തിരുവനന്തപുരം: നിയമസഭയിൽ തന്റെ പ്രസംഗത്തിനിടെ ബഹളംവെച്ച ഭരണപക്ഷ എംഎൽഎമാരുടെ നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പിഎം ശ്രീയുമായി ബന്ധപ്പെട്ട് വാക്കൗട്ട് പ്രസംഗം നടത്തുമ്പോഴായിരുന്നു ഭരണക്ഷി എംഎൽഎമാർ പ്രതിപക്ഷ നേതാവിനെ പ്രകോപിപ്പിച്ചത്.

To advertise here,

'എന്തോ ഇടക്ക് പറഞ്ഞല്ലോ, നേരെ നേരെ പറയലാണല്ലോ നമ്മൾ തമ്മിലുള്ള ഒരു ശീലം, വെറുതെ ഇരുന്നിടത്ത് നിന്ന് എന്തെങ്കിലും വിളിച്ച് പറഞ്ഞത് കൊണ്ട് കാര്യമില്ല' പിണറായി പറഞ്ഞു.

പിഎം ശ്രീ വിഷയത്തിൽ ലജ്ജാകരമായ കീഴടങ്ങലാണ് യുഡിഎഫ് നടത്തിയിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അധികാരത്തിൽവന്നാൽ എവിടെയോ ഒഴുക്കി കളയുമെന്ന് പറഞ്ഞിരുന്നത് ഓർമ്മയില്ലേ. എവിടെപ്പോയി നാക്ക് എന്നും അദ്ദേഹം ചോദിച്ചു. 'എന്തെല്ലാം വീരവാദങ്ങളാണ് മുഴക്കിയിരുന്നത്. ഒരു മാസത്തിനുള്ളിൽ മുൻനിലപാടുകൾ ആകെ മാറുകയാണ്. ഒരു തരത്തിൽ ആ പദ്ധതിയുടെ വക്താക്കളായി മാറുന്നതാണ് കാണുന്നത്' പിണറായി പറഞ്ഞു.

എൽഡിഎഫ് സർക്കാർ പിഎം ശ്രീ ധാരണാപത്രം ഒപ്പിട്ടെങ്കിലും 20 ദിവസത്തിനകം അത് മരവിപ്പിച്ചുവെന്നും പിണറായി കൂട്ടിച്ചേർത്തു. 'ധാരണാപത്രം ഒപ്പിട്ടിട്ട് എട്ട് മാസം പിന്നിട്ടു. ഇതേവരെ പദ്ധതി സംസ്ഥാനത്ത് നടപ്പിലായിട്ടില്ല. കേരളത്തിൽ പിഎം നടപ്പാക്കിയിട്ടില്ല എന്നാണ് കേന്ദ്രം സുപ്രീംകോടതിയിൽ വ്യക്തമാക്കിയത്. 2026 മെയ് എട്ടിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അയച്ച കത്തിൽ പറയുന്നത് പദ്ധതി അടിയന്തരമായി നടപ്പാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നടപ്പാക്കിയെങ്കിൽ അത്തരമൊരു കത്ത് അയക്കേണ്ടതുണ്ടോ. നിലവിലെ സർക്കാർ ബോധപൂർവ്വം അനുകൂലമായ തീരുമാനം എടുത്താലേ അത് നടപ്പാക്കാൻ പറ്റൂ. ഇതിനുള്ള നീക്കം രഹസ്യമായി നടക്കുന്നുവെന്നാണ് വ്യക്തമാകുന്നത്' പിണറായി പറഞ്ഞു.

ഒപ്പിട്ട് 20 ദിവസത്തിനകം മരവിപ്പിക്കണമെന്ന് സംസ്ഥാനസർക്കാർ ഔദ്യോഗികമായി കത്തയച്ചു. അത് സംസ്ഥാന സർക്കാരിന്റെ നിലപാടാണ്. തുടർന്ന് പദ്ധതി മരവിച്ചു എന്നതാണ് വസ്തുത.

ധാരാണപത്രം ഒപ്പിട്ടുവെന്നത് കൊണ്ട് മാത്രം പദ്ധതി നടപ്പിലാകില്ല. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ചെയ്യേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. ഇതൊന്നും എൽഡിഎഫ് സർക്കാർ ചെയ്തിട്ടില്ല. പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാനം 40 ശതമാനം ഫണ്ട് നീക്കിവെക്കണം. അതും ചെയ്തിട്ടില്ല. കൂടാതെ വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ കണ്ട് ഞങ്ങളീ പദ്ധതി നടപ്പാക്കാനില്ലെന്നും പറയുകയുണ്ടായി.

പിഎം ശ്രീയുടെ ഭാഗമായി ഒരു പൈസയും കേരളം കേന്ദ്രത്തിൽനിന്ന് വാങ്ങിയിട്ടില്ല. പിഎം ശ്രീ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.