്രിക്ക് കത്തെഴുതുന്ന രൂപത്തിലായിരുന്നു ഇതിലൊന്ന്. മുഖ്യമന്ത്രി വാസുവിന് മറുപടി നൽകുന്നതും പിന്നീട് പാട്ടായി വന്നു.

പല പാട്ടുകളുടെയും പാരഡിരൂപത്തിൽ സ്വർണപ്പാട്ട് നേരത്തേത്തന്നെ വന്നിരുന്നു. ഇത് ഇപ്പോഴും നിലച്ചിട്ടില്ലെന്നതിന്റെ സൂചനയാണിത്. സ്വർണപ്പാട്ട് ഗാനമേളകളിൽ വരെ പാടിത്തുടങ്ങിയതിന്റെ വീഡിയോകളും സാമൂഹികമാധ്യമങ്ങളിലുണ്ട്.