തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റായപ്പോള്‍ തന്റെ വാര്‍ഡില്‍ ആദ്യമായി ഗ്രാമസഭ നടക്കുന്ന വിവരം ജനങ്ങളുടെ അകമ്പടിയോടെ ഗ്രാമവഴികളിലൂടെ ചെണ്ടകൊട്ടി അറിയിച്ചത് പലപ്പോഴും അവര്‍ പറഞ്ഞിട്ടുണ്ട്.

കാനത്തിൽ ജമീല | Photo: Mathrubhumi
കോഴിക്കോട്ടെ മലയോര മേഖലയായ കുറ്റ്യാടിയില്‍നിന്ന് കുഞ്ഞുന്നാളിലെ കിട്ടിയ രാഷ്ട്രീയചൂരായിരുന്നു കാനത്തില്‍ ജമീലയെന്ന സിപിഎം നേതാവിന്റെ രാഷ്ട്രീയ കരുത്ത്. അതിന്റെ ആദ്യപാഠമായിരുന്നു ബാപ്പ ടി.കെ.കെ. അബ്ദുള്ളയുടെ ജീവിതം. അടിയന്തരാവസ്ഥക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്‍നിരയിലുണ്ടായിരുന്ന നേതാവായിരുന്നു ജമീലയുടെ പിതാവ് ടി.കെ.കെ. അബ്ദുള്ള. നേതാക്കളെ ഒളിവില്‍ പാര്‍പ്പിക്കാനും സഹായിക്കാനും ബാപ്പയും ബാപ്പയുടെ സഹോദരി കുഞ്ഞാമിയെല്ലാം ഓടി നടന്നത് തന്റെ ഓര്‍മകളിലുണ്ടായിരുന്നുവെന്നും ഒരുപക്ഷെ അതായിരിക്കാം പിന്നീട് തന്നെ രാഷ്ട്രീയവഴിയിലേക്ക് നയിച്ചതെന്നും കാനത്തില്‍ ജമീല പറയാറുണ്ടായിരുന്നു.
Read more: കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
ഒമ്പതാം തരത്തില്‍ പഠിക്കുമ്പോള്‍ എസ്എഫ്ഐയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ചതാണ് ജമീലയുടെ ആദ്യ തിരഞ്ഞെടുപ്പനുഭവം. വിവാഹശേഷം കോഴിക്കോട്ടെ തലക്കുളത്തൂരിലെത്തിയതോടെ അവിടുത്തെ വീട്ടുകാരും സജീവ പാര്‍ട്ടി പ്രവര്‍ത്തകരായത് രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോവാന്‍ ജമീലയെ സഹായിച്ചു.
തലക്കുളത്തൂരില്‍ ഭര്‍ത്താവ് അബ്ദുറഹ്മാന്റെ വീട്ടില്‍ ഉമ്മയുള്‍പ്പെടെ മുഴുവന്‍ പേരും സജീവ പാര്‍ട്ടി പ്രവര്‍ത്തകയായിരുന്നു. അങ്ങനെയാണ് ത്രിതല പഞ്ചായത്ത് നിലവില്‍ വന്ന 1995-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞടുപ്പില്‍ തലക്കുളത്തൂരില്‍ നിന്ന് ആദ്യമായി ജനവിധി തേടുന്നത്. അത്തവണ തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റുമായി.
അന്നുവരെ നാട്ടുകാര്‍ക്ക് പരിചയമില്ലാതിരുന്ന ഗ്രാമസഭകള്‍, അയല്‍ക്കൂട്ടങ്ങള്‍, വികസന സെമിനാറുകള്‍ എന്നിവയെല്ലാം ജനങ്ങളെ പരിചയപ്പെടുത്തുക എന്ന വലിയ ദൗത്യവുമായി നാട്ടുകാരിലേക്കിറങ്ങിയ ജമീല പിന്നീട് കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കൊയിലാണ്ടിയുടെ എംഎല്‍എയുമായി.
തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റായപ്പോള്‍ തന്റെ വാര്‍ഡില്‍ ആദ്യമായി ഗ്രാമസഭ നടക്കുന്ന വിവരം ജനങ്ങളുടെ അകമ്പടിയോടെ ഗ്രാമവഴികളിലൂടെ ചെണ്ടകൊട്ടി അറിയിച്ചത് പലപ്പോഴും അവര്‍ പറഞ്ഞിട്ടുണ്ട്. മണ്ണെണ്ണ വിളക്കുമാത്രമുണ്ടായിരുന്ന തലക്കുളത്തൂരിലെ ഗ്രാമത്തില്‍ ജനങ്ങളുടെ സഹായത്തോടെ പോസ്റ്റുനാട്ടി വൈദ്യുതി വലിച്ചതും, വീടും ശൗചാലയവുമൊന്നുമില്ലാത്തവര്ക്ക് ഗ്രാമസഭകളിലൂടെയും മറ്റും പരിഹാരം കണ്ടതുമെല്ലാം അന്ന് ജനങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഇതിനുശേഷം 1997-ല്‍ ആണ് പാര്‍ട്ടി അംഗത്വം പോലും ലഭിച്ചത്. അക്കാലത്ത് ജനാധിപത്യ മഹിളാ അസോസിയേഷന് ഏരിയ കമ്മിറ്റി പ്രസിഡന്റുമായിരുന്നു.
2005-ലാണ് ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായത്. 2010-ല്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. അക്കാലത്താണ് വൃക്കരോഗികളുടെ പരിപാലനത്തിനും ചികിത്സയ്ക്കുമായുള്ള സ്നേഹസ്പര്‍ശം പദ്ധതിക്ക് തുടക്കമിടുന്നത്. ഇത് കരുതലിന്റെ പുതിയ പേര് തന്നെ കാനത്തില്‍ ജമീലയ്ക്ക് നല്കി. വൃക്കരോഗികള്‍ക്ക് 3000 രൂപ ധനസഹായം, തിരഞ്ഞെടുക്കപ്പെടുന്ന രോഗികള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന മരുന്നുകള്‍ സൗജന്യമായി നല്‍കുക എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായിരുന്നു. 2020-ല്‍ രണ്ടാം തവണയും കാനത്തില്‍ ജമീലയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഏല്‍പ്പിക്കാന്‍ പാര്‍ട്ടിക്ക് മറിച്ചൊരു ചിന്തയില്ലാതിരുന്നത് ജമീലയുടെ ജനകീയത തന്നെയായിരുന്നു. നന്മണ്ട ഡിവിഷനില്‍ നിന്നും 8094 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അത്തവണ അവര്‍ ജയിച്ചുകയറിത്.
2021-ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ കൊയിലാണ്ടിയെ നയിക്കാനും ജമീലയെ പാര്‍ട്ടി തിരഞ്ഞെടുത്തത് ജമീലയുടെ അനുഭവപരിചയമാണ്. തദ്ദേശത്തില്‍ തുടങ്ങി നിയമസഭയിലും വെന്നിക്കൊടി പാറിക്കുന്ന ജമീലയെയാണ് പിന്നീട് കണ്ടത്. അന്ന് 8472 വോട്ടിനാണ് കോണ്‍ഗ്രസിന്റെ എന്‍. സുബ്രഹ്മണ്യനെ ജമീല പരാജയപ്പെടുത്തിയത്. പഞ്ചായത്തിലും ബ്ലോക്കിലും ജില്ലാ പഞ്ചായത്തിലും നിയമസഭയിലും മത്സരിച്ച് വിജയിച്ച വ്യക്തിയെന്ന അപൂര്‍വനേട്ടവും അങ്ങനെ ജമീലയ്ക്ക് ലഭിച്ചു. ആകെ പോള്‍ ചെയ്ത 1,61,592 വോട്ടില്‍ 75628 വോട്ടുകളാണ് 2021-ല്‍ ജമീലയ്ക്ക് ലഭിച്ചത്. 15 വര്‍ഷത്തോളം സിപിഎം തുടര്‍ച്ചയായി വിജയിച്ചിരുന്ന മണ്ഡലം കാത്തുസൂക്ഷിക്കുകയെന്ന വലിയ ദൗത്യമായിരുന്നു ജമീലയെ അന്ന് പാര്‍ട്ടി ഏല്പിച്ചത്. ആ ദൗത്യം അവര്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. അത്തോളി ചോയികുളം സ്വദേശിനിയാണ് കാനത്തില്‍ ജമീല. ഭര്‍ത്താവ് കാനത്തില്‍ അബ്ദുറഹ്മാന്, മക്കള്‍: അയ്റീജ് റഹ്മാന്, അനൂജ.
Content Highlights: political life of kanathil jameela
Published: 29 Nov 2025, 09:17 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented