പീരുമേട്: പാമ്പനാർ ചിദംബരം ജങ്ഷനിൽ ബഥേൽ വീട്ടിൽ അലൻ സി. മെയിൽസൺ ഇന്ന് താരമാണ്. തമിഴ് മീഡിയം യു.പി. വിഭാഗത്തിലേക്ക് നടന്ന പി.എസ്.സി. പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി പഠിച്ച സ്കൂളിൽ തന്നെ അധ്യാപകനായി അലൻ.

To advertise here,

2015, അന്ന് അലൻ പാമ്പനാർ സർക്കാർ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്. തോട്ടം തൊഴിലാളികളുടെ മക്കൾ മാത്രം പഠിച്ചുവന്നിരുന്ന സ്കൂൾ സർക്കാർ തീരുമാനപ്രകാരം ഹൈസ്കൂളായി ഉയർത്തുകയായിരുന്നു. തമിഴ് മീഡിയത്തിൽ ആവശ്യത്തിന് അധ്യാപകരില്ല, അടിസ്ഥാനസൗകര്യങ്ങളില്ല, ആകെ പ്രതിസന്ധി.

ദിവസ വേതനാടിസ്ഥാനത്തിൽ ജോലിചെയ്തിരുന്ന അധ്യാപകർക്ക് സർക്കാർ ശമ്പളം നൽകാത്തതിനാൽ താത്കാലിക അധ്യാപകർ ക്ലാസിൽ വരാതായി. അങ്ങനെ പഠനം മുടങ്ങി. പത്താം ക്ലാസിൽ പഠിപ്പിക്കാൻ ബയോളജി, ഹിന്ദി വിഷയങ്ങളിൽ രണ്ട് അധ്യാപകർ മാത്രമാണ് ഉണ്ടായിരുന്നത്. സമരവും പ്രതിഷേധവുമൊക്കെയായി അലൻ അടക്കം തെരുവിലിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ആകെയുണ്ടായിരുന്ന അധ്യാപകരുടെ കഠിനപ്രയത്നത്തിൽ ബാച്ചിന് 98 ശതമാനം ജയം നേടിയെടുക്കാനായി. അലൻ ഒൻപത് എപ്ലസും നേടി. ഇന്ന് അതേ സ്കൂളിൽ യു.പി. വിഭാഗം അധ്യാപകനായി ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ് അലൻ.

ജില്ലയിലെ വിദ്യാഭ്യാസ സൗകര്യങ്ങളിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന മേഖലയിലെ സർക്കാർ സ്കൂളുകളിലാണ് അലൻ ഒന്നുമുതൽ പ്ലസ്ടു വരെ പഠിച്ചത്. ആദ്യമൊക്കെ വലിയ സ്വപ്നങ്ങൾ ഒന്നും ഇല്ലാതിരുന്നെങ്കിലും എപ്പോഴോ ഡോക്ടർ ആകണമെന്നും നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യണമെന്നുമുള്ള ആഗ്രഹം കടന്നുകൂടി. പക്ഷേ, പാമ്പനാർ പോലെയുള്ള മേഖലയിൽ പഠിക്കാനുള്ള സാഹചര്യം ഒന്നുമില്ലായിരുന്നു.

പ്ലസ്ടു കഴിഞ്ഞും ഡോക്ടർ എന്ന സ്വപ്നം കൈവിട്ടില്ല. എന്നാൽ, എൻട്രൻസ് പരീക്ഷയ്ക്കു ശേഷം ആയുർവേദം പഠിക്കാനാണ് അലോട്ട്മെന്റ് വന്നത്. തുടർന്ന് മാതാപിതാക്കളുടെ ഇഷ്ടപ്രകാരം അധ്യാപനം ജീവിതമാർഗമാക്കാൻ തീരുമാനിച്ചു. അച്ഛൻ മെയിൻസൺ റിട്ട. അധ്യാപകനാണ്. അമ്മ ഇന്ദിര അതേ സ്കൂളിൽ അധ്യാപികയാണ്. സഹോദരി അനുവും പി.എസ്.സി.യുടെ അധ്യാപകപട്ടികയിൽ ഇടംനേടിയിട്ടുണ്ട്. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന നാട്ടിൽ വിദ്യാർഥികൾക്കൊപ്പംനിന്ന് അവരെ മുന്നോട്ട് നയിക്കാനാണ് അലന്റെ തീരുമാനം.