
പന്തളം:മകരസംക്രമസന്ധ്യയിൽ ശബരീശവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായി ഘോഷയാത്ര തിങ്കളാഴ്ച ഉച്ചയ്ക്ക് പന്തളത്തുനിന്ന് പുറപ്പെട്ടു. പരമ്പരാഗത പാതയിലൂടെ കാൽനടയായി നീങ്ങിയ ഘോഷയാത്രാസംഘം ബുധനാഴ്ച വൈകീട്ട് ശബരിമലയിലെത്തും. അന്ന് സന്ധ്യയ്ക്ക് ആഭരണങ്ങൾ അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും. ഈ സമയം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും.
തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെ കൊട്ടാരത്തിലെ സുരക്ഷിതമുറി തുറന്ന് ആഭരണപ്പെട്ടികൾ പുറത്തെടുത്തു. ഗുരുസ്വാമി മരുതുവന ശിവൻകുട്ടിയും സംഘവും കർപ്പൂരാഴിയുടെ അകമ്പടിയിൽ ആഭരണങ്ങൾ വലിയകോയിക്കൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. തുടർന്ന് ആഭരണങ്ങൾ ശ്രീകോവിലിന് മുമ്പിൽ ദർശനത്തിന് തുറന്നുവെച്ചു.
ഉച്ചയോടെ, വലിയ തമ്പുരാൻ തിരുവോണംനാൾ രാമവർമരാജയ്ക്കുവേണ്ടി ഇളമുറ തമ്പുരാൻ കൈപ്പുഴ പടിഞ്ഞാറേത്തളം മംഗളവിലാസം കൊട്ടാരത്തിൽ രവിവർമവർമ രാജ, രാജപ്രതിനിധിയേയും തിരുവാഭരണ പേടക വാഹകരെയും പല്ലക്കുവാഹകരെയും സംഘാംഗങ്ങളെയും ഭസ്മം നൽകി അനുഗ്രഹിച്ചു. തുടർന്ന് ഇളമുറ തമ്പുരാനെയും രാജപ്രതിനിധി പി.എൻ. നാരായണ വർമയേയും വലിയകോയിക്കൽ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു. 12-ന് മേൽശാന്തി ശ്രീകോവിലിൽ പൂജിച്ച ഉടവാൾ ഇളമുറത്തമ്പുരാന് നൽകി. അദ്ദേഹം ഘോഷയാത്ര നയിക്കുന്ന രാജപ്രതിനിധിക്ക് ഉടവാൾ കൈമാറി. 12.50-ന് രാജപ്രതിനിധി പല്ലക്കിൽ യാത്രതിരിച്ചു. കൃത്യം ഒരുമണിക്ക് തിരുവാഭരണഘോഷയാത്ര പുറപ്പെട്ടു.
തിരുമുഖമടങ്ങുന്ന പ്രധാനപെട്ടി ഗുരുസ്വാമി മരുതുവന ശിവൻകുട്ടിയും പൂജാപാത്രങ്ങളടങ്ങുന്ന രണ്ടാമത്തെ പെട്ടി കുളത്തിനാലിൽ ഉണ്ണികൃഷ്ണനും കൊടിയും ജീവതയുമടങ്ങുന്ന മൂന്നാമത്തെ പെട്ടി കിഴക്കേതോട്ടത്തിൽ പ്രതാപചന്ദ്രൻ നായരും ശിരസ്സിലേറ്റി. തീർഥാടകർ ഇരുമുടിക്കെട്ടുമായി ഘോഷയാത്രയെ അനുഗമിച്ചു. രാജപ്രതിനിധി കൈപ്പുഴ കൊട്ടാരത്തിലെത്തി ഇളമുറ തമ്പുരാട്ടി ഉത്രാടംനാൾ സരസ്വതി തമ്പുരാട്ടിയെക്കണ്ട് നമസ്കരിച്ചു.
തിരുവാഭരണപാതയിലെ കുളനട, ഉള്ളന്നൂർ, ആറന്മുള വഴി അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തിയ സംഘം അവിടെ വിശ്രമിച്ചു. രണ്ടാംദിവസം ഇടപ്പാവൂർ, പെരുനാട് വഴി പോകുന്ന ഘോഷയാത്രാസംഘം ളാഹ വനംവകുപ്പ് സത്രത്തിലെത്തും. മൂന്നാംദിവസം പ്ലാപ്പള്ളി, നിലയ്ക്കൽ, നീലിമല, ശബരിപീഠം വഴി ശരംകുത്തിയിലെത്തുന്ന ഘോഷയാത്രയെ ദേവസ്വം അധികാരികൾ സ്വീകരിക്കും.
തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങുന്ന തിരുവാഭരണങ്ങൾ ശബരീശവിഗ്രഹത്തിൽ ചാർത്തും. ഘോഷയാത്രക്കൊപ്പം പമ്പയിലെത്തി വിശ്രമിക്കുന്ന രാജപ്രതിനിധി മൂന്നാംദിവസം മലകയറി ദർശനം നടത്തും. കളഭവും കുരുതിയും കഴിഞ്ഞ് നടയടച്ച് താക്കോൽ ഏറ്റുവാങ്ങി വരുംമാസ പൂജകൾക്കായി താക്കോൽ മേൽശാന്തിക്ക് കൈമാറി രാജപ്രതിനിധി തിരുവാഭരണങ്ങളുമായി പന്തളത്തേക്ക് മടങ്ങും.
Content Highlights: Thiruvabharanam Yatra: Thiruvabharanam Procession Begins from Pandalam to Sabarimala
Published: 13 Jan 2026, 07:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented