
കെ.സുധാകരൻ, വി.ഡി സതീശൻ | മാതൃഭൂമി
തിരുവനന്തപുരം: വ്യക്തിപരമായി വഴിതടയല്‍ സമരത്തിന് എതിരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കോണ്‍ഗ്രസിന്റെ ഉപരോധ സമരത്തിനെതിരേ പ്രതിഷേധിച്ച നടന് ജോജു ജോര്‍ജിന്റെ വാഹനത്തിന്റെ ചില്ല് അടിച്ചു തകര്‍ത്ത സംഭവത്തിലാണ് സതീശന്റെ പ്രതികരണം. ജോജുവിനെതിരേ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് നേരത്തെ രംഗത്തെത്തിയിരുന്നു.
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് വ്യക്തിപരമായി വഴിതടയല്‍ സമരത്തിന് എതിരാണെന്ന് വി.ഡി സതീശന് വ്യക്തമാക്കിയത്. അക്കാര്യം എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. എറണാകുളത്ത് എന്തെങ്കിലും അനിഷ്ടസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഗൗരവമായി അതേപ്പറ്റി അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കണമെന്നും സതീശന് ആവശ്യപ്പെട്ടു.
സമരത്തിനെതിരേ രോഷാകുലനായി പ്രതിഷേധിച്ചതിന് പിന്നാലെയാണ് ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനത്തിന് നേരേ ആക്രമണമുണ്ടായത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടനെ ആക്രമിക്കാനും ശ്രമിച്ചു. തുടര്‍ന്ന് പോലീസെത്തിയാണ് ജോജുവിനെ സംഭവസ്ഥലത്തുനിന്ന് കൊണ്ടുപോയത്. അതിനിടെ, ജോജു ജോര്‍ജ് മദ്യപിച്ചിരുന്നതായും മദ്യലഹരിയിലാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ സംഭവ സമയത്ത് അദ്ദേഹം മദ്യപിച്ചിരുന്നില്ലെന്ന് പിന്നീട് നടത്തിയ പരിശോധനയില്‍ വ്യക്തമായി.
അതിനിടെ, ജോജുവിനെ ക്രിമിനല്‍ എന്നാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് വിശേഷിപ്പിച്ചത്. സമരക്കാര്‍ക്കു നേരെ പാഞ്ഞടുത്ത ജോജുവിനെതിരേ പോലീസ് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.മുണ്ടും മാടിക്കെട്ടി സമരക്കാര്‍ക്കുനേരെ ഗുണ്ടയെപ്പോലെ പാഞ്ഞടുക്കുകയായിരുന്നു ജോജു ജോര്‍ജ്. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് ജോജു ജോര്‍ജിനെതിരേ പോലീസ് നടപടി സ്വീകരിക്കണം. ആ നടപടി ജനങ്ങളെയും സമൂഹത്തെയും ബോധ്യപ്പെടുത്താന്‍ സാധിക്കുന്ന നടപടി ആയിരിക്കണം അതെന്നും സുധാകരന് ആവശ്യപ്പെട്ടിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..