കാഞ്ഞങ്ങാട്: വീട്ടുവളപ്പിൽ മലിനജലം കെട്ടിക്കിടപ്പുണ്ടോ, പ്ലാസ്റ്റിക്ക് കത്തിക്കുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളും ഉത്തരങ്ങളുമായി ഒരു ഗ്രാമം ഒരുമിച്ച് മുന്നേറുന്നു ശുചിത്വത്തിനായി. ഡെങ്കിപ്പനിയും ഷിഗെല്ലയും തുടങ്ങി പേടിപ്പെടുത്തുന്ന പകർച്ചവ്യാധികൾ കൂടുമ്പോൾ, അത്യുത്തര കേരളത്തിലെ ഒരു ഗ്രാമം അതിൽ നിന്നെല്ലാം എങ്ങനെ മോചനം നേടാമെന്ന് കാണിച്ചു തരികയാണ്.

To advertise here,

കാഞ്ഞങ്ങാടിന് തെക്ക് പനങ്കാവ് ഗ്രാമത്തിലാണിത്. ഐങ്ങോത്ത്, പനങ്കാവ്, കാഞ്ഞങ്ങാട് സൗത്ത് പ്രദേശങ്ങൾ ഉൾപ്പെട്ട വാർഡിൽ ആകെ 403 വീടുകളാണുള്ളത്. തെളിഞ്ഞതും മലിനവുമായ വെള്ളം കെട്ടിക്കിടക്കുന്ന വീട്ടുപരിസരങ്ങൾ, പ്ലാസ്റ്റിക്ക് കത്തിച്ച് പുക ഉയരുന്നത് അവിടവിടങ്ങളിലെ കാഴ്ചയായിരുന്നു. എന്നാൽ പബ്ലിക്ക് ഹെൽത്ത് നഴ്സ് ആയി വിരമിച്ച എം.ദാക്ഷായണിക്ക് തോന്നിയ ആശയം, വാർഡ് കൗൺസിലർ എൻ.ഉണ്ണിക്കൃഷ്ണൻ ഏറ്റെടുത്തതോടെ കഥമാറി.

രണ്ടു മാസം മുൻപ് പ്രത്യേക വാർഡ് സഭ വിളിച്ചുചേർത്തു. നാമമാത്ര ആളുകളേ പങ്കെടുത്തുള്ളൂ. ആളുകൾക്കുള്ള താത്പര്യക്കുറവൊന്നും മുന്നോട്ടുള്ള പ്രവർത്തനത്തെ ബാധിച്ചില്ല. ഉണ്ണിക്കൃഷ്ണൻ ചെയർമാനും ദാക്ഷായണി കോർഡിനേറ്ററുമായുള്ള ടീമുണ്ടാക്കി. കുടുംബശ്രീക്കാർ ഉൾപ്പെടെ 83 അംഗ ടീം. നോട്ടീസ് അടിച്ച് എല്ലാ വീടുകളിലുമെത്തിച്ചു. പത്തു ദിവസം കഴിഞ്ഞ് ചോദ്യപേപ്പറുമായി വോളന്റിയർമാരെത്തി. 15 ചോദ്യങ്ങൾ. വീട്ടുകാർ പറഞ്ഞതും വോളന്റിയർമാർ നീരീക്ഷിച്ച് മനസിലാക്കിയതുമായ ഉത്തരങ്ങൾ ശേഖരിച്ചു. 65 വീടുകൾക്ക് 75-ൽ 75 മാർക്ക്. ഇവരുടെ മാതൃകാ പ്രവർത്തനം കണ്ട് ആരോഗ്യവകുപ്പ് അഞ്ചു ആശമാരുടെ സേവനം നൽകി. ചെയർമാനും കോർഡിനേറ്ററും ആശമാരുമുൾപ്പെട്ട സംഘം 65 വീടുകളും പരിശോധിച്ച് വീണ്ടും മാർക്കിട്ടു. നൂറിൽ നൂറ് മാർക്ക് നേടിയത് ആറു വീട്ടുകാർ.

ഞായറാഴ്ച പ്രദേശത്ത് നടക്കുന്ന ചടങ്ങിൽ ആറു വീട്ടുകാർക്ക് സമ്മാനം നൽകും. ഇവർക്കും 90 മാർക്കിൽ കൂടുതൽ കിട്ടിയവർക്കും നഗരസഭയുടെ ശുചിത്വ വീട് സ്റ്റിക്കർ നൽകും. ബാക്കി വീട്ടുകാരെ നൂറിൽ നൂറാക്കാനുള്ള പ്രവർത്തനം തുടരും. ശുചിത്വ നാട് എന്ന പേരിൽ ഐങ്ങോത്തെ പൊതുകുളം, പായലുംപൂപ്പലും നിറഞ്ഞ പനങ്കാവിലെ നടപ്പാത എന്നിവയെല്ലാം ജനകീയ കൂട്ടായ്മയിൽ വൃത്തിയാക്കുകയും ചെയ്തു. ആദ്യം ചേർന്ന വാർഡ് സഭയിലേത് പോലെയായിരുന്നില്ല, ശുചിത്വ ടീമിനോട് ചേർന്ന് നാടൊരുമിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.