
കണ്ണൂര്‍: പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും നന്ദിയും കടപ്പാടുമുണ്ടെന്ന് പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷ മരവിപ്പിക്കപ്പെട്ട സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ.വി.കുഞ്ഞിരാമന്. ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
സിപിഎമ്മിനെതിരായി കെട്ടിപ്പൊക്കി വന്ന നുണയുടെ വലിയ ഒരു കോട്ട ആണ് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ നിലപാടോടുകൂടി പൊളിഞ്ഞത്. ഈ കേസില്‍ തങ്ങള്‍ ഒരിക്കലും അര്‍ഹിക്കാത്ത ശിക്ഷയാണ് ലഭിച്ചത്. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും കുഞ്ഞിരമാന്‍ പറഞ്ഞു. കെ.വി.കുഞ്ഞിരാന്‍ ഉള്‍പ്പടെയുള്ള നാല് സിപിഎം നേതാക്കളുടെ ശിക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് കണ്ണൂര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഇവര്‍ക്ക് സിപിഎം കണ്ണൂര്‍-കാസര്‍കോട് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വന്‍സ്വീകരണമാണ് ലഭിച്ചത്.
'ഞങ്ങളെ അറിയാവുന്നത് കൊണ്ട് പാര്‍ട്ടിക്ക് ഞങ്ങള്‍ നിരപരാധികളാണെന്ന് ഉറച്ചവിശ്വാസമുണ്ട്. സിപിഎമ്മിനെതിരായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ഞങ്ങള്‍ പ്രതിചേര്‍ക്കപ്പെട്ടത്. അതുകൊണ്ട് തന്നെ മോചനം നേടി വരാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിനല്‍കുന്നതില്‍ പാര്‍ട്ടിയുടെ മുഴുവന്‍ പ്രവര്‍ത്തകരും നേതാക്കളും വലിയ സഹായവും പിന്തുണയും നല്കി. കുടുംബാംഗങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം ആത്മവിശ്വാസം നല്കി. ഈ പ്രതിസന്ധി അതിജീവിക്കാന്‍ ഞങ്ങളെ സഹായിച്ച എല്ലാ നേതാക്കളോടും നന്ദിയുണ്ട്' ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷം കുഞ്ഞിരാമന് പറഞ്ഞു.
സിപിഎമ്മിനെ കൊലയാളികളുടെ പാര്‍ട്ടിയായി ചിത്രീകരിക്കാനുള്ള രാഷ്ട്രീയ ദൗത്യമാണ് സിബിഐ നിര്‍വഹിച്ചതെന്ന് പി.ജയരാജന് പ്രതികരിച്ചു. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കേസ് സിബിഐക്ക് വിടുന്നതിനെതിരായ നിലപാട് സ്വീകരിച്ചിരുന്നു. സിബിഐ നിഷ്പക്ഷമായി അന്വേഷണം നടത്തുന്ന ഏജന്‍സിയല്ലെന്നും അദ്ദേഹം പറഞ്ഞു.
പി.ജയരാജന് ഉള്‍പ്പടെയുള്ള സിപിഎമ്മിന്റെ ഉന്നതരായ നേതാക്കള്‍ ജയിലില്നിന്നിറങ്ങിയവരെ സ്വീകരിക്കാനെത്തിയിരുന്നു.
പെരിയ കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍നിന്ന് കടത്തിക്കൊണ്ടുപോയെന്ന കുറ്റത്തിന് എറണാകുളം സി.ബി.ഐ. കോടതി ഉദുമ മുന്‍ എം.എല്‍.എ.യും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമന്, ഉദുമ ഏരിയ മുന്‍ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. മണികണ്ഠന്, പാക്കം ലോക്കല്‍ മുന്‍ സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി മുന്‍ ജില്ലാ സെക്രട്ടറിയുമായ രാഘവന് വെളുത്തോളി, പനയാല്‍ ബാങ്ക് മുന്‍ സെക്രട്ടറി കെ.വി. ഭാസ്കരന് എന്നിവരെ അഞ്ചുവര്‍ഷത്തെ തടവിന് ശിക്ഷിച്ചതാണ് ഹൈക്കോടതി മരവിപ്പിച്ചത്.
പ്രതികളുടെ ഹര്‍ജിയില്‍ ഹൈക്കോടതി സിബിഐക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിന് മറുപടി ലഭിച്ച ശേഷമാകും തുടര്‍നടപടികള്‍.
Content Highlights: periya double murder case-former mla kv kunhiraman comment after release
Published: 09 Jan 2025, 10:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented