പത്തനംതിട്ട: പോളിങ് ശതമാനം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ ഉയർന്നു. അതിനുമുൻപുനടന്നതിനൊപ്പമെത്തി-ഇതാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ജില്ലയിലെ പ്രത്യേകത.
വോട്ടിങ് ശതമാനം ഉയർന്നത് ആർക്ക് അനുകൂലമാകും എന്ന ചിന്തയിലാണ് മുന്നണി സ്ഥാനാർഥികൾ. ഇനിയുള്ള ദിവസങ്ങൾ കൂട്ടിക്കിഴിക്കലുകളുടെ നാളുകളാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം കുറച്ചുദിവസങ്ങളേ പ്രചാരണത്തിന് കിട്ടിയുള്ളൂവെങ്കിലും മൂന്നു മുന്നണികളുടെയും നേതാക്കൾ ജില്ലയിലെത്തി പ്രചാരണം നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരുടെ വരവ് പ്രവർത്തകരിൽ വലിയ ആവേശമാണ് തീർത്തത്. ഇതെല്ലാം വോട്ടായി മാറുമെന്ന് മുന്നണികൾ കരുതുന്നു. വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിന് (എസ്.െഎ.ആർ.)ശേഷം നിലവിൽ വന്ന വോട്ടർ പട്ടിക പ്രകാരമാണ് തിരഞ്ഞെടുപ്പ് നടന്നത്. സ്ഥലത്തില്ലാത്തവരം മരണപ്പെട്ടവരുമായ ആളുകളെ ഒഴിവാക്കി തയ്യാറാക്കിയ വോട്ടർ പട്ടികയും ജില്ലയിൽ പോളിങ് ശതമാനം ഉയരാൻ ഇടയാക്കിയിട്ടുണ്ട്.
ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലായി ആകെയുള്ള 9,80,144 വോട്ടർമാരിൽ 6,93,604 പേർ വോട്ട് ചെയ്തു. 3,26,249 പുരുഷൻമാരും 3,67,353 സ്ത്രീകളും രണ്ട് ട്രാൻസ്ജെൻഡർമാരും വോട്ടവകാശം വിനിയോഗിച്ചു. 5,10,955 സ്ത്രീകളും 4,69,184 പുരുഷന്മാരും അഞ്ച് ട്രാൻസ്ജെൻഡർ വോട്ടർമാരുമാണ് ജില്ലയിലുള്ളത്.
ഏറ്റവും കൂടുതൽ വോട്ടിഗ് ശതമാനം അടൂരാണ്. 73.51 ശതമാനം. കുറവ് റാന്നി. 68.99 ശതമാനം. തിരുവല്ല-69.47, ആറന്മുള-71.5, കോന്നി-70.03 എന്നിങ്ങനെയാണ് മറ്റ് നിയോജകമണ്ഡലങ്ങളിലെ പോളിങ്.
2021-ൽ 67.18 ശതമാനമായിരുന്ന സ്ഥാനത്ത് ഇത്തവണ പോളിങ് ശതമാനം 70.77 ശതമാനമാണ്. 2016-ൽ 71.66 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോന്നിയിൽ മാത്രമാണ് യു.ഡി.എഫ്. വിജയിച്ചത്. 2019-ലെ ഉപതിരഞ്ഞെടുപ്പിൽ അത് നഷ്ടമാകുകയും ചെയ്തു. 2021-ൽ ജില്ല പൂർണമായും എൽ.ഡി.എഫ്. കീഴടക്കി.
9,80,144 വോട്ടർമാരിൽ 6,93,604 പേർ വോട്ടുചെയ്തു
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ ജില്ലയിലുണ്ടായിരുന്നത് 9,80,144 വോട്ടർമാരാണ്. പുരുഷവോട്ടർമാരിൽ 3,26,249 പേരും സ്ത്രീ വോട്ടർമാരിൽ 3,67,353 പേരും ട്രാൻസ്‌ജെൻഡർമാരിൽ രണ്ടുപേരും ഉൾപ്പെടെ 6,93,604 പേരാണ് വ്യാഴാഴ്ച വോട്ടുചെയ്തത്. സ്ത്രീകൾ 5,10,955, പുരുഷന്മാർ 4,69,184, ട്രാൻസ്ജെൻഡർ അഞ്ച് എന്നിങ്ങനെയാണ് വോട്ടർമാരുടെ എണ്ണം. ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് ആറന്മുള മണ്ഡലത്തിൽ, 2,15,168 പേർ. കുറവ് റാന്നി, 1,76,015. അടൂർ 2,01,200 പേർ, തിരുവല്ല 1,98,395, കോന്നി 1,89,366 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ കണക്ക്. 2789 പുരുഷന്മാരും 1308 സ്ത്രീകളുമുൾപ്പെടെ 4097 പ്രവാസി വോട്ടർമാർ ജില്ലയിലുണ്ട്. ആറന്മുള 1,054, തിരുവല്ല 980, അടൂർ 838, റാന്നി 623, കോന്നി 602 എന്നിങ്ങനെയാണ് മണ്ഡലം തിരിച്ചുള്ള കണക്ക്.
തിരുവല്ലയിൽ പോളിങ് കൂടി; ത്രികോണപ്പോരിന് വീര്യവും കൂടി
നിയോജകമണ്ഡലത്തിൽ ചരിത്രത്തിൽ ആദ്യമായി എൽ.ഡി.എഫ്., യു.ഡി.എഫ്., എൻ.ഡി.എ. മുന്നണികൾ കട്ടയ്ക്ക് മത്സരിച്ച തിരഞ്ഞെടുപ്പാണ് കഴിഞ്ഞതെന്ന് മൂന്ന് മുന്നണികളും വിലയിരുത്തുന്നുണ്ട്. പോളിങ് ശതമാനം കഴിഞ്ഞ തവണത്തേക്കാൾ കൂടിയെങ്കിലും വോട്ടു ചെയ്തവരുടെ എണ്ണത്തിൽ വർധനവില്ല. പരിഷ്‌കരിച്ച വോട്ടർ പട്ടിക പ്രകാരം ഇത്തവണ വോട്ടെടുപ്പ് നടന്നതിനാൽ ശതമാന കണക്ക് ഉയർന്നു. വോട്ടെണ്ണലിന് മൂന്നാഴ്ചയിലധികം സമയമുള്ളതിനാൽ അണിയറ പ്രവർത്തകരാരും ബൂത്തുതല വിശകലനം കാര്യമായി നടത്തിയിട്ടില്ല. മല്ലപ്പള്ളി, ആനിക്കാട്, കല്ലൂപ്പാറ, പുറമറ്റം ഉൾപ്പെടുന്ന മലയോര മേഖലകളിൽ യു.ഡി.എഫ്. നേട്ടം കൊയ്യുമെന്നാണ് മുന്നണിയുടെ വിലയിരുത്തൽ. നഗരസഭയിലും ഭൂരിപക്ഷം യു.ഡി.എഫ്. ഉറപ്പിക്കുന്നു. പെരിങ്ങരയിലും കടപ്രയിലും നേരിയ ഭൂരിപക്ഷം ലഭിക്കുമെന്നാണ് വിലയിരുത്തൽ. എന്നാൽ, എൽ.ഡി.എഫ്. മല്ലപ്പള്ളി, ആനിക്കാട്, കല്ലൂപ്പാറ, കുറ്റൂർ പഞ്ചായത്തുകൾ ഒഴിച്ചുള്ളിടത്ത് ഭൂരിപക്ഷം നേടി വിജയിക്കുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. എൻ.ഡി.എ. തിരുവല്ല നഗരസഭയിലും കുറ്റൂർ, നെടുമ്പ്രം, പെരിങ്ങര, കവിയൂർ, കുന്നന്താനം പഞ്ചായത്തുകളിലും വൻ മുന്നേറ്റമുണ്ടാക്കി ജയം നേടുമെന്നാണ് വിലയിരുത്തൽ.
ആറന്മുളയിലെ പ്രതീക്ഷ പോളിങ്ങിലെ 4.28 ശതമാനം വർധനയിൽ
നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിങ് ശതമാനത്തിലെ വർധനവിൽ വിജയ പ്രതീക്ഷ പുലർത്തുകയാണ് മൂന്ന് മുന്നണി സ്ഥാനാർഥികളും നേതാക്കളും. 2021-ൽ 65.45 ശതമാനം വോട്ട് പോൾ ചെയ്‌തെങ്കിൽ വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 69.74 ശതമാനം പോളിങ് നടന്നു. 4.28 ശതമാനം വോട്ടിന്റെ വർധനയാണ് മുന്നണികൾ പ്രതീക്ഷവെച്ചുപുലർത്താൻ കാരണം. നിലവിലെ സ്ഥിതിയിൽ എൽ.ഡി.എഫ്. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം വർധിപ്പിക്കുമെന്ന് ഉറച്ചവിശ്വാസത്തിലാണ് സ്ഥാനാർഥിയും നേതാക്കളും. എന്നാൽ, വോട്ടിങ്ങിൽ വന്ന വർധന തങ്ങൾക്ക് അനുകൂലമാണന്ന് യു.ഡി.എഫ്. സ്ഥാനാർഥിയും മുന്നണി നേതാക്കളും ഉറച്ച് വിശ്വസിക്കുന്നു. വോട്ടിങ്ങിലെ വർധന എൻ.ഡി.എ.യ്ക്ക് അനുകൂലതരംഗം മണ്ഡലത്തിൽ സൃഷ്ടിച്ചിട്ടുണ്ടന്ന് സ്ഥാനാർഥിയും ഒപ്പമുണ്ടായിരുന്ന നേതാക്കളും അവകാശപ്പെടുന്നു. എന്നാൽ, 2019-ൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 72 ശതമാനം പോളിങ്ങ് നടന്നപ്പോൾ 2024-ൽ അത് 61.16 ആയി കുറഞ്ഞു. ഈ കണക്കുകൾ പ്രകാരം വോട്ടിങ്ങിൽ ഉണ്ടായിട്ടുള്ള വർധനവിന്റെ അടിയൊഴുക്ക് മണ്ഡലത്തിൽ വിജയം പ്രവചനാതീതമാക്കിയിട്ടുണ്ട്.
അടൂരിൽ ഒരുശതമാനം പോളിങ് കൂടി; ആര് കിരീടത്തിൽ മുത്തമിടും
നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂർ നിയോജകമണ്ഡത്തിൽ 73.5 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. മൊത്തം 201200 വോട്ടർമാരിൽ 147144 പേർ വോട്ട് ചെയ്തു. 67539 പുരുഷന്മാരും 79604 സ്ത്രീകളും ഒരു ട്രാൻസ്ജൻഡറും വോട്ട് ചെയ്തു. 2021-ൽ പോളിങ് 72.04 ശതമാനമായിരുന്നു. 2021-ൽ മൊത്തം 208099 വോട്ടർമാരിൽ 149927 പേർ വോട്ടുചെയ്തു. 2783-ന്റെ കുറവാണ് വോട്ടെണ്ണത്തിൽ ഉള്ളത്. എന്നാൽ എസ്.ഐ.ആറിന് ശേഷം ഏഴായിരത്തോളം വോട്ടർമാരുടെ വ്യത്യാസം വന്നതിനാൽ ഇത് വലിയ കുറവായി കണക്കാക്കാനാവില്ല. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 68.74-ഉം, 2024-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 67.43 ശതമാനവുമായിരുന്നു പോളിങ്. അങ്ങനെ കണക്കാക്കുമ്പോൾ മികച്ച പോളിങ്ങാണ് മണ്ഡലത്തിൽ നടന്നത്. മണ്ഡലത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ക്രമാനുഗതമായാണ് വോട്ടിങ് നടന്നിട്ടുള്ളത്. മണ്ഡലത്തിലെ ഒൻപത് തദ്ദേശസ്ഥാപനങ്ങളിൽ പള്ളിക്കൽ പഞ്ചായത്തിൽ മാത്രമായിരുന്നു തദ്ദേശതിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കൂടിയത്. അടൂർ, പന്തളം നഗരസഭകളിലും വലിയരീതിയിൽ പോളിങ് കുറഞ്ഞിരുന്നു. എന്നാൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ എല്ലായിടത്തും വോട്ടിങ് ശതമാനം കൂടിയിട്ടുണ്ട്. 90 ശതമാനം ബൂത്തുകളിലും 70 ശതമാനത്തിന് മുകളിലാണ് വോട്ടിങ്.
കഴിഞ്ഞ തവണത്തെക്കാൾ കോന്നിയിൽ കുറഞ്ഞു
2021-ലെ തിരഞ്ഞെടുപ്പിൽ കോന്നിയിൽ 71.42 ശതമാനം പേർ വോട്ടുചെയ്തു. കഴിഞ്ഞ തവണത്തേക്കാൾ 1.4 ശതമാനം കുറവാണ് ഇത്തവണ കാണിക്കുന്നത്. നിയോജകമണ്ഡലത്തിലെ ഒരു പോളിങ് സ്റ്റേഷനിലും 1000 വോട്ട് തികച്ച് രേഖപ്പെടുത്തിയിട്ടില്ല. 228 പോളിങ് സ്റ്റേഷനുകളാണ് കോന്നി മണ്ഡലത്തിലുള്ളത്. 1000 വോട്ടർമാരുള്ള രണ്ട് പോളിങ് സ്റ്റേഷനുകളും 1000-ത്തിന് മേൽ വോട്ടർമാരുള്ള 36 പോളിങ് സ്റ്റേഷനുകളുമാണുള്ളത്. ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് വള്ളിക്കോട് പഞ്ചായത്തിലെ 151-ാം നമ്പർ വാഴമുട്ടം നാഷണൽ യു.പി.സ്‌കൂൾ പോളിങ് സ്റ്റേഷനായിരുന്നു. 794 പേർ മാത്രമേ ഇവിടെ വോട്ട് രേഖപ്പെടുത്തിയുള്ളൂ. അതിൽ 355 പുരുഷൻമാരും 439 സ്ത്രീകളുമുണ്ട്. മറ്റുള്ളിടങ്ങളിലെല്ലാം ആകെയുള്ള വോട്ടർമാരേക്കാൾ കുറവാണ് വോട്ട് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് വോട്ടർമാർ ഉണ്ടായിരുന്നത് അരുവാപ്പുലം പഞ്ചായത്തിലെ 228-ാം നമ്പർ പോളിങ് സ്റ്റേഷനായ ആവണിപ്പാറ അങ്കണവാടിയിലായിരുന്നു. 71 വോട്ടർമാർ. ഇതിൽ 52 പേരാണ് വോട്ട് ചെയ്തത്. 22 പുരുഷൻമാരും 30 സ്ത്രീകളും.
1,32,594 പേരാണ് കോന്നി നിയോജകമണ്ഡലത്തിൽ വോട്ടവകാശം വിനിയോഗിച്ചത്. ഇതിൽ 61,192 പുരുഷൻമാരും 71,402 സ്ത്രീകളും ഉൾപ്പെടും. ആകെ 1,89,366 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ശതമാനക്കണക്കിൽ 70.03 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 64.24 ശതമാനമായിരുന്നു പോളിങ്. അതിനേക്കാൾ 5.78 ശതമാനം വോട്ടിങ് ഉയർന്നിട്ടുണ്ട്.
റാന്നിയിൽ പോളിങ് കുറഞ്ഞു; നേട്ടം ഉറപ്പിച്ച് മുന്നണികൾ
മണ്ഡലത്തിൽ എൽ.ഡി.എഫ്., യു.ഡി.എഫ്. മുന്നണികൾ തമ്മിൽ കനത്ത പോരാട്ടമാണ് നടന്നത്. എൻ.ഡി.എ.യും പ്രചാരണത്തിൽ ഒട്ടും പിന്നിലായിരുന്നില്ല. എൽ.ഡി.എഫ്. പ്രചാരണത്തിന്റെ തുടക്കത്തിൽ ഏറെ മുന്നിലായിരുന്നെങ്കിലും യു.ഡി.എഫ്. അവസാന ഘട്ടത്തിലെത്തിയപ്പോഴേക്കും ഒപ്പത്തിനൊപ്പം എത്തുന്ന കാഴ്ചയാണ് കണ്ടത്. പോളിങ് ശതമാനം 65.99-ൽനിന്ന് 68.9 ലേക്ക് ഉയർന്നെങ്കിലും വോട്ടുചെയ്തവരുടെ എണ്ണത്തിൽ അയ്യായിരത്തിലധികം കുറയുകയാണുണ്ടായത്. 5000-ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ. എന്നാൽ, ഇക്കുറി വിജയം തങ്ങൾക്കാണെന്ന് ഉറപ്പിച്ച് പറയുകയാണ് യു.ഡി.എഫ്.. മണ്ഡലത്തിൽ മികച്ചപ്രകടനം കാഴ്ച വയ്ക്കാനായെന്ന ആത്മവിശ്വാസത്തിലാണ് എൻ.ഡി.എ.
പെരുനാട് പഞ്ചായത്തിൽനിന്ന് വൻ ഭൂരിപക്ഷമാണ് എൽ.ഡി.എഫ്. പ്രതീക്ഷിക്കുന്നത്. എന്നാൽ, ഇക്കുറി ശക്തമായ പ്രചാരണമാണുണ്ടായതെന്നും ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്ന പഞ്ചായത്തിൽ ഇക്കറി അതുണ്ടാവില്ലെന്നുമാണ് മറ്റ് രണ്ട് മുന്നണി നേതാക്കളും പറയുന്നത്. റാന്നി, കൊറ്റനാട്, കോട്ടാങ്ങൽ, അയിരൂർ പഞ്ചായത്തുകളിലൊക്കെ എൽ.ഡി.എഫ്. ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു പെരുനാട്, റാന്നി ഒഴികെയുള്ള പഞ്ചായത്തുകളിലെല്ലാം മുന്നിലെത്തുമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷ.
Content Highlights: Overall voter turnout in Pathanamthitta recorded at 70.77% for the 2026 assembly elections., Adoor constituency saw the highest polling at 73.51%, while Ranni recorded the lowest at 68.99%., Voter turnout increased compared to 2021, influenced by the updated SIR voter list., Major political fronts (LDF, UDF, NDA) are analyzing the polling data to predict victory margins., Polling stations across the five assembly segments reported varying levels of participation, impacting candidate confidence.
Published: 11 Apr 2026, 03:22 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented