വടകര: പേരാമ്പ്ര സംഘര്‍ഷത്തില്‍ ഗ്രനേഡ് പൊട്ടി വടകര ഡിവൈഎസ്പിക്ക് പരിക്കേറ്റതിന് പിന്നാലെ കോഴിക്കോട് റൂറല്‍ ജില്ലയിലെ പോലീസ് സേനയ്ക്ക് ഗ്രനേഡ് കൈകാര്യംചെയ്യുന്നതില്‍ തീവ്രപരിശീലനം. കൊയിലാണ്ടി എആര്‍ ക്യാമ്പില്‍ വെള്ളിയാഴ്ച പരിശീലനം തുടങ്ങി. റൂറല്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളില്‍ നിന്നും ട്രാഫിക് സ്റ്റേഷനുകളില്‍നിന്നും കണ്‍ട്രോള്‍ റൂമുകളില്‍നിന്നുമെല്ലാം പോലീസുകാരെത്തി. ശേഷിക്കുന്നവര്‍ക്ക് വെള്ളിയാഴ്ചകളില്‍ പരിശീലനം തുടരും.
പേരാമ്പ്രയില്‍ പത്തിന് വൈകീട്ടുണ്ടായ സംഘര്‍ഷത്തിലാണ് വടകര ഡിവൈഎസ്പി ആര്‍. ഹരിപ്രസാദിന് ഗ്രനേഡ് പൊട്ടി കൈക്ക് പരിക്കേറ്റത്. സംഘര്‍ഷസമയത്ത് ഇദ്ദേഹത്തിന്റെ കൈവശം ഗ്രനേഡുണ്ടായിരുന്നു. സംഘര്‍ഷത്തിനിടെ ഉന്തും തള്ളുമുണ്ടായപ്പോള്‍ ഈ ഗ്രനേഡ് പൊട്ടിയാണ് അപകടമുണ്ടായതെന്നാണ് നിഗമനം. ഗ്രനേഡ് കൈകാര്യംചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ ഉണ്ടാകണമെന്ന വിലയിരുത്തലിലാണ് എസ്എച്ച്ഒമാരും എസ്ഐമാരും ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിശീലനം നല്‍കിയത്.
വടകര, പേരാമ്പ്ര, താമരശ്ശേരി, നാദാപുരം സബ്ഡിവിഷനുകളില്‍നിന്നും നാദാപുരം, വടകര, കണ്‍ട്രോള്‍ റൂമുകള്‍, വടകര, കൊയിലാണ്ടി, നാദാപുരം ട്രാഫിക് യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള പോലീസുകാര്‍ വെള്ളിയാഴ്ച പരിശീലനത്തില്‍ പങ്കെടുത്തു.
പേരാമ്പ്ര സംഭവത്തിനുപിന്നാലെ നടന്ന പരിശീലനം സാമൂഹികമാധ്യമങ്ങളിലും ചര്‍ച്ചയായി. യുഡിഎഫ് നേതാക്കള്‍ ഉള്‍പ്പെടെ ഇതിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി. പോലീസിന് ഗ്രനേഡ് എറിയാന്‍ അറിയില്ലെന്ന് ഇതിലൂടെ വ്യക്തമായെന്നാണ് വിമര്‍ശനം. അതേസമയം, എല്ലാവര്‍ഷവും പോലീസുകാര്‍ക്ക് ഗ്രനേഡ് എറിയുന്നതില്‍ പരിശീലനം നല്‍കാറുണ്ടെന്നും പേരാമ്പ്ര സംഭവവുമായി ഇതിന് ബന്ധമില്ലെന്നുമാണ് പോലീസിന്റെ ഔദ്യോഗിക ഭാഷ്യം.
Content Highlights: Following an injury to a DySP in the Perambra clash, Kozhikode Rural Police are undergoing intensive training in grenade handling. Training began at Koyilandy AR Camp
Published: 18 Oct 2025, 12:57 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented