
കണ്ണൂർ: മൂന്നുവയസ്സുകാരനെയുംകൂട്ടി അമ്മ കമ്യൂണിസ്റ്റ് പാർട്ടിയുടെ പരിപാടിക്ക് പോയി. അമ്മ എടുത്തുയർത്തി. ആ ബാലൻ എ.കെ.ജി.യുടെ കഴുത്തിൽ മാലയിട്ടു. 'നീ എ.കെ.ജി.ക്ക് മാലയിട്ടവനാണ്'-അമ്മ മകനെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. വളരുന്തോറും പാർട്ടിയോടുള്ള അടുപ്പവും രവീന്ദ്രനിൽ വളർന്നു.
മൺകട്ടകൊണ്ടുള്ള ഓലമേഞ്ഞ ചോരുന്ന വീട്ടിൽ അമ്മയും അച്ഛനും മൂന്ന് കുട്ടികളും. ഒഴിഞ്ഞവയറുമായി സ്‌കൂളിലേക്കിറങ്ങും. കീശയിലെ മൂന്നണയ്ക്ക് ഉച്ചയ്ക്ക് ഉണ്ടക്കായയും വെള്ളവും. രാത്രി മധുരക്കിഴങ്ങാണ് ഭക്ഷണം. 12 വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. ഒരു രാത്രി മക്കൾക്കെല്ലാം അമ്മ മധുരക്കിഴങ്ങ് വിളമ്പി. അമ്മ കഴിക്കാതെയാണ് മക്കൾക്ക് വിളമ്പിയതെന്നറിഞ്ഞ രവീന്ദ്രന് സങ്കടം അടയ്ക്കാനായില്ല. പിറ്റേന്ന് മുതൽ സ്‌കൂളിൽ പോയില്ല. കക്കാട്ടെ ബീഡിക്കമ്പനിയിൽ പോയി. ഒരാഴ്ചത്തെ കൂലിയായ 50 പൈസ ഏൽപ്പിച്ചപ്പോൾ അമ്മ മകനെ കെട്ടിപ്പിടിച്ച് കരഞ്ഞു. ദാരിദ്ര്യവും കഷ്ടപ്പാടും അനുഭവിച്ചുവളർന്ന കുട്ടി പന്ന്യൻ രവീന്ദ്രനെന്ന നേതാവായി, സിപിഐയുടെ അമരത്തേക്കുയർന്നപ്പോഴും ലാളിത്യം കൈവിട്ടില്ല. ലാളിത്യവും ആദർശവും ൈകമുതലാക്കിയ നേതാവിന് തിങ്കളാഴ്ച 80 വയസ്സ് തികയുന്നു.
എന്തുകൊണ്ട് സിപിഐ
1964 ജനുവരിയിലായിരുന്നു പാർട്ടി അംഗത്വം, 16-ാംവയസ്സിൽ. ഏപ്രിലിൽ പാർട്ടി പിളർന്നപ്പോൾ സിപിഐയിൽ ഉറച്ചുനിന്നു. എ.കെ.ജി.യോടുള്ള ആദരവൊന്നും അതിന് തടസ്സമായില്ല. 'ആശയവും നിലപാടുമാണ് പ്രധാനം. ജനാധിപത്യത്തിൽ ന്യൂനപക്ഷം ഭൂരിപക്ഷ തീരുമാനത്തെ അംഗീകരിക്കണമെന്ന ജനാധിപത്യത്തിന്റെ അടിസ്ഥാനതത്ത്വമാണ് അന്ന് ലംഘിക്കപ്പെട്ടത്. പിളർപ്പ് അനാവശ്യമായിരുന്നു -പന്ന്യൻ പറയുന്നു.
വഴികാട്ടിയ പാഠങ്ങൾ
1983-ലാണ്; 20 ശതമാനം ബോണസ് വാങ്ങിക്കൊടുത്തതിന് പാരിതോഷികവുമായി വീട്ടിലെത്തിയ തൊഴിലാളികളെ അമ്മ തിരിച്ചയച്ചു. ‘മോനേ, അത് തൊഴിലാളികളുടെ വിയർപ്പിന്റെ കൂലിയാണ്. പട്ടിണിക്കൊപ്പമുള്ള ദുരിതകാലം കടന്ന പന്ന്യൻ പറയുന്നു. അമ്മയും പാർട്ടിയുമാണ് ജീവിതപാഠം.
വഴികാട്ടിയ നേതാക്കന്മാർ പന്ന്യന്റെ ജീവിതത്തിലുണ്ട്. ചടയമംഗലത്തെ പാർട്ടി പരിപാടി കഴിഞ്ഞ് ബസ് കാത്തുനിൽക്കുമ്പോൾ മന്ത്രി ഇ. ചന്ദ്രശേഖരൻ നായരുടെ പ്രൈവറ്റ് സെക്രട്ടറിയുടെ കാർ വരുന്നു. ആ കാറിൽ എം.എൻ. സ്മാരകത്തിന്റെ മുറ്റത്തിറങ്ങിയപ്പോൾ മുന്നിൽ വെളിയം ഭാർഗവൻ. പിറ്റേന്ന് വെളിയം വിളിപ്പിച്ചു. ‘രവി ഇന്നലെ വന്നത് സർക്കാരിന്റെ ബോർഡ് വെച്ച കാറിലല്ലേ. നമ്മൾ ഭരണമുന്നണിയിലെ പ്രധാന കക്ഷിയാണ്. സർക്കാരിനേക്കാൾ മുകളിലാണ് പാർട്ടി. ആ കാറിൽ നേതാക്കൾ സഞ്ചരിച്ചാൽ ഭരണം പാർട്ടിയേറ്റെടുക്കലാണ്. ഭരണവും പാർട്ടിയും ഒന്നാകും.’ വെളിയത്തിന്റെ കർക്കശമായ വാക്കുകൾ. പിന്നീട് ഇന്നുവരെ പന്ന്യൻ സർക്കാരിന്റെ വാഹനത്തിൽ കയറിയിട്ടില്ല.
പി.കെ. വാസുദേവൻ നായർ സെക്രട്ടറിയായ കാലം. ഓഫീസ് കാർ മോടികൂട്ടാൻ പന്ന്യനെ ഏൽപ്പിച്ചു. പി.കെ.വി.യൊക്കെ സഞ്ചരിക്കുന്ന കാറല്ലേ. എസിയാക്കി. കാർ കണ്ട പി.കെ.വി. ക്ഷുഭിതനായി. ‘എസിയാക്കാൻ ആര് തീരുമാനിച്ചു. ഈ പണം സാധാരണ പ്രവർത്തകർ നാടുനീളെ നടന്ന് കാലിന്റെ അടി തേഞ്ഞുണ്ടാക്കിയതാണ്. ആ പണം സൂക്ഷിച്ച് ചെലവാക്കണം. അതുകൊണ്ട് ആഡംബരം പാടില്ല.’ രാഷ്ട്രീയക്കാരുടെ ഉടുപ്പും നടപ്പും ഭക്ഷണവുമെല്ലാം ജനങ്ങൾ വീക്ഷിക്കുന്നുണ്ട്. ജനങ്ങളാണ് വിധികർത്താക്കൾ-പന്ന്യൻ പറഞ്ഞു.
വിഎസിന്റെ വാക്ക്
2005-ൽ തിരുവനന്തപുരം ലോക്‌സഭ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സമ്മർദമുയർന്നു. ഒ.എൻ.വി. കുറുപ്പ് അടക്കമുള്ളവരുടെ വാക്കുകൾ. പന്ന്യൻ വഴങ്ങുന്നില്ല. വി.എസ്. വിളിച്ചു. ‘പന്ന്യൻ, നിങ്ങൾ മത്സരിക്കാതെ പാർട്ടി തോറ്റാൽ നിങ്ങൾക്കും ഉത്തരവാദിത്വമില്ലേ.’ ആ വാക്കുകൾ പന്ന്യനിൽ ചലനങ്ങളുണ്ടാക്കി. അന്ന് സംസ്ഥാന നിർവാഹകസമിതി തീരുമാനവും വന്നു. പന്ന്യൻ സ്ഥാനാർഥിയായി. മത്സരവും വിജയവും പിന്നീടുള്ള ചരിത്രം.
കാറില്ലാത്ത എംപി
എംപിയായിരുന്നപ്പോൾ പന്ന്യനെ കാണാൻ ഗാനരചയിതാവ് ബിച്ചു തിരുമലയെത്തി. പന്ന്യൻ മത്സരിച്ചപ്പോൾ യുഡിഎഫിനായി പ്രചാരണഗാനം എഴുതിയത് ബിച്ചുവായിരുന്നു. അദ്ദേഹം പറഞ്ഞ കാര്യം ചെയ്തുകൊടുത്തു. 'ജനപ്രതിനിധി എല്ലാവരുടെയുമാണ്. ആരും ശത്രുക്കളല്ല. ആ ബോധം കുറയുന്നു. പൊതുപ്രവർത്തകർ ഒരുപാട് മാറിപ്പോയി.' പന്ന്യന്‍റെ വിമർശം.
ലോക്‌സഭ സെക്രട്ടറി പി.ഡി.ടി. ആചാരി കാർ വാങ്ങാൻ ഉപദേശിച്ചു. എംപിമാർക്ക് പലിശരഹിത വായ്പയാണ്. ശമ്പളത്തോടൊപ്പം അടച്ചുതീരും. എംപി കാലാവധി കഴിയുമ്പോൾ കാർ സ്വന്തമാകും. 'കാർ വാങ്ങിയാൽ ഞാൻ അതിന്റെ മുതലാളിയാകും. വേണ്ട.' പന്ന്യന്റെ നിലപാട്. വാടയ്ക്കെടുത്ത കാറുമായാണ് എംപിയായ പന്ന്യൻ സഞ്ചരിച്ചത്. 'ആർഭാടം ശീലമാക്കിയാൽ ജനങ്ങളുടെ ബഹുമാനം കുറയും. വരവിന് അനുസരിച്ച് ചെലവുചെയ്യണം. വലിയ ഹോട്ടലിൽ പോകരുത്. തട്ടുകട പോരേ’-പന്ന്യൻ നയം വ്യക്തമാക്കി.
തോൽവിയുടെ പാഠം
ഇന്ന് നിരന്തരമായ ജനബന്ധം പാർട്ടി നേതാക്കൾക്ക് കുറഞ്ഞു. വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഇടപെടൽ. പ്രവർത്തകരിൽ പൊതുവിലൊരു ആലസ്യമുണ്ട്. തുടർച്ചയായി ഒൻപത് വർഷം ഭരണകക്ഷിയായിരുന്നതുകൊണ്ടുതന്നെ ജയിക്കുമെന്ന അമിത ആത്മവിശ്വാസമാണ് തദ്ദേശതിരഞ്ഞെടുപ്പിൽ പ്രവർത്തകരെ നയിച്ചത്. യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരമുണ്ടാക്കണം. ബിജെപിയുടെ കടന്നുവരവ് നോക്കിയിരിക്കാനാകില്ല-പന്ന്യൻ ചൂണ്ടിക്കാട്ടി.
ലക്ഷ്മണരേഖ
നേതൃസ്ഥാനത്തെത്തിയാൽ പലരും ജനങ്ങളിൽനിന്ന് അകലുന്നു. രാഷ്ട്രീയക്കാർക്ക് ലക്ഷ്മണരേഖയുണ്ട്. അത് ലംഘിച്ചാൽ രാഷ്ട്രീയധാർമികതയിൽനിന്നുള്ള വ്യതിയാനമായിരിക്കും-ഓർമ്മപ്പെടുത്തൽ. കണ്ണൂർ നഗരത്തിനടുത്തുള്ള കക്കാടാണ് പന്ന്യന്റെ വീട്. ഭാര്യ: രത്നവല്ലി. മക്കൾ: രാകേഷ് (നിർമാണ മേഖല), അഡ്വ. രൂപേഷ് (ബാർ അസോസിയേഷൻ, കണ്ണൂർ), രതീഷ് (ഗൾഫ്).
Content Highlights: pannian ravindran cpi leader 80th birthday
Published: 22 Dec 2025, 07:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented