
പെരുമ്പാവൂർ: മലയിടംതുരുത്ത് പര്യത്ത് ഉന്നതിയിലെ കുടിയൊഴിപ്പിക്കൽ നടപടി 23-ന് തുടരണമെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ കർശന നിർദേശം. നടപടികൾ 23-ന് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്തദിവസം തുടരണം. 25-ന് വൈകീട്ട് 3-നകം നടപടിയുടെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ഹൈക്കോടതി നിർദേശിച്ചിട്ടും ഒഴിപ്പിക്കൽ നടപടി വൈകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി വിലയിരുത്തി. പോലീസിന് ഇക്കാര്യത്തിൽ വീഴ്ച സംഭവിക്കാൻ പാടില്ല. അഭിഭാഷക കമ്മിഷൻ, കോടതി ഉദ്യോഗസ്ഥർ, റവന്യൂ ഉദ്യോഗസ്ഥർ, വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്ക് പോലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് എറണാകുളം റൂറൽ എസ്.പി.ക്ക് കോടതി നിർദേശം നൽകി.
യു.ഡി.എഫ്. സർക്കാരിനെതിരേയുള്ള ആദ്യസമരമെന്ന് സി.പി.എം.
കിഴക്കമ്പലം: മലയിടംതുരുത്ത് പര്യത്ത്കാവ് ഉന്നതിയിലെ എട്ടുകുടുംബങ്ങൾക്ക് പട്ടയം നൽകണമെന്നാവശ്യപ്പെട്ട് സി.പി.എം., കെ.എസ്.കെ.ടി.യു., പട്ടികജാതി ക്ഷേമസമിതി എന്നിവരുടെ നേതൃത്വത്തിൽ പര്യത്ത്കാവ് ഉന്നതിക്കു മുന്നിൽ സംരക്ഷണ സദസ്സ് നടത്തി. വി.ഡി. സതീശൻ സർക്കാരിനെതിരേ നടത്തുന്ന ആദ്യ സമരമാണിതെന്ന് നേതാക്കൾ പറഞ്ഞു.
സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം പി. രാജീവ് സംരക്ഷണസദസ്സ് ഉദ്ഘാടനം ചെയ്തു. ഇവിടത്തെ 19 ഏക്കർ വരുന്ന സ്ഥലം മുഴുവനും സർവേ നടപടികൾ പൂർത്തീകരിച്ച് പ്രശ്‌നത്തിന് പരിഹാരം കാണാനാണ് മുൻ സർക്കാർ തീരുമാനിച്ചത്. എന്നാൽ പുതിയ സർക്കാർ ബലം പ്രയോഗിച്ച് ദളിത് വിഭാഗത്തിൽപ്പെട്ടവരെ കുടിയിറക്കാം എന്നാണ് കരുതുന്നതെങ്കിൽ അത്തരത്തിലുള്ള നടപടി അംഗീകരിക്കില്ലെന്നും പി. രാജീവ് പറഞ്ഞു. ഏരിയ കമ്മിറ്റി അംഗം കെ.പി. അശോകൻ അധ്യക്ഷനായി.
പി.വി. ശ്രീനിജിൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എൻ.സി. മോഹനൻ, പി.എസ്. ഷൈല, കെ.കെ. ഏലിയാസ്, എം.ബി. ഷൈനി, ഏരിയ സെക്രട്ടറി സി.എം. അബ്ദുൾ കരീം എന്നിവർ സംസാരിച്ചു.
ബുധനാഴ്ച ഉന്നതിയിലെ കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള കോടതി ഉത്തരവു നടപ്പാക്കാനെത്തിയവരെ ഉന്നതി നിവാസികൾ തടഞ്ഞിരുന്നു. തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം സംഘർഷാവസ്ഥയുണ്ടായി. പോലീസ് ബലപ്രയോഗത്തിലൂടെ സമരക്കാരെ നീക്കം ചെയ്യുന്നതിനിടെ ഒട്ടേറെ പേർക്ക് പരിക്കേറ്റു. സ്ത്രീകൾക്ക് നേരെ കൈയേറ്റമുണ്ടായെന്നും പോലീസിന്റെപേരിൽ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് സമരക്കാർ രംഗത്തുവന്നു.
58 വർഷം മുൻപ് തന്റെ ഭൂമി പട്ടികജാതി വിഭാഗത്തിൽപ്പെട്ട കാളുകുറുമ്പൻ അന്യായമായി കൈയേറിയതായി ചൂണ്ടിക്കാട്ടി മലയിടംതുരുത്ത് കണ്ണോത്ത് ശങ്കരൻനായരാണ് ഇവർ താമസിക്കുന്ന ഭൂമിക്കെതിരേ രംഗത്തെത്തുന്നത്. പിന്നീട് ഈ ഭൂമിക്കുവേണ്ടിയുള്ള നിയമയുദ്ധങ്ങൾ സുപ്രീംകോടതി വരെ നീണ്ടുപോയെങ്കിലും വിധി എതിരായതാണ് ഇപ്പോൾ നടപടിയിലേക്ക് നീങ്ങാൻ കാരണമായത്.
സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് അഡ്വക്കേറ്റ് കമ്മിഷൻ ജയപാലിന്റെ നേതൃത്വത്തിൽ 2023 സെപ്റ്റംബർ ഏഴിന് താലൂക്ക് സർവേയർ ഉൾപ്പെടെ എത്തിയിരുന്നങ്കിലും പ്രതിഷേധത്തെ തുടർന്ന് മടങ്ങുകയായിരുന്നു. പിന്നിട് 14 വട്ടം ഭൂമി അളന്ന് തിരിക്കുന്നതിനും വീടുകൾ പൊളിപ്പിക്കുന്നതിനും അഡ്വക്കേറ്റ് കമ്മിഷൻ എത്തിയിട്ടുണ്ട്.
ഇതിനെ ഉന്നതിയിലെ കുടുംബാംഗങ്ങളും സി.പി.എം. പ്രവർത്തകരും അന്നത്തെ എം.എൽ.എ. പി.വി. ശ്രീനിജിന്റെ നേതൃത്വത്തിൽ പ്രതിരോധിച്ചിരുന്നു.
Content Highlights: Perumbavoor Munsiff Court mandates eviction at Paryathu Unnathi to be completed by the 23rd., Court orders police protection for officials involved in the eviction process., CPM, KSKTU, and SC Welfare Committee term this the first protest against the UDF government., Historical land dispute involving 19 acres and Supreme Court ruling cited as cause for eviction., Protests and clashes reported during previous attempts to survey and clear the land.
Published: 22 May 2026, 07:47 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented