
പൊളിച്ച വീടിനുള്ളിൽ കിടന്നുറങ്ങാനായി കെട്ടിയ ടാർപോളിൻഷീറ്റുകൊണ്ടുള്ള കൂരയ്ക്കു സമീപം കാളി മല്ലൻ
ബാവലി: രണ്ടു പതിറ്റാണ്ടുമുൻപ് ഇന്ദിരാ ആവാസ് യോജനപ്രകാരം ലഭിച്ച വീട്ടിലായിരുന്നു ബാവലി ഷാണമംഗലത്തെ അറുപതു പിന്നിട്ട കാളിയും ഭർത്താവ് മല്ലനും കഴിഞ്ഞിരുന്നത്. ഏതുനേരവും തകർന്നു വീഴാറായ വീടിനു ഊന്നുകാലുകൾ കുത്തിയായിരുന്നു രാവുംപകലും പേടിയോടെ കഴിഞ്ഞത്. നേരമിരുട്ടിയാൽ കാട്ടാന മുറ്റത്തെത്തും. അടച്ചുറപ്പുള്ള വീടെന്നതായിരുന്നു ഇവരുടെ വർഷങ്ങളായുള്ള സ്വപ്നം. പ്രധാൻമന്ത്രി ആവാസ് യോജന പ്രകാരം പുതിയ വീട് പാസായെന്നു കേട്ടപ്പോൾ ആശ്വാസമായിരുന്നു മല്ലനും കാളിക്കും. വീടുപണി തീരുന്നതുവരെ തൊട്ടുമുന്നിലുള്ള മകൾ സബിതയുടെ വീട്ടിൽ താമസിക്കാമെന്നായിരുന്നു കാളി കരുതിയത്. ഇപ്പോൾ പൊളിച്ച വീടിന്റെ തറയിൽ ടാർപോളിൻഷീറ്റുകൊണ്ടു കെട്ടിയ കൂരയ്ക്കുള്ളിലാണ് കാളിയും ഭർത്താവ് മല്ലനും അന്തിയുറങ്ങുന്നത്.
വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസറുടെ അന്വേഷണ റിപ്പോർട്ടും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജോയിന്റ് ബിഡിഒയുടെ ശുപാർശയുമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തി അപേക്ഷ നൽകി. ഉടമ്പടി തയ്യാറാക്കാനുള്ള മുദ്രപത്രവും കൈമാറിയിരുന്നു. പിഎംഎവൈ ഗുണഭോക്താവായി അംഗീകരിച്ച് സഹായധനം അനുവദിക്കാൻ ബിഡിഒ ഉത്തരവിട്ടെങ്കിലും സഹായം കിട്ടാതെ പ്രയാസപ്പെട്ടിരിക്കുകയാണ് നിർധനരായ ഗോത്രകുടുംബം. തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി. വത്സലകുമാരിയുടെ വാർഡിലാണ് ഇവർ താമസിക്കുന്നത്.
കാളി മല്ലൻ എന്ന പേരിൽ ഷാണമംഗലത്ത് രണ്ടുപേർ ഉള്ളതാണ് തിരിച്ചടിയായത്. രണ്ടു കാളിമാരുടെയും തൊഴിൽകാർഡ് നമ്പർ ഒന്നായാണ് കാണിക്കുന്നത്. മുൻപ് വീടുലഭിച്ച കാളി മല്ലൻ തന്നെയാണ് പിഎംഎവൈ ഗുണഭോക്തൃലിസ്റ്റിലും ഉൾപ്പെട്ടത്.
വീടുണ്ടെന്നു പറഞ്ഞ് ഉള്ള വീടുപൊളിച്ചു മാറ്റിയത് വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസറുടെയും തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിന്റെയും വീഴ്ചയാണെന്ന് കാളി മല്ലൻ പറഞ്ഞു. ഇവരുടെ പേരിൽ നടപടി ആവശ്യപ്പെട്ട് കാളി മാനന്തവാടി താലൂക്ക് നിയമസഹായസമിതിയെ സമീപിച്ചിട്ടുണ്ട്. വീടുപൊളിച്ചു മാറ്റാനുള്ള നിർദേശം നൽകിയിരുന്നില്ലെന്നു തിരുനെല്ലി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡംഗവുമായ സി.ടി. വത്സലകുമാരി പറഞ്ഞു.
ഉടമ്പടിവെക്കാനുള്ള രേഖകൾ കൊടുത്തിട്ട് മാസങ്ങൾ പിന്നിട്ടിട്ടും സഹായധനം ലഭിക്കാത്തത് അന്വേഷിച്ചപ്പോഴാണ് ഗുണഭോക്താവല്ലെന്ന മറുപടി കാളിക്കു ലഭിച്ചത്. വീടിനായി അപേക്ഷ നൽകിയ കാളി മല്ലന്റെ പേരിൽ പിഎംഎവൈ ആവാസ് സോഫ്‌റ്റ്‌വേറിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നില്ലെന്നു മാനന്തവാടി ബിഡിഒ കെ.കെ. രാജേഷ് പറഞ്ഞു. തൊഴിൽകാർഡ് നമ്പർ വഴിയാണ് നടപടിക്രമങ്ങൾ തുടങ്ങിയത്.
രജിസ്ട്രേഷൻ നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ആധാർ നമ്പറിലെ വ്യത്യാസവും കുടുംബവിവരങ്ങളും മാറ്റമുള്ളതായി കണ്ടത്. അതുകൊണ്ടുതന്നെ വീടുപൊളിച്ച കാളി മല്ലനെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടുത്താൻ നിർവാഹമില്ലാത്ത അവസ്ഥയാണ്. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്നില്ലെന്ന കാര്യം ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ബിഡിഒ പറഞ്ഞു.
Content Highlights: Elderly couple`s new home dream under PM Awas Yojana turns dire after demolition
Published: 30 Oct 2025, 08:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented