ആലപ്പുഴ: വയറ്റിൽ മറന്നുവെച്ച കത്രിക കണ്ടെത്തിയ പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിനെ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി. പുന്നപ്രയിലെ വീട്ടിൽനിന്ന് ഉഷ കൊച്ചിയിലേക്ക് തിരിച്ചു. കെ.സി. വേണുഗോപാൽ എംപിയുടെ ഇടപെടലിനെത്തുടർന്നാണ് ഉഷയ്ക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സ ഉറപ്പായതെന്നാണ് വിവരം. അമ്പലപ്പുഴ എംഎൽഎ എച്ച്. സലാം ഉഷയെ വീട്ടിലെത്തി സന്ദർശിച്ചു.

To advertise here,

വണ്ടാനത്തേക്ക് പോകാൻ തനിക്ക് പേടിയാണെന്ന് വീട്ടിൽനിന്ന് ഇറങ്ങിയപ്പോൾ ഉഷ മാധ്യമങ്ങളോട് പ്രതികരിച്ചു. വണ്ടാനത്ത് ശസ്ത്രക്രിയ ചെയ്യാൻ താത്പര്യമില്ല. പുറത്ത് എവിടെയെങ്കിലും പോയി ചെയ്യണമെന്നും അവർ പറഞ്ഞു. സംഭവത്തിൽ അന്വേഷണത്തിന് ഡിഎംഇ ഉത്തരവിട്ടു.

സംഭവത്തിൽ ആരോഗ്യവകുപ്പിനെതിരേ കെ.സി. വേണുഗോപാൽ രൂക്ഷവിമർശനം ഉന്നയിച്ചു. സിസ്റ്റം സമ്പൂർണ്ണമായി പരാജയപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റബോധഭാരത്താൽ പ്രബുദ്ധകേരളത്തിന്റെ ശിരസ് താഴ്ത്തുന്നതാണ് സംഭവമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു.

കുറ്റക്കാർക്കെതിരേ നടപടിവേണമെന്ന് എച്ച്. സലാം എംഎൽഎ ആവശ്യപ്പെട്ടു. 'ആർക്കും നീതീകരിക്കാൻ കഴിയുന്ന സംഭവമല്ല ഉണ്ടായിരിക്കുന്നത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്കെതിരേ കർശനനിലപാട് സ്വീകരിക്കണം. ഗൗരവകരമായ അന്വേഷണം ആരോഗ്യവകുപ്പ് നടത്തണം. സംഭവിക്കാനിടയായ സാഹചര്യം അന്വേഷിച്ച് ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഒരു ഡോക്ടർ പിഴവുവരുത്തിയാൽ, അത് ആശുപത്രിയുടെ ആകെ പിഴവല്ല', അദ്ദേഹം കൂട്ടിച്ചേർത്തു.