പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ചാണ്ടി എങ്ങനെയാണോ അതേ താരപ്രഭയാണ് തൊടുപുഴക്കാര്‍ക്ക് പി.ജെ. ജോസഫിനോടും. പിണറായി വിജയനും ഉമ്മന്‍ചാണ്ടിയും കരുണാകരനുമൊക്കെ രംഗപ്രവേശം ചെയ്ത 1970 നിയസഭ ബാച്ചിലെ നവാഗതരിലൊരാളാണ് പി.ജെ. ജോസഫും. 1970-ല്‍ തുടങ്ങി പുതുപ്പള്ളിയില്‍നിന്ന് തുടര്‍ച്ചയായി അമ്പത് വര്‍ഷം എം.എല്‍.എ. ആയതിന്റെ ആഘോഷത്തിലാണ് ഇന്ന് ഉമ്മന്‍ചാണ്ടി. ആദ്യ ബാച്ചില്‍ തനിക്കൊപ്പം ഉണ്ടായിരുന്നവരെ ഇന്ന് സഭയില്‍ ഉമ്മന്‍ചാണ്ടി തിരയുമ്പോള്‍ ഒരാള്‍ മുഖ്യമന്ത്രി കസേരയിലും മറ്റൊരാള്‍ തനിക്ക് സമീപത്തായും ഇരിക്കുന്നതും കാണാം. പിണറായി വിജയനും പി.ജെ. ജോസഫും.

40 വര്‍ഷമായി തൊടുപുഴയുടെ സാരഥിയായി പി.ജെ. ജോസഫ് എന്ന ഔസേപ്പച്ചന്‍ കേരള നിയമസഭയിലുണ്ട്. ഒരു തവണ തൊടുപുഴക്കാര്‍ കൈവിട്ട് പി.ടി.തോമസിനെ ജയിപ്പിച്ചു. മറ്റൊരു തവണ ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിനായി മാറിനിന്നു. അങ്ങനെ 10 വര്‍ഷത്തെ ഇടവേളയൊഴിച്ചാല്‍ 40 വര്‍ഷമായി തൊടുപുഴക്കാരുടെ ജനപ്രതിനിധിയാണ് ജോസഫ്. 

കേരള കോണ്‍ഗ്രസ് സ്ഥാപകനേതാവായ കെ.എം. ജോര്‍ജുമായിട്ടുള്ള അടുപ്പം കാരണം 1969-ല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്ന പി.ജെ. ജോസഫ് കേരള കോണ്‍ഗ്രസുകാരനായും സ്വന്തം പേരിലുള്ള പാര്‍ട്ടിയുടെ പ്രതിനിധിയായും ഏറ്റവുമൊടുവില്‍ കെ.എം. മാണിയുടെ പാര്‍ട്ടിയില്‍ ലയിച്ച് രണ്ടില ചിഹ്നത്തില്‍ മത്സരിച്ചുമാണ് തൊടുപുഴയില്‍നിന്ന് ജയിച്ചു കയറിയത്. 1979-ല്‍ സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച ജോസഫ് ഇപ്പോഴും പാര്‍ട്ടി സംബന്ധിച്ചും ചിഹ്നം സംബന്ധിച്ചമുള്ള നിയമപോരാട്ടത്തിലാണ്. 

29-ാം വയസ്സിലാണ് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ അവസരമൊരുങ്ങുന്നത്. 1978-ലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ കുറച്ചുനാള്‍ ആഭ്യന്തരമന്ത്രിയായി. കെ.എം.മാണിയുടെ നിയമസഭാംഗത്വം ഹൈക്കോടതി റദ്ദാക്കിയതിനെത്തുടര്‍ന്നാണ് 37-ാം വയസ്സില്‍ അദ്ദേഹം മന്ത്രിയായത്. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആഭ്യന്തര മന്ത്രി എന്ന വിശേഷണം അദ്ദേഹത്തിന്റെ പേരിലാണ്.

എട്ടുമാസത്തിന് ശേഷം കോടതിയില്‍നിന്ന് അനുകൂലവിധി നേടിയ മാണി തിരിച്ചെത്തിയപ്പോള്‍ മാറിക്കൊടുക്കുകയും ചെയ്തു. 1979-ലാണ് സ്വന്തം പേരില്‍ കേരള കോണ്‍ഗ്രസ് രൂപവത്കരിച്ചത്. 1980-ല്‍ യു.ഡി.എ ഫ്. രൂപംകൊള്ളുമ്പോള്‍ സ്ഥാപക കണ്‍വീനറായിരുന്നു പി.ജെ.ജോസഫ്.. 1989-ല്‍ യു.ഡി.എഫുമായി ഇടഞ്ഞ് മുവാറ്റുപുഴയില്‍നിന്നു ലോക്‌സഭയിലേക്കു മത്സരിച്ചെങ്കിലും തോറ്റു. തുടര്‍ന്ന് എല്‍.ഡി.എഫിലെത്തി. 91-ല്‍ ഇടുക്കിയില്‍നിന്നു ലോക്‌സഭയിലേക്കു മത്സരിച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം. 1996-ലും 2006-ലും എല്‍.ഡി.എഫ്.സ്ഥാനാര്‍ഥിയായി തൊടുപുഴയില്‍ ജയം. 2001-ല്‍ പി.ടി. തോമസിനോടു, തോല്‍വി. 2010ല്‍ ഇടതുമന്ത്രിസഭയില്‍ അംഗമായിരിക്കെ, രാജിവെച്ച് കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പില്‍ ലയിച്ച് വീണ്ടും യു.ഡി.എഫിലെത്തി. 

കഴിഞ്ഞ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലിരിക്കെ ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട് കെ.എം.മാണി രാജിവെച്ചപ്പോള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പി.ജെ.ജോസഫും മന്ത്രിസ്ഥാനം രാജിവെക്കുകയുണ്ടായി. കെ.എം.മാണിയുടെ മരണത്തോടെ പാര്‍ട്ടിയിലുണ്ടായിരുന്ന വിള്ളല്‍ പൊട്ടിത്തെറിയായി മാറി. ജോസ് കെ.മാണിയുമായി പാര്‍ട്ടി ചിഹ്നത്തിന് നിയമം പോരാട്ടം നടത്തുകയാണിപ്പോള്‍  ജോസഫ്. രാഷ്ട്രീയ തന്ത്രജ്ഞനായ പി.ജെ.ജോസഫിന് മാണിക്കൊപ്പമുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കളെ ഒപ്പം നിര്‍ത്താനും യുഡിഎഫില്‍ നിന്ന് ജോസ് കെ.മാണിയെ പുറത്താക്കാനും സാധിച്ചു.

നിയമസഭാ പ്രവേശത്തിന്റെ 50-ാം വാര്‍ഷികത്തില്‍ ആഘോഷങ്ങളൊന്നുമില്ല പി.ജെ.ജോസഫിന്. പ്രാര്‍ഥന മാത്രമാണ് തന്റെ ആഘോഷം. തൊടുപുഴക്കാര്‍ തന്നെയും താന്‍ തൊടുപുഴക്കാരേയും വിശ്വസിക്കുന്നുവെന്നും ജോസഫ് പറയുന്നു. 

സാമ്പത്തികശാസ്ത്രത്തിലാണ് ബിരുദാനന്തരബിരുദമെങ്കിലും ഇഷ്ട വിഷയം കൃഷിയാണ്. പാട്ടാണ് മറ്റൊരു ഇഷ്ടവിഷയം. 1941 ജൂണ്‍ 28ന് ആയില്യം നക്ഷത്രത്തിലാണു ജനനം. പരേതരായ ജോസഫും അന്നമ്മയു മാണ് മാതാപിതാക്കള്‍. ആരോഗ്യ വകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. ശാന്തയാണ് ഭാര്യ.

Content Highlights: