
കൊച്ചി: കൊച്ചിയുടെ അഭിവാദ്യം സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യോമസേനയുടെ പ്രത്യേകവിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മോദി ഏഴ് മണിയോടെ ഹെലികോപ്റ്റർ വഴി മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ വന്നിറങ്ങി. ഇവിടെ നിന്ന് റോഡ് ഷോ ആയി ഗസ്റ്റ് ഹൗസിലെത്തുകയായിരുന്നു.
മഹാരാജാസ് ഗ്രൗണ്ട് മുതൽ ഗസ്റ്റ് ഹൗസ് വരെയുള്ള പ്രധാനമന്ത്രിയുടെ റോഡ് ഷോ കാണാനായി റോഡിന്റെ ഇരുഭാഗത്തും നിരവധി ബിജെപി പ്രവർത്തകരാണ് തടിച്ചുകൂടിയിരുന്നത്. മുദ്രാവാക്യം വിളിച്ചും പുഷ്പവൃഷ്ടി നടത്തിയും അവർ മോദിയെ അഭിവാദ്യം ചെയ്തു.
ഇന്ന് ഗസ്റ്റ് ഹൗസിൽ തങ്ങുന്ന മോദി ബുധനാഴ്ച രാവിലെയോടെ തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി തിരിക്കും. പിന്നീട് കൊച്ചിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മോദി നിർവ്വഹിക്കും.
പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് ചൊവ്വ, ബുധൻ ദിവസങ്ങളിൽ എറണാകുളം നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 16-ന് ഉച്ചയ്ക്ക് രണ്ടുമണി മുതലും 17-ന് വെളുപ്പിന് മുന്നുമണി മുതൽ ഉച്ചവരെയുമായിരിക്കും ഗതാഗത നിയന്ത്രണം.
ഹൈക്കോർട്ട് ജങ്ഷൻ, എം.ജി. റോഡ് രാജാജി ജങ്ഷൻ, കലൂർ ജങ്ഷൻ, കടവന്ത്ര ജങ്ഷൻ, തേവര-മട്ടമ്മൽ ജങ്ഷൻ, തേവര ഫെറി, ബി.ഒ.ടി. ഈസ്റ്റ്, സിഫ്റ്റ് ജങ്ഷൻ എന്നീ ഭാഗങ്ങളിൽനിന്ന് വാഹനങ്ങൾ വഴിതിരിച്ചുവിടുന്നുണ്ട്. സിറ്റിയിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല.
പശ്ചിമകൊച്ചി ഭാഗത്തുനിന്ന് ആശുപത്രിയിൽ പോകാൻ ഉൾപ്പെടെ അടിയന്തര ആവശ്യങ്ങൾക്കു വരുന്ന വാഹനങ്ങൾ തേവര ഫെറിയിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് മട്ടമ്മൽ ജങ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് കോന്തുരുത്തി റോഡിലൂടെ പനമ്പിള്ളി നഗർ വഴി മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ഭാഗത്തേക്കു പോകണം. വളഞ്ഞമ്പലത്തുനിന്ന് വലത്തേക്കു തിരിഞ്ഞ് ചിറ്റൂർ റോഡിലൂടെ ഇയ്യാട്ടുമുക്ക് മഹാകവി ജി റോഡിലൂടെ കാരിക്കാമുറി റോഡിൽ കയറി ഇടത്ത് തിരിഞ്ഞ് അമ്മൻകോവിൽ റോഡ് വഴി ഷേണായീസ് തിയേറ്റർ റോഡ് വഴി എം.ജി. റോഡിൽ യുടേൺ എടുത്ത് മുല്ലശ്ശേരി കനാൽ റോഡിലൂടെ ടി.ഡി. റോഡ് വഴി ജനറൽ ആശുപത്രിയിലേക്കും പോകണം.
വൈപ്പിൻ ഭാഗത്തുനിന്ന് കലൂർ ഭാഗത്തുനിന്നും വരുന്ന എമർജൻസി വാഹനങ്ങൾക്ക് ടി.ഡി. റോഡ് - കാനൻഷെഡ് റോഡ് വഴി ജനറൽ ആശുപത്രിയുടെ കിഴക്കേ വശത്തെ ഗേറ്റ് വഴി ആശുപത്രിയിൽ പ്രവേശിക്കാം.
Content Highlights: pm narendra modi roadshow at kochi
Published: 16 Jan 2024, 07:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented