തിരുവനന്തപുരം: അര്‍ധരാത്രി പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച് പ്രതിഷേധം. തിരുവനന്തപുരം ശ്രീകാര്യം പോലീസ് സ്‌റ്റേഷനാണ് എം.എൽ.എമാരായ ചാണ്ടി ഉമ്മൻ, എം. വിൻസന്റ് എന്നിവരുടെ നേതൃത്വത്തില്‍ ഉപരോധിച്ചത്. കെ.എസ്.യു തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി സാന്‍ജോസിനെ മർദിച്ച എസ്.എഫ്.ഐ നേതാക്കൾക്കെതിരെ  കേസെടുത്തില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. 

To advertise here,

പ്രതിഷേധത്തിനിടെ എം. വിന്‍സന്റ് എം.എല്‍.എയും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കാറിൽ വന്നിറങ്ങിയ തന്നെ എസ്.എഫ്.ഐ പ്രവർത്തകർ കൈയ്യേറ്റം ചെയ്തുവെന്ന് വിൻസന്റ് പറഞ്ഞു. പോലീസിന് മുന്നിൽ വെച്ച് ആക്രമിച്ചിട്ടും നടപടി എടുത്തില്ലെന്നും അദ്ദേഹം ആരോപിച്ചു. 

അതിനിടെ, സമരം നടക്കുന്നതറിഞ്ഞെത്തിയ എം.വിൻസെന്റ് എം.എൽ.എ. ഉൾപ്പെടെയുള്ള നേതാക്കളെ എസ്.എഫ്.ഐ. പ്രവർത്തകർ തടഞ്ഞുവെന്നാരോപിച്ച് കെ.എസ്.യു.-എസ്.എഫ്.ഐ. പ്രവർത്തകർ തമ്മിലും സംഘർഷമുണ്ടായി. ബുധനാഴ്ച പുലർച്ചെ രണ്ടോടെയാണ് ഉപരോധം അവസാനിപ്പിച്ചതായി പ്രതിഷേധക്കാർ അറിയിച്ചത്. 

കെ.എസ്.യു. ജില്ലാ ജോയിന്റ് സെക്രട്ടറിയും കാംപസിലെ വിദ്യാർഥിയുമായ സാൻ ജോസിനാണ് മർദനമേറ്റത്. എസ്.എഫ്.ഐ.നേതാവും സെനറ്റ് അംഗവുമായ അജന്ത് അജയ്യുടെ നേതൃത്വത്തിൽ മർദിച്ചുവെന്നാണ് പരാതി. ചൊവ്വാഴ്ച രാത്രി കാംപസിൽ വന്ന സാൻ ജോസിനെ ഒരു സംഘം ഹോസ്റ്റലിലെ മുറിയിൽ കൂട്ടിക്കൊണ്ടു പോയി മർദിക്കുകയായിരുന്നു. വിദ്യാർഥികളാണ് വിവരം പോലീസിൽ അറിയിച്ചത്. സാൻജോസ് നിലവിൽ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.