
കണ്ണൂര്‍: ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ പയ്യാമ്പലത്ത് ഉദ്ഘാടനം ചെയ്ത കുട്ടികളുടെ പാര്‍ക്കിന്റെയും സീ പാത്ത് വേയുടെയും ശിലാഫലകം മാറ്റിസ്ഥാപിച്ചതായി ആക്ഷേപം. ഇതേ പദ്ധതി ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തതായി കാണിച്ച് പുതിയ ശിലാഫലകം സ്ഥാപിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. 2015 മേയിലാണ് ഇതിന്റെ ഉദ്ഘാടനം നടന്നത്.

സംഭവസ്ഥലം ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തതിന്റെ ശിലാഫലകം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ക്കിന്റെ കവാടത്തില്‍ സ്ഥാപിച്ചു. ഇത് തകര്‍ക്കുകയോ എടുത്തുമാറ്റുകയോ ചെയ്താല്‍ ഇവിടെത്തന്നെ പുനഃസ്ഥാപിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. കെ.പ്രമോദ്, റിജില്‍ മാക്കുറ്റി, ബൈജു വര്‍ഗീസ്, ടി.ജയകൃഷ്ണന്‍, പി.മുഹമ്മദ് ഷമ്മാസ്, കായക്കല്‍ രാഹുല്‍, എം.കെ.വരുണ്‍, ഫര്‍ഹാന്‍ മുണ്ടേരി, കെ.കെ.ഷിബില്‍, പി.എ.ഹരി, റിജിന്‍ ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.
അല്പത്തരം -മാര്‍ട്ടിന്‍ ജോര്‍ജ്
അല്പത്തരത്തിന്റെ അങ്ങേയറ്റമാണ് പ്രവൃത്തിയെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്. ശിലാഫലം അടര്‍ത്തിയെടുത്ത് മാറ്റി അതേസ്ഥലത്ത് പുതിയ ശിലാഫലകം മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തതായി കാണിച്ച് സ്ഥാപിക്കുകയാണ് ചെയ്തത്. ഉമ്മന്‍ചാണ്ടിയുടെ പേരുള്ള ശിലാഫലകം കുപ്പത്തൊട്ടിയില്‍ തള്ളി അതിന്മേല്‍ ചൂലെടുത്തുവെച്ചതായാണ് കണ്ടത്.
ആരുടെ നിര്‍ദേശപ്രകാരമാണ് ഇത് ചെയ്തതെന്ന് വ്യക്തമാക്കണം. ഏത് വിവരദോഷിയായ ഉദ്യോഗസ്ഥനാണ് പിന്നിലെന്ന് അന്വേഷിക്കണം. മുഹമ്മദ് റിയാസ് പുതുതായി എന്തെങ്കിലും ഉദ്ഘാടനം ചെയ്തിട്ടുണ്ടെങ്കില്‍ ശിലാഫലകം സ്ഥാപിക്കാന്‍ സ്ഥലം വേറെയുമുണ്ടെന്നിരിക്കേ പഴയ ശിലാഫലകം അടര്‍ത്തിമാറ്റിയത് ബോധപൂര്‍വമാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അവഹേളിക്കുന്നതിന് തുല്യമാണിത്. സംഭവത്തില്‍ അന്വേഷണം നടത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കണം -അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: payyambalam oommen chandy pa muhammad riyas ledge controversy
Published: 18 Jul 2025, 10:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented