തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽനിന്ന് സംസ്ഥാനത്തിന് പിൻമാറാൻ സാധിക്കില്ലെന്നും പിൻമാറാൻ കേന്ദ്രസർക്കാരിന് മാത്രമേ അവകാശമുള്ളൂ എന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. നിയമസഭയിലെ ചോദ്യോത്തര വേളയിൽ പ്രവീൺകുമാർ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
പദ്ധതിയിൽനിന്ന് പിന്മാറിയാൽ പല ഇനത്തിലായി രണ്ടായിരം കോടി രൂപയോളം സംസ്ഥാനത്തിന് നഷ്ടമാകുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയിലൂടെ 152 ബ്ലോക്കുകളിൽ 304 സ്‌കൂളുകൾക്ക് ഒരുകോടി രൂപവീതം മൂന്നുവർഷത്തേക്കാണ് കിട്ടുക. തൊള്ളായിരം കോടിയിൽപരം രൂപയാണ് സംസ്ഥാനത്തിന് ലഭിക്കുക. പദ്ധതിയിൽനിന്ന് പിന്മാറിയാൽ ഈ തുക കിട്ടില്ല. മാത്രമല്ല, പിന്മാറുന്നതിന്റെ പേരിൽ അന്യായമായി മറ്റു കേന്ദ്രഫണ്ടുകൾ തടഞ്ഞുവെക്കുന്നതിലൂടെയും തുകകൾ നഷ്ടമായേക്കാം. അങ്ങനെ ഫണ്ട് തടഞ്ഞുവെക്കുന്നു എന്നത് ഒരു വസ്തുതയാണ്. കഴിഞ്ഞ സർക്കാർ പദ്ധതിയിൽ ഒപ്പിടാൻ നിർബന്ധിതമായതും ആ ഫണ്ട് പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണ്. ആ ഇനത്തിൽ എസ്എസ്‌കെയ്ക്ക് ലഭിക്കാനുള്ള 1150 കോടി രൂപയും കിട്ടാതെ പോകും. അങ്ങനെവരുമ്പോൾ ഒപ്പിടാത്തതിന്റെ പേരിൽ രണ്ടായിരം കോടിയോളം രൂപ സംസ്ഥാനത്തിന് നഷ്ടമാകുന്ന സ്ഥിതിയുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പിഎം ശ്രീ പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളിന് ഒരുകോടി രൂപയാണ് ലഭിക്കുകയെന്നും ഉഷ വിജയന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ ബ്ലോക്കുകളിൽ ഒരു എലമെന്ററി സ്‌കൂളും സെക്കൻഡറി സ്‌കൂളുമാണ് പിഎം ശ്രീ പദ്ധതിക്കായി തിരഞ്ഞെടുക്കേണ്ടത്. 40 ശതമാനം കേരളവും 60 ശതമാനം കേന്ദ്രവുമാണ് നൽകേണ്ടത്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾ നടത്തിയതായോ വിവിധ കോണുകളിൽനിന്ന് അഭിപ്രായങ്ങൾ സ്വരൂപിച്ചതായോ അറിയാൻ കഴിഞ്ഞിട്ടില്ല. സർക്കാർ രൂപവത്കരിച്ച സെക്രട്ടറിമാരുടെ സമിതി യോഗംചേരുകയും പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെക്കാവുന്നതാണെന്ന് അവർ സർക്കാരിന് ഉപദേശം നൽകുകയും ചെയ്തിട്ടുള്ളതായാണ് രേഖകളിൽ കാണുന്നതെന്നും മന്ത്രി എൻ. ഷംസുദ്ദീൻ ചൂണ്ടിക്കാട്ടി.
Content Highlights: Kerala cannot unilaterally withdraw from the PM SHRI scheme., Withdrawal would result in a financial loss of approximately 2000 crore rupees., 304 schools across 152 blocks are slated to receive 1 crore each over three years., The central government holds the authority to manage the withdrawal process., Previous state government committee recommended signing the agreement for funding.
Published: 29 Jun 2026, 11:04 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented