പത്തനാപുരം: പാമ്പുശല്യം കാരണം വീട്ടിൽ കയറാനാകാതെ ബന്ധുവീട്ടിൽ അഭയംതേടി ഒരു കുടുംബം. പിടവൂർ മൂലംകോട് രാജേഷ്ഭവനിൽ രാജേഷും കുടുംബവുമാണ് ഇത്തരത്തിൽ ദുരിതമനുഭവിക്കുന്നത്. കടുത്ത പാമ്പുശല്യമാണ് നേരിടുന്നതെന്ന് കുടുംബം പറയുന്നു.

To advertise here,

പത്താംക്ലാസ് വിദ്യാർഥിയായ മകളെ പാമ്പുകടിച്ചതോടെ രാജേഷും ഭാര്യയും രണ്ട് പെൺമക്കളും ഉൾപ്പെടുന്ന കുടുംബം വീടൊഴിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് മകൾ രേവതിക്ക് ഉറങ്ങിക്കിടന്നപ്പോൾ പാമ്പിന്റെ കടിയേറ്റത്. വീടിന്റെ മേൽക്കൂരയിൽനിന്ന് എലിയോടൊപ്പം കുട്ടിയുടെ ശരീരത്തിൽവീണ പാമ്പ് കടിക്കുകയായിരുന്നു.

പുനലൂർ താലൂക്ക് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി സുഖം പ്രാപിച്ചുവരുന്നു. പിറ്റേദിവസം ഭക്ഷണം പാകംചെയ്യുന്നതിനിടെ അടുക്കളയിൽവെച്ച് രാജേഷിന്റെ ഇളയമകൾ രേണുകയുടെ കാലിൽ പാമ്പ് ചുറ്റാൻ ശ്രമിച്ചെങ്കിലും കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു.

അന്നുരാത്രിയും പാമ്പിൻകുഞ്ഞുങ്ങളെ വീട്ടിൽ കണ്ടെത്തി. മൺത്തറയിൽ വിരിച്ചിരുന്ന ടാർപ്പൊളിൻ ഷീറ്റ് നീക്കംചെയ്തപ്പോൾ അടുക്കളയിലും രണ്ടുമുറികളിലും ഒട്ടേറെ പാമ്പുകളെ കണ്ടെത്തി. വിവരമറിഞ്ഞ് വനപാലകസംഘം എത്തിയെങ്കിലും വീട്ടിൽ പലയിടത്തായുള്ള മാളങ്ങളിൽ ഒളിച്ച പാമ്പുകളെ പിടികൂടാനായില്ല.

വീടിനുള്ളിൽനിന്ന് ഗൃഹോപകരണങ്ങളെല്ലാം മാറ്റിയശേഷം ഇപ്പോൾ സമീപത്തെ ബന്ധുവീട്ടിലാണ് ഇവരുടെ താമസം. വീടിനുള്ളിലെ മാളങ്ങൾ അടയ്ക്കാൻ നോക്കിയപ്പോൾ തറയിൽനിന്ന് പാമ്പുകൾ പുറത്തേക്കിറങ്ങുകയാണ്.

വർഷങ്ങൾക്കുമുൻപ് ബ്ലോക്ക് പഞ്ചായത്തിൽനിന്ന് അനുവദിച്ച വീടാണിത്. വീടുനിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. തറകെട്ടിയ പാറകളുടെയും സിമന്റ് കട്ടകളുടെയും ഇടയിൽ നിറയെ വിടവുകളാണ്. സിമന്റ് തേച്ച് വിടവുകൾ അടയ്ക്കാൻ കഴിയാത്തതിനാൽ ഇവിടെയെല്ലാം പാമ്പുകൾ താവളമാക്കുകയായിരുന്നു. വീട്ടിൽ എലിശല്യവും രൂക്ഷമാണ്.

വീടുപണി പൂർത്തിയാക്കാൻ തടസ്സം സാമ്പത്തികബുദ്ധിമുട്ടുകളാണ്. രാജേഷിന്റെ ഭാര്യ സൂര്യ വീട്ടുജോലികൾ ചെയ്താണ് കുടുംബം പോറ്റുന്നത്. രാജേഷിന് നട്ടെല്ലിന് ക്ഷതമേറ്റതിനെത്തുടർന്ന് ജോലിക്കുപോകാൻ കഴിയാത്ത അവസ്ഥയാണ്. പാമ്പുശല്യം കാരണം വീട് പൊളിക്കേണ്ട സ്ഥിതിയിലാണെന്ന് കുടുംബം പറയുന്നു.