പെരുമ്പാവൂര്‍ (എറണാകുളം): ഡയറക്ട് മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ ജീവനക്കാരെ കഴുത്തില്‍ ബെല്‍റ്റിടീച്ച് നായയെപ്പോലെ നടത്തിച്ച വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ മുന്‍ മാനേജരെ പിടികൂടാനുളള നീക്കം മന്ദഗതിയില്‍.

To advertise here,

വടകര പാറക്കണ്ടി വീട്ടില്‍ മനാഫിനെതിരേ രണ്ട് കേസുകളാണ് പെരുമ്പാവൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വീഡിയോ ദൃശ്യത്തില്‍ കണ്ട രണ്ട് യുവാക്കളുടെയും സമാനമായ രീതിയില്‍ പീഡനം ഏല്‍ക്കേണ്ടിവന്ന ഒരു ജീവനക്കാരിയുടെയും മൊഴികളിലാണ് കേസെടുത്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ കേസെടുക്കാന്‍ മടിച്ച പോലീസ് സംഗതി വിവാദമായതോടെയാണ് കേസെടുക്കാന്‍ തയ്യാറായത്.

നിലവില്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാരും തൊഴില്‍പീഡനം സംബന്ധിച്ച മൊഴി നല്‍കിയിട്ടില്ലെന്നും പരാതിയുണ്ടെങ്കില്‍ തൊഴില്‍ വകുപ്പാണ് നടപടിയെടുക്കേണ്ടതെന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ അവ്യക്തതയും ദുരൂഹതകളും നിലനില്‍ക്കുന്നതിനാലാണ് അറസ്റ്റ് വൈകുന്നതെന്നാണ് സൂചന. 

കഴിഞ്ഞ ദിവസം മനാഫിനെ തിരക്കി പോലീസ് കോഴിക്കോട് പോകുമെന്നു പറഞ്ഞെങ്കിലും മനാഫിനെ കണ്ടെത്തുന്നതിനോ അറസ്റ്റിനോ ഉള്ള നീക്കങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പെരുമ്പാവൂര്‍ അറയ്ക്കപ്പടിയില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോ എന്ന സ്ഥാപനത്തിലാണ് സംഭവം. മുന്‍പ് വയനാട് സ്വദേശി നടത്തിവന്നിരുന്ന സ്ഥാപനം ഏപ്രില്‍ ഒന്നുമുതല്‍ തിരുവനന്തപുരം സ്വദേശിനിയാണ് നടത്തുന്നത്.

കൂടുതല്‍ ജീവനക്കാരുടെ മൊഴിയെടുക്കും

കൊച്ചി: ഡയറക്ട് മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ തൊഴിലാളികളെ പീഡിപ്പിച്ച സംഭവത്തില്‍ ആരോപണമുയര്‍ന്ന സ്ഥാപനങ്ങളിലെ കൂടുതല്‍ ജീവനക്കാരുടെ മൊഴിയെടുക്കാന്‍ തൊഴില്‍ വകുപ്പ്. കെല്‍ട്രോയ്ക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സിന്റെ കളമശ്ശേരി, എടയാര്‍ എന്നിവിടങ്ങളിലെ ഫാക്ടറികളിലും അങ്കമാലിയിലെ ഗോഡൗണിലും വ്യാഴാഴ്ച പരിശോധന നടത്തുമെന്ന് ജില്ലാ എന്‍ഫോഴ്‌സ്മെന്റ് ലേബര്‍ ഓഫീസര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കെല്‍ട്രോയ്ക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സിന്റെ കളമശ്ശേരി, എടയാര്‍ എന്നിവിടങ്ങളിലെ ഫാക്ടറികളില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തി ജീവനക്കാരുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും വെള്ളിയാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കാന്‍ തൊഴില്‍ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിലൂടെ സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാരുടെയും വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതുകൂടി പരിശോധിച്ചായിരിക്കും തുടര്‍ അന്വേഷണം.