
തിരുവനന്തപുരം: തിരഞ്ഞെടുപ്പുകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്‌ഷോയുമായി ബന്ധപ്പെട്ട് നടന്നത് വൻ സാമ്പത്തിക ക്രമക്കേട്. തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാന ബി.ജെ.പി.യിൽ നടന്ന അഴിമതിയെക്കുറിച്ച് സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന് ലഭിച്ച പരാതികൾ സംബന്ധിച്ച തെളിവുകളാണ് പുറത്തുവന്നത്. റോഡ്‌ഷോയ്ക്കായി ഉപയോഗിച്ച മോദിയുടെ കട്ടൗട്ടുകൾ നിർമിക്കുന്നതിൽ ലക്ഷക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടന്നെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയും വ്യാജ ബില്ലുകളും പുറത്തുവന്നു.
ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ചുമതലയുണ്ടായിരുന്ന ഒരു സംസ്ഥാന നേതാവാണ് എങ്ങനെ പാർട്ടിയുടെ പണം വെട്ടിക്കണമെന്ന് നിർദേശം നൽകുന്നത്. 'പകുതി നമുക്കും പകുതി അവർക്കും' എന്ന രീതിയിൽ ബില്ലുകൾ തയ്യാറാക്കാൻ നേതാവ് ആവശ്യപ്പെടുന്നതാണ് ശബ്ദരേഖിയിലുള്ളത്. 8000 പീസ് അടിക്കണമെന്നും ആകെ 16 ലക്ഷം രൂപയാകുമെന്നും അതിൽ പകുതി (8 ലക്ഷം രൂപ) നമുക്കാണെന്നും പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ആ രീതിയിൽ ബില്ല് ഉണ്ടാക്കണമെന്നും പറയുന്നുണ്ട്.
ഒരു കട്ടൗട്ട് 175 രൂപ നിരക്കിൽ നിർമിച്ചുനൽകാമെന്ന് ഒരു സ്ഥാപനം ബി.ജെ.പി. നേതാക്കളെ അറിയിച്ചിരുന്നു. എന്നാൽ, അഴിമതി ലക്ഷ്യമിട്ട് നേതാക്കൾ മൂന്ന് കമ്പനികളുടെ പേരിൽ 310 രൂപ, 285 രൂപ, 265 രൂപ എന്നിങ്ങനെ നിരക്കുകൾ കാണിച്ചുകൊണ്ടുള്ള ക്വട്ടേഷനുകൾ ഉണ്ടാക്കി. ഇതിൽ ഏറ്റവും കുറഞ്ഞ നിരക്കായ 265 രൂപ കാണിച്ച സ്ഥാപനത്തിന് കരാർ നൽകി. ഈ സ്ഥാപനമാണ് 175 രൂപയ്ക്ക് കട്ടൗട്ട് നിർമിക്കാമെന്ന് അറിയിച്ചത്. തുടർന്ന് ഒന്നിന് 265 രൂപ എന്ന നിരക്കിൽ ബില്ല് നൽകി പണം തട്ടുകയായിരുന്നു.
കട്ടൗട്ട് പ്രിന്റിങ് ഇടപാടിൽ രണ്ട് പബ്ലിസിറ്റി ഇൻചാർജുമാർ ചേർന്ന് അഞ്ചുലക്ഷം രൂപ കമ്മിഷൻ കൈപ്പറ്റിയതായും പരാതിയിൽ പറയുന്നു. അഴിമതി സംബന്ധിച്ച പരാതികൾ തെളിവുകൾ സഹിതം ദേശീയനേതൃത്വത്തിന് മുന്നിലെത്തി. വിഷയത്തിൽ നേതൃത്വം അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Published: 14 Jul 2026, 12:13 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented