മലപ്പുറം: സുംബ ഡാന്‍സ് സാംസ്‌കാരിക ബോധത്തിന് എതിരാണെങ്കില്‍ ശക്തമായി പ്രതിഷേധിക്കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. ലീഗ് വിഷയം പഠിച്ചുവരുന്നേയുള്ളൂ.  നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ശക്തമായി പ്രവര്‍ത്തിച്ചതിന്റെ ഫലമുണ്ടായെന്നും സലാം പറഞ്ഞു. മലപ്പുറത്തു നടന്ന ലീഗ് സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിന് സജ്ജമാകാനാണ് യോഗം ചേര്‍ന്നത്. ജില്ലകളില്‍ നിരീക്ഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് സലാം പറഞ്ഞു. നിലമ്പൂരില്‍ പാര്‍ട്ടി ശക്തമായി പ്രവര്‍ത്തിച്ചതിന് ഫലമുണ്ടായി. രാജ്ഭവന്‍ സംഘപരിവാര്‍ ആസ്ഥാനമാക്കുന്നതിനെതിരെ പ്രതിഷേധം അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

പി.വി. അന്‍വറിനെ യുഡിഎഫ് മുന്നണിയിലെടുക്കുന്നതു സംബന്ധിച്ച വിഷയം യോഗത്തില്‍ ചര്‍ച്ചയ്ക്കു വന്നിട്ടില്ലെന്നും സലാം പറഞ്ഞു. ചര്‍ച്ച ചെയ്യണമെന്ന അഭിപ്രായം യുഡിഎഫിനകത്ത് വന്നാല്‍ അപ്പോള്‍ ചര്‍ച്ച ചെയ്യും. അന്‍വര്‍ വിഷയം കഴിഞ്ഞു. ഇപ്പോള്‍ ആ വിഷയത്തിന്  പ്രസക്തിയില്ല. അന്‍വറിനെ യുഡിഎഫ് ഉപയോഗിച്ചിട്ടില്ല. യുഡിഎഫിന്റെ പൊതുതാത്പര്യമാണ് ലീഗിന്റെയും താത്പര്യം. അന്‍വറിന് മുന്നില്‍ വാതിലടച്ചു എന്നൊന്നും താന്‍ പറഞ്ഞിട്ടില്ലെന്നും സലാം പറഞ്ഞു.