
പാലക്കാട്: പ്രധാനമന്ത്രി ആവാസ് യോജനയിൽ അപ്രതീക്ഷിതമായി കേരളത്തിന് 1,97,759 വീടുകൾ അനുവദിച്ച് കേന്ദ്രസർക്കാർ. കേരളം 30,000 വീടുകളാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും 36,000 എണ്ണത്തിന് കേന്ദ്രസർക്കാർ കഴിഞ്ഞമാസം അനുമതി നൽകിയിരുന്നു. ഇത് പരിഷ്കരിച്ചാണ് വീടുകളുടെ എണ്ണം വീണ്ടുമുയർത്തിയത്. ഇതാദ്യമായാണ് കേരളം ചോദിക്കാതെതന്നെ ഒരു മുന്നറിയിപ്പുമില്ലാതെ ഇത്രയധികം വീടുകൾ അനുവദിക്കുന്നത്. എന്നാൽ, പദ്ധതിയിൽ ത്രിതലപഞ്ചായത്തുകൾ കേന്ദ്രസർക്കാരിനേക്കാൾ കൂടുതൽവിഹിതം ചെലവഴിക്കേണ്ടതിനാൽ ഇവയുടെ നിർമാണം പൂർത്തിയാക്കാൻ പഞ്ചായത്തുകൾ പാടുപെടും.
പ്രധാനമന്ത്രി ആവാസ് യോജനയിൽ 1,20,000 രൂപ മാത്രമാണ് ഒരു വീടിന്റെ യൂണിറ്റ് കോസ്റ്റ് ആയി കണക്കാക്കുന്നത്. ഇതിൽ 60 ശതമാനം കേന്ദ്രസർക്കാരും 40 ശതമാനം സംസ്ഥാനസർക്കാരും വഹിക്കണമെന്നാണ് നിബന്ധന. ഇതുപ്രകാരം 72,000 രൂപയായിരിക്കും കേന്ദ്രസർക്കാർ നൽകുക. 48,000 രൂപയാണ് സംസ്ഥാനവിഹിതം.
എന്നാൽ, ഒരു വീടിന് നാലുലക്ഷംരൂപയാണ് സംസ്ഥാനത്ത് നൽകുന്നത്. കേന്ദ്ര- സംസ്ഥാന വിഹിതങ്ങൾ കഴിച്ച് ബാക്കിയുള്ള 2,80,000 രൂപ ത്രിതലപഞ്ചായത്തുകൾ നൽകണം. ബ്ലോക്ക് പഞ്ചായത്ത് 1,12,000 രൂപ, ജില്ലാ പഞ്ചായത്ത് 98,000 രൂപ, ഗ്രാമപ്പഞ്ചായത്ത് 70,000 രൂപ എന്നിങ്ങനെയാണ് വകയിരുത്തേണ്ടത്. ഇത്രയും പേർക്കുള്ള വിഹിതം കണ്ടെത്തുക ത്രിതലപഞ്ചായത്തുകൾക്ക് വെല്ലുവിളിയാവും.
2019 മാർച്ചിൽ കേന്ദ്ര ഗ്രാമവികസനവകുപ്പ് നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് 2,14,124 പേരെയാണ് കേന്ദ്രസർക്കാർ ഗുണഭോക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതിൽ 13,114 പേർക്ക് 2021-22 സാമ്പത്തികവർഷത്തിൽ വീട് അനുവദിച്ചു. 2,01,010 പേർക്കാണ് കണക്കുപ്രകാരം ഇനി വീടുലഭിക്കാനുള്ളത്. ഇതിൽ പലർക്കും ലൈഫ് അടക്കമുള്ള മറ്റ് ഭവനപദ്ധതികളിൽ വീട് ലഭിച്ചിട്ടുണ്ടാവാമെന്നതിനാൽ ആവശ്യക്കാരുടെ എണ്ണം കുറയാൻ സാധ്യതയുണ്ട്. രണ്ടുലക്ഷത്തിലധികം വീടുകൾ ഇപ്പോൾ അനുവദിച്ചിട്ടുള്ളതിനാൽ പുതിയ അപേക്ഷകർക്കും വീടുലഭിക്കാൻ വഴി തുറക്കും.
ആകെ അനുവദിച്ച വീടുകളിൽ ജനറൽ, എസ്.സി., എസ്.ടി. അനുപാതം പാലിക്കണമെന്നും ഈ മാസം 25-നകം പരമാവധി വീടുകൾക്ക് കരാർ വെക്കണമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ, ചുരുങ്ങിയ സമയംകൊണ്ട് നടപടികൾ പൂർത്തിയാക്കുകയെന്നതും എളുപ്പമല്ല.
Content Highlights: Center sanctioned two lakh more houses in Pradhan Mantri Awas Yojana
Published: 12 Oct 2024, 08:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented