പനമരം: രണ്ടുദിവസമായി പച്ചിലക്കാട്, പഠിക്കംവയൽ, പനമരം, മേച്ചേരി ഭാഗങ്ങളിൽ ആശങ്കപരത്തിയ കടുവ മൂന്നാംദിനം കാടുകയറി. പുഞ്ചവയലിലെ പാതിരി സൗത്ത് സെക്‌ഷൻ വനത്തിലേക്കാണ് കടുവ കയറിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കടുവ കാടുകയറിയത് സംബന്ധിച്ച് വനംവകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചത്.

To advertise here,

മേച്ചേരിയിലെ പുളിക്കൽവയലിൽ നിലയുറപ്പിച്ച കടുവ ചൊവ്വാഴ്ച രാത്രി 8.30-ഓടെ സമീപത്തെ മേച്ചേരി കുന്നിലേക്ക് ഓടിക്കയറിയിരുന്നു. ഇവിടെനിന്ന്‌ കടുവ മേച്ചേരി വയലിലൂടെ പനമരം ചെറുപുഴയും താണ്ടി പുഞ്ചവലിലെ പാതിരി വനത്തിലേക്ക് കടന്നെന്നാണ് വനപാലകർ അറിയിക്കുന്നത്. മേച്ചേരിവയലിൽനിന്ന്‌ പാതിരിവനംവരെയുള്ള ഭാഗങ്ങളിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെന്നും ഇത് സ്ഥിരീകരിച്ചെന്നുമാണ് വനപാലകർ പറയുന്നത്.

ആദ്യം കണ്ടത് തിങ്കളാഴ്ച

തിങ്കളാഴ്ച രാവിലെ 9.30-ഓടെ പച്ചിലക്കാട് പഠിക്കംവയൽ ഉന്നതിയിലെ ബിനു എന്ന യുവാവാണ് സമീപത്തെ വാഴത്തോട്ടത്തിൽനിന്ന്‌ കടുവ ചാടിപ്പോകുന്നത് ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ ഓടിക്കൂടുകയും വനപാലകരെ അറിയിക്കുകയുമായിരുന്നു.

ഇതേത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും ആർആർടി സംഘവും പോലീസും സ്ഥലത്തെത്തി തിരച്ചിൽ തുടങ്ങി. പഠിക്കംവയലിലെ വാഴത്തോട്ടത്തിൽ കാൽപ്പാടുകൾ കണ്ടെത്തുകയും ഈ പാടുകൾ കടുവയുടേതാണെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. വൈകീട്ട് 5.30-ഓടെ വനംവകുപ്പിന്റെ തെർമൽഡ്രോണിൽ കടുവയുടെ ചിത്രം പതിഞ്ഞു.

ഇതോടെ കടുവയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. തുടർന്ന് രാത്രിയിൽ ഉൾപ്പെടെ നിരീക്ഷണം ശക്തമാക്കിയിരുന്നു.

രണ്ടാംദിനം മേച്ചേരിയിൽ

കല്പറ്റ-മാനന്തവാടി റോഡ് മുറിച്ചുകടന്ന് കടുവ പിറ്റേന്ന് ഒന്നരക്കിലോമീറ്ററോളം മാറി ചീക്കല്ലൂർ ഭാഗത്തേക്ക് കടന്നു. ഇവിടെ കാപ്പിപറിക്കുകയായിരുന്ന തൊഴിലാളികൾ കടുവയെ കണ്ട് ഭയന്നോടി. സമീപത്തായി കാൽപ്പാടുകളും കണ്ടെത്തി. ഇതോടെ വനപാലകസംഘം ഇവിടേക്കെത്തി കാൽപ്പാടുകൾ പച്ചിലക്കാട് എത്തിയ കടുവയുടേതുതന്നെയാണെന്ന് കണ്ടെത്തി. ഉച്ചയ്ക്ക് ഒരുമണിയോടെ പുളിക്കൽവയലിലെ ഉന്നതിക്ക് സമീപമുള്ള വയൽക്കരയിൽ കാടുമൂടിയ ഇടത്തായി പ്രദേശവാസികളിൽ ചിലർ കടുവയെ നേരിൽക്കണ്ടു.

തുടർന്ന് വനപാലകർ ഇവിടമാകെ വളഞ്ഞ് കടുവയെ മൂന്നുകിലോമീറ്ററോളം മാറിയുള്ള വനത്തിലേക്ക് കയറ്റാനുള്ള ദൗത്യം ആരംഭിച്ചു. ഇതിനായി മുത്തങ്ങയിൽനിന്ന്‌ രണ്ടു കുങ്കിയാനകളെയും കൂടും സ്ഥലത്തെത്തിച്ചു.

പനമരം-മേച്ചേരി റോഡിൽ ഗതാഗതം പൂർണമായും നിരോധിച്ച് കടുവയെ കാടുകയറ്റാനുള്ള പദ്ധതിയായിരുന്നു ലക്ഷ്യം. എന്നാൽ, ഏറെ വൈകിയും കടുവ കുറ്റിക്കാട്ടിൽനിന്ന്‌ എഴുന്നേറ്റില്ല. ഇതോടെ വൈകീട്ട് ആറുമണിയോടെ ആനകളെ തിരികെക്കൊണ്ടുപോയി.

6.30-ഓടെ ഡ്രോൺ പറത്തിയും പടക്കംപൊട്ടിച്ചും കടുവയെ തുരത്താൻ ശ്രമം തുടങ്ങി. എട്ടുമണിയോടെ ഡ്രോൺ ഇടയ്ക്കുവെച്ച് താഴ്ന്നു. ഈ സമയം കടുവ പുളിക്കൽ വയലിൽനിന്ന്‌ എഴുന്നേറ്റ് പതിയെ ഓടാൻതുടങ്ങി. എന്നാൽ, വീണ്ടും തിരികെ കുറ്റിക്കാട്ടിലേക്ക് കയറി. അരമണിക്കൂറിനുശേഷം കടുവ സമീപത്തെ മേച്ചേരിക്കുന്നിലേക്ക് ഓടിക്കയറി.

ഇതോടെ പ്രദേശവാസികൾ ഏറെ ഭീതിയിലായി. കടുവ വീണ്ടും പഠിക്കംവയലിലേക്കുതന്നെ എത്തുമോ, അതോ പനമരത്തെയും കണിയാമ്പറ്റയിലെയും മറ്റുപ്രദേശങ്ങളിലേക്ക് കടക്കുമോ എന്നായിരുന്നു ആശങ്ക.

അതിനാൽ പ്രദേശങ്ങളിൽ കനത്ത ജാഗ്രതാനിർദേശം ഉണ്ടായിരുന്നു. വനപാലകസംഘം രാത്രിമുഴുവൻ പ്രദേശങ്ങളിൽ തമ്പടിച്ച് നിരീക്ഷണം തുടർന്നിരുന്നു.

മൂന്നാംദിനം കാണാമറയത്ത്

ബുധനാഴ്ച രാവിലെതന്നെ കടുവയ്ക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു. എന്നാൽ, കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല. കാണാമറയത്ത് തുടർന്ന കടുവയ്ക്കായി സംഘങ്ങളായി തിരിഞ്ഞ് മേച്ചേരി വയലിലെ റോഡിന്റെ ഇരുഭാഗങ്ങളിലുമുള്ള നെൽപ്പാടങ്ങളിലൂടെ നിരീക്ഷണം തുടർന്നു. ഇതിനിടെയാണ് പനമരം-മേച്ചേരി റോഡിൽ 500 മീറ്ററോളം ഭാഗത്ത് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്.

ഇത് കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള തിരച്ചിൽ. കടുവ വയലിലൂടെ നീങ്ങി പനമരം ചെറുപുഴയും താണ്ടി താഴെ നെല്ലിയാമ്പത്തിനും മാത്തൂർ വയലിനും ഇടയിലൂടെ കടന്ന് പനമരം നെല്ലിയമ്പം റോഡ് മുറിച്ചുകടന്ന് പുഞ്ചവയലിലൂടെ പാതിരി വനത്തിലേക്ക് എത്തിയതായുള്ള കാൽപ്പാടുകൾ കണ്ടെത്തിയെന്നാണ് വനപാലകർ അറിയിച്ചത്. ഇതേത്തുടർന്ന് കടുവ കാടുകയറിയെന്ന നിഗമനത്തിൽ വനപാലകസംഘം എത്തുകയായിരുന്നു. എന്നിരുന്നാലും രണ്ടുദിവസം കടുവയുടെ സാന്നിധ്യമുണ്ടായ പ്രദേശങ്ങളിലും വനാതിർത്തികളിലും പ്രത്യേക പട്രോളിങ്ങും ഡ്രോൺ നിരീക്ഷണവും നടത്തുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമൻ പറഞ്ഞു.

ആശങ്ക ഒഴിയുന്നില്ല

കടുവ കാടുകയറിയെന്ന് വനംവകുപ്പ് പറയുമ്പോഴും നാട്ടുകാർ ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. കടുവ ഗ്രാമപ്രദേശങ്ങളിൽ എവിടെയെങ്കിലും മറഞ്ഞിരിക്കുന്നുണ്ടാവുമെന്ന ആശങ്ക നാട്ടുകാർക്കുണ്ട്.

ഇനി കാടുകയറിയാലും തിരികെയെത്താനുള്ള സാധ്യതകളും ഏറെയാണ്. കടുവയെ മയക്കുവെടിവെച്ച് പിടികൂടി ദൂരെ മറ്റേതെങ്കിലും വനത്തിലേക്ക് കൊണ്ടുപോയി വിടണമെന്നായിരുന്നു നാട്ടുകാർ തുടക്കംമുതൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, കടുവ വളർത്തുമൃഗങ്ങളെയോ മറ്റോ ആക്രമിക്കുകയോ അക്രമസ്വഭാവം കാണിക്കുകയോ ചെയ്തിട്ടില്ല. ഇത് ആശ്വാസംനൽകുന്നതോടൊപ്പം കടുവയെ മയക്കുവെടി വെക്കുന്നതിനും വിലങ്ങുതടിയായി. ഇതിനിടെ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ കടുവയെ വെടിവെക്കുന്നതിനുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിറങ്ങി.

ബുധനാഴ്ച രാവിലെ സ്ഥലത്തെത്തിയ ഡിഎഫ്ഒ ഇക്കാര്യം അറിയിക്കുകയും ചെയ്തു. കടുവയെ കണ്ടാൽ ഉടൻ മയക്കുവെടിവെച്ച് പിടികൂടുമെന്നായിരുന്നു പ്രതികരണം. വനംവകുപ്പ് മന്ത്രിയുടെയും പ്രതികരണം ഇതായിരുന്നു. കഴിഞ്ഞ 52 മണിക്കൂറോളം പനമരം, കണിയാമ്പറ്റ പ്രദേശങ്ങളിലെ ജനവാസമേഖലകളിൽ ഭീതിപടർത്തിയ കടുവ തിരികെപ്പോയെന്നുള്ള സ്ഥിരീകരണം ഏറെ ആശ്വാസംനൽകുകയാണ്.

രണ്ടുദിവസമായി കണിയാമ്പറ്റ, പനമരം ഭാഗത്തെ വിവിധ വാർഡുകളിലുണ്ടായിരുന്ന നിരോധനാജ്ഞയും ഇതോടെ പിൻവലിച്ചിട്ടുണ്ട്. സർവസന്നാഹത്തോടെയുള്ള വനംവകുപ്പ്, ആർആർടി, പോലീസ് സംഘങ്ങളുടെ കാര്യക്ഷമമായ ഇടപെടലുകളാണ് കടുവയെ കാടുകയറ്റാനുള്ള ദൗത്യം വിജയകരമാക്കിയത്.