
• വേണുവിന്റെ മൃതദേഹം കൊല്ലം പന്മനമനയിലെ പൂജാഭവനത്തിൽ കൊണ്ടുവന്നപ്പോൾ വിലപിക്കുന്ന ഭാര്യ സിന്ധുവും(നടുവിൽ) മക്കളായ വർഷയും വിദ്യയും |ഫോട്ടോ:സി.ആർ.ഗിരീഷ് കുമാർ
കൊല്ലം: ‘കൈയിൽ കാശുണ്ടായിരുന്നെങ്കിൽ ഏതെങ്കിലും സ്വകാര്യ ആശുപത്രിയിൽ പോയാൽ ആ നിമിഷം ആൻജിയോഗ്രാമും തുടർചികിത്സയും ഉറപ്പാക്കിയേനേ... വേണു ജീവിതത്തിലേക്ക് തിരികെവന്നേനെ...’ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒരേ ചിന്ത. എന്നാൽ വെള്ളിയാഴ്ച ദേഹാസ്വാസ്ഥ്യം തോന്നിയ വേണു സർക്കാർ ആശുപത്രിയെയാണ് ശരണംപ്രാപിച്ചത്. ഓട്ടോറിക്ഷാ തൊഴിലാളിക്ക് അതിനുള്ള കഴിവേയുണ്ടായിരുന്നുള്ളു. നീണ്ടകര താലൂക്ക് ആശുപത്രിയിൽനിന്ന് ജില്ലാ ആശുപത്രിയിലേക്കു വിട്ടു. അവിടെനിന്ന് എത്രയുംവേഗം ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിക്കാൻ ഡോക്ടർമാർ പറഞ്ഞപ്രകാരമാണ് വേണുവും ഭാര്യ സിന്ധുവും പോയത്.
പക്ഷേ, വെള്ളിയാഴ്ച രാത്രിയെത്തിയ അവർക്ക് ആറാംദിവസമായിട്ടും ചികിത്സയൊന്നും ലഭിച്ചില്ല. ചോദിക്കാവുന്നവരോടെല്ലാം ചോദിച്ചിട്ടും ആരും ഗൗനിച്ചില്ലെന്നു വേണുവിന്റെ വേർപാടിൽ വേദന താങ്ങാനാകാതെ കരയുന്ന സിന്ധു പറയുന്നു.
ബുധനാഴ്ച വൈകീട്ട് ആശുപത്രിയിലെത്തണമെന്ന് ഫോൺ വന്നപ്പോഴാണ് അനിയൻ ബേബി എത്തിയത്. എന്നാൽ എട്ടരയോടെ ജ്യേഷ്ഠൻ ഈ ലോകം വിട്ടുപോയെന്ന വിവരമാണ് അയാൾ അറിയുന്നത്. ‘ഒന്നു കാണാൻപോലും അവർ ആദ്യം സമ്മതിച്ചില്ല.. പോയി പാസ് എടുത്ത് വരാൻ പറഞ്ഞു. എന്റെ ഏട്ടനാ മരിച്ചുകിടക്കുന്നെ, എനിക്ക് കണ്ടേപറ്റു എന്നു ശബ്ദമുയർത്തി പറഞ്ഞപ്പോഴാണ് അവർ അകത്തേക്കു വിട്ടത്’, ബേബി പറഞ്ഞു.
കുടുംബത്തിന്റെ അത്താണിയാണ് നഷ്ടപ്പെട്ടത്. ഓട്ടോറിക്ഷ ഓടിച്ച് കഷ്ടപ്പെട്ടാണ് വേണു മൂന്നു സെന്റും ഈ കൊച്ചുവീടും ഉണ്ടാക്കിയത്. ഭാര്യ സിന്ധു തെക്കൻഗുരുവായൂരിൽ ഒരു സ്വകാര്യ സ്കൂളിൽ ടീച്ചറാണ്. മക്കളുടെ കാര്യത്തിലെല്ലാം വലിയ സ്വപ്നങ്ങളായിരുന്നു. മൂത്തയാൾ ബിരുദം കഴിഞ്ഞു. രണ്ടാമത്തെ മകൾ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. കഴിഞ്ഞവർഷം വെറ്ററിനറി സയൻസിന് കിട്ടിയിരുന്നു. എൻട്രൻസ് പരിശീലനകേന്ദ്രം അവളെയിപ്പോൾ സൗജന്യമായി പഠിപ്പിക്കുകയാണെന്ന് ബന്ധുക്കൾ കൂട്ടിച്ചേർത്തു.
സിന്ധുവിന്റെ നിലവിളി ഉയരുമ്പോൾ മകൾ ദിവ്യയും വർഷയും അച്ഛന്റെ ദേഹത്തിനു മേലേക്ക് വീണുകിടന്നുകരഞ്ഞു. തങ്ങളുടെ പ്രിയപ്പെട്ടവനെ ഇല്ലാതാക്കിയ ആശുപത്രി അധികൃതരുടെ ഉദാസീനതയും അലംഭാവവും പുറത്ത് സുഹൃത്തുക്കളിലും പ്രതിഷേധമായി പടരുന്നുണ്ടായിരുന്നു. ഇടപ്പള്ളിക്കോട്ടയിലെ ഓട്ടോ ഡ്രൈവർമാർ റോഡ് ഉപരോധിച്ചു. ഇടപ്പള്ളിക്കോട്ടയിലെ അടിപ്പാത സമരത്തിനെല്ളാം മുൻപന്തിയിലുണ്ടായിരുന്ന വേണു ഒരു പൊതുപ്രവർത്തകൻ കൂടെയാണ്.
വിവരമറിഞ്ഞ് ചെന്നൈയിൽനിന്ന് സിന്ധുവിന്റെ അമ്മ യശോദയെത്തി. വേണുവിന്റെ അമ്മായികൂടെയാണവർ. മൃതദേഹം നാലുമണിയോടെ പൂജാഭവനിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
പരേതനായ കുട്ടനാണ് വേണുവിന്റെ അച്ഛൻ. അമ്മ: സരസമ്മ. സഹോദരങ്ങൾ: ബാബു, ഓമനക്കുട്ടൻ, ബേബി, യശോധരൻ, വസന്ത.
പ്രതിക്കൂട്ടിലാക്കി രോഗിയുടെ ‘മരണമൊഴി’
തനിക്കു വേണ്ട ചികിത്സ ലഭിക്കുന്നില്ലെന്ന ശബ്ദസന്ദേശം സുഹൃത്തിന് അയച്ചതിനുപിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗി മരിച്ചു. ഹൃദ്രോഗചികിത്സയ്ക്ക് കൊല്ലം താലൂക്ക് ആശുപത്രിയിൽനിന്ന് റഫർ ചെയ്ത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിയ കൊല്ലം പന്മനമനയിലെ പൂജാ ഭവനത്തിൽ വേണു(48) ആണ് മരിച്ചത്.
ഓട്ടോഡ്രൈവറാണ്. അഞ്ചു ദിവസം കാത്തിരുന്നിട്ടും ആൻജിയോഗ്രാമിനു സമയം കിട്ടാതെയാണ് വേണു മരിച്ചതെന്നും ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിനു കാരണമെന്നും ബന്ധുക്കൾ ആരോപിച്ചു. ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നൽകി.
രോഗിക്കു ചികിത്സ നൽകിയിരുന്നുവെന്നും എന്നാൽ, ആൻജിയോഗ്രാം ചെയ്യാവുന്ന ശാരീരികാവസ്ഥയായിരുന്നില്ല വേണുവിന്റേതെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് വേണു ശബ്ദസന്ദേശം റെക്കോഡ് ചെയ്ത് സുഹൃത്തിന് അയച്ചത്. അന്നു രാത്രി അദ്ദേഹം മരിച്ചു. സിന്ധുവാണ് വേണുവിന്റെ ഭാര്യ. മക്കൾ: വിദ്യാ വേണു, വർഷാ വേണു.
'ഈ അനാസ്ഥ ലോകം അറിയണം'; വേണു സുഹൃത്തിനയച്ച ശബ്ദസന്ദേശത്തിന്റെ ചുരുക്കം
"ഡേ അൻവർ സാദേ... സമൂലം അഴിമതികൊണ്ട് ആറാടിയിരിക്ക്യാ തിരുവനന്തപുരം മെഡിക്കൽ കോളേജ്. യൂണിഫോമിട്ടിരിക്കുന്നൊരാളിനോട് നമ്മളൊരു കാര്യം ചോദിച്ചാൽ നായയെ നോക്കുന്ന കണ്ണുകൊണ്ടുപോലും നോക്കാൻ ശ്രമിക്കത്തില്ല. ഇവിടെ കൈക്കൂലി... കൈക്കൂലിയുടെ ഏറ്റവും വലിയ ബഹളം.
വെള്ളിയാഴ്ച രാത്രി ഞാനിവിടെ വന്നതാ. എമർജൻസി ആൻജിയോഗ്രാം ചെയ്യുന്നതിന് വേണ്ടീട്ട്. ഇന്ന് ആറുദിവസം തികയാ. കിട്ടുന്നതിൽവെച്ച് ഏറ്റവുംവേഗം പോവുന്ന ആംബുലൻസ് പിടിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് പോണോന്നും പറഞ്ഞുവിട്ട് വന്ന പേഷ്യന്റാ ഞാന്. ഡോക്ടറിനോട് പലതവണ ഞാൻ ചോദിച്ചു. എന്റെ പേരിലുള്ള ഈ ചികിത്സ എപ്പോ നടക്കുന്ന്. അവർക്ക് യാതൊരുവിധ ഐഡിയയുമില്ല. സാധാരണക്കാരുടെ ഏറ്റവും വലിയ ആശയും ആശ്രയവുമായിരിക്കേണ്ട ഈ സർക്കാർ ആതുരാലയം വെറും വിഴുപ്പുകെട്ടുകളുടെ, ശാപങ്ങളുടെ പറുദീസയായി മാറിയിരിക്കുകയാണ്. എന്റെ ജീവന് എന്തെങ്കിലും അപായം സംഭവിച്ചാൽ, ഇവിടത്തെ ഈ ഉദ്യോഗസ്ഥരുടെ അനാസ്ഥ എന്റെ ഈ വോയ്‌സ്‌കൊണ്ട് പുറംലോകത്തെ അറിയിക്കണം."
ശബ്‌ദസന്ദേശം മരണമൊഴിയായി കണക്കാക്കി കേസെടുക്കണം-പ്രേമചന്ദ്രൻ
പന്മന മനയിൽ സ്വദേശി വേണു തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അനാസ്ഥയെക്കുറിച്ച് നൽകിയ ശബ്ദസന്ദേശം മരണമൊഴിയായി കണക്കാക്കി ഉത്തരവാദികളായവരുടെ പേരിൽ നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്യണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി.
വേണുവിന് അന്ത്യോപചാരം അർപ്പിക്കാനെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോക്ടറുടെ അനാസ്ഥയാണോ ഉപകരണങ്ങളുടെ അപര്യാപ്തതയാണോ ചികിത്സ നിഷേധിക്കാൻ കാരണമെന്ന് വ്യക്തമാകാൻ കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്രമായൊരു അന്വേഷണം വേണം.
മെഡിക്കൽ കോളേജിലെ ചികിത്സാ ഉപകരണങ്ങളുടെ അപര്യാപ്തത പുറംലോകത്തെ അറിയിച്ച ഡോ. ഹാരിസിനെ മാനസികരോഗ ചികിത്സാകേന്ദ്രത്തിൽ എത്തിക്കുന്ന തരത്തിലുള്ള ക്രൂരമായ നടപടികളാണ് സർക്കാർ സ്വീകരിച്ചത്.
പുറത്തുനിന്ന് സാധനങ്ങൾ വാങ്ങിയെങ്കിലും ചികിത്സ കൊടുക്കാൻ ഡോക്ടർ ശ്രമിച്ചാൽ സ്വന്തം ജോലി അപകടത്തിലാകുമെന്ന സന്ദേശമാണ് ഡോ. ഹാരിസ് സംഭവത്തിലൂടെ സംസ്ഥാന സർക്കാർ നൽകിയതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
Content Highlights: Kerala Medical College Apathy Alleged in Auto Driver's Death, Family Seeks Justice
Published: 07 Nov 2025, 07:14 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented