പാറശ്ശാല: സംസ്ഥാന അതിർത്തിപ്രദേശത്ത് വാടകയ്ക്കെ‌ടുത്ത വീടിനുള്ളിൽ അനധികൃതമായി സൂക്ഷിച്ച പതിനായിരം കിലോ റേഷൻ അരി സിവിൽ സപ്ലൈസ് അധികൃതർ പിടികൂടി. റേഷൻ അരി കണ്ടെത്തിയ വീടിനു സമീപത്തുനിന്ന് അരി കടത്താൻ ഉപയോഗിച്ച കാറുകളിൽ ഒരെണ്ണവും പിടികൂടി.

To advertise here,

ശനിയാഴ്ച വൈകീട്ടോടുകൂടിയാണ് പാറശ്ശാല കാരാളിക്കും വന്യക്കോടിനും സമീപത്തായി വീടിനുള്ളിൽ അനധികൃതമായി റേഷൻ അരി സംഭരിച്ചിരിക്കുന്നതായി രഹസ്യവിവരം പാറശ്ശാല പോലീസിനു ലഭിച്ചത്. പോലീസ് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ അരി സംഭരിച്ചിരിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് വിവരം സിവിൽ സപ്ലൈസ് അധികൃതരെ അറിയിക്കുകയും പോലീസ് പിക്കറ്റിങ് ഏർപ്പെടുത്തുകയും ചെയ്തു. ഞായറാഴ്ച രാവിലെ നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ വീടിനു പിന്നിൽ ടാർപോളിൻകൊണ്ടു മൂടിയ നിലയിലും വീടിനു പിൻഭാഗത്തെ അടുക്കളയ്ക്കു‌ള്ളിലുമായി അരിച്ചാക്കുകൾ അടുക്കിയനിലയിൽ കണ്ടെത്തി. വീടിനു മുന്നിൽനിന്ന് നോക്കിയാൽ വൻതോതിൽ അരി സംഭരിച്ചിരിക്കുന്നതിന്റെ യാതൊരു ലക്ഷണവുമില്ലാത്ത നിലയിലാണ് ഗോഡൗൺ പ്രവർത്തിച്ചിരുന്നത്. കളിയിക്കാവിള സ്വദേശി ജയിംസിന്റെ പേരിൽ വാടകയ്ക്ക്‌ എടുത്ത വീട്ടിലാണ് അരിയുടെ അനധികൃതശേഖരം കണ്ടെത്തിയത്.

സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ഇരുന്നൂറ് ചാക്കിലായി സൂക്ഷിച്ചിരുന്ന പതിനായിരം കിലോയോളം റേഷൻ അരിയും, മൂന്ന് ചാക്ക് റേഷൻ ഗോതമ്പുമാണ് കണ്ടെത്തിയത്. വീടിനു സമീപത്തായി പാർക്ക് ചെയ്തിരുന്ന കാറിൽ നടത്തിയ പരിശോധനയിൽ കാറിനുള്ളിൽനിന്ന് അരിയുടെയും ഗോതമ്പിന്റെയും അവശിഷ്ടങ്ങൾ കണ്ടെത്തി. തമിഴ്‌നാട്ടിൽനിന്ന് അരി കടത്തുവാൻ ഉപയോഗിച്ച കാറാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വാഹനം പാറശ്ശാല പോലീസ് കസ്റ്റഡിയിലെടുത്തു. വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ നിരവധി ബ്രാൻഡുകളുടെ ചാക്കുകളും കണ്ടെത്തി. അതിർത്തിയോടു ചേർന്നുള്ള ഇഞ്ചിവിള, നടുത്തോട്ടം, വന്യക്കോട് മേഖല കേന്ദ്രീകരിച്ചായിരുന്നു അരി ഗോഡൗണുകൾ പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ഒരുമാസക്കാലമായി സിവിൽ സപ്ലൈസ് അധികൃതർ പരിശോധനകൾ ശക്തമാക്കിയതോടെയാണ് ജനവാസ മേഖലകളിലെ വീടുകൾ കേന്ദ്രീകരിച്ച് റേഷൻ അരി സംഭരിക്കാൻ തുടങ്ങിയത്. വന്യക്കോടിൽനിന്നു പിടികൂടിയ അരി സിവിൽ സപ്ലൈസിന്റെ ഗോഡൗണുകളിലേക്കു മാറ്റി.

അതിർത്തിയിലെ മാഫിയാസംഘങ്ങൾ

തമിഴ്‌നാട്ടിലെയും കേരളത്തിലെയും റേഷൻകടകളിൽനിന്ന് അനധികൃതമായി ശേഖരിക്കുന്ന അരിയാണ് ഗോഡൗണുകളിലെത്തിക്കുന്നത്. അതിർത്തിപ്രദേശം കേന്ദ്രീകരിച്ച് റേഷൻ അരിയുമായി ബന്ധപ്പെട്ട് ഒരു വലിയ മാഫിയതന്നെ പ്രവർത്തിക്കുന്നുണ്ട്. ഇഞ്ചിവിള, വന്യക്കോട് മേഖലകളിലായി ഇരുപതിലധികം അനധികൃത അരി ഗോഡൗണുകൾ പ്രവർത്തിക്കുന്നു. തമിഴ്‌നാട്ടിൽ സൗജന്യമായി വിതരണം ചെയ്യുന്ന അരിയാണ് ഇത്തരം ഗോഡൗണുകളിലെത്തുന്നത്. തിരുനെൽവേലി, കന്യാകുമാരി ജില്ലകൾ കേന്ദ്രീകരിച്ച് വീടുകളിൽനിന്ന് അരി കുറഞ്ഞവിലയ്ക്കു ശേഖരിക്കാൻ ഗോഡൗൺ ഉടമകൾ തൊഴിലാളികളെ ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു കിലോയ്ക്ക് അഞ്ചുരൂപ നിരക്കിൽ തമിഴ്‌നാട്ടിലെ വീടുകളിൽനിന്നും റേഷൻകടകളിൽനിന്നും നേരിട്ട് ശേഖരിക്കുന്ന അരി തമിഴ്‌നാട്ടിലെ രഹസ്യ ഗോഡൗണുകളിൽ സംഭരിക്കും. ഇത്തരത്തിൽ സംഭരിച്ചശേഷം ലോറികളിൽ അടിഭാഗത്ത് ടാർപോളിൻ വിരിച്ചശേഷം അതിനുമുകളിൽ ചാക്കുകൾ പൊട്ടിച്ച് അരിനിറയ്ക്കുകയും അതിനുമുകളിലായി കുലകൾ അടുക്കി അതിർത്തി കടത്തുകയുമാണ് പതിവ്. മറ്റ് ചിലർ ഇത്തരത്തിൽ സംഭരിച്ച അരി കാറുകൾക്കുള്ളിലെ ഡ്രൈവർ സീറ്റ് ഒഴികെയുള്ളവ ഇളക്കിമാറ്റിയശേഷം ചാക്കുകളിൽനിന്ന് അരി കാറിനുള്ളിൽ നിറച്ചും അതിർത്തി കടത്തുന്നുണ്ട്. ഇതിനുപുറമേ വീട്ടുകാർ നേരിട്ട് ഇരുചക്രവാഹനങ്ങളിലും ഗോഡൗണുകളിലേക്ക് സൗജന്യ അരി എത്തിച്ച് വിൽപ്പന നടത്തുന്നു. നേരിട്ട് ഗോഡൗണിൽ എത്തിക്കുന്ന അരിക്ക് കിലോക്ക് പന്ത്രണ്ട് രൂപമുതൽ ഗോഡൗൺ ഉടമകൾ നൽകും.

നിമിഷങ്ങൾക്കുള്ളിൽ ബ്രാൻഡ് അരി

ഇത്തരത്തിൽ ഗോഡൗണുകളിൽ എത്തിക്കുന്ന അരി നിമിഷങ്ങൾക്കുള്ളിൽ ബ്രാൻഡഡ് അരിയാക്കി മാറ്റും. ഗോഡൗണുകളിൽ സൂക്ഷിച്ചിട്ടുള്ള വിവിധ ബ്രാൻഡ് പേരുകൾ പ്രിന്റ് ചെയ്തിട്ടുള്ള ചാക്കുകളിൽ നിറയ്ക്കു‌കയാണ് പതിവ്. ഇതിനായി ഓരോ ഗോഡൗണുകളിലും അഞ്ചുമുതൽ പത്തുവരെ തൊഴിലാളികളുണ്ട്. ചാക്കുകളിൽ നിറച്ചുകഴിഞ്ഞാൽ ലോറികളിലാണ് ഇതു കൊണ്ടുപോകുന്നത്. അരി മില്ലുകളിൽ എത്തിക്കുന്ന റേഷൻ അരി പോളിഷ് ചെയ്തും നിറങ്ങൾ ചേർത്തും വ്യാജ ബ്രാൻഡഡ് അരിയായി വിപണിയിലെത്തും. ഇത്തരത്തിൽ അരി രൂപമാറ്റം വരുത്തുന്നകേന്ദ്രം ഇഞ്ചിവിള, പൂവാർ, പൂവച്ചൽ, കുറ്റിച്ചൽ മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. സിവിൽ സപ്ലൈസിന് അരിവിതരണം ചെയ്യുന്ന ഒരുവിഭാഗം വിതരണക്കാരും ഇവരിൽനിന്നു വലിയതോതിൽ റേഷൻ അരി സംഭരിക്കുന്നുണ്ട്. ഇത്തരത്തിൽ സംഭരിക്കുന്ന അരി പുതിയ ചാക്കുകളിലേക്കു നിറച്ച് വീണ്ടും സിവിൽ സപ്ലൈസിനുതന്നെയാണ് ഇവർ കൈമാറുന്നത്. ഒരു കിലോയ്ക്ക്‌ അഞ്ചുരൂപമുതൽ നൽകി ഗോഡൗണുകളിൽ സംഭരിക്കുന്ന അരി കിലോയ്ക്ക്‌ മുപ്പതുരൂപ മുതൽക്കാണ് ഗോഡൗണുകളിൽനിന്ന് വിൽക്കുന്നത്. ദിവസേന കോടികളുടെ ഇടപാടുകളാണ് ഈ മേഖലയിൽ നടക്കുന്നത്.

മാസപ്പടിയും അതിർത്തികടന്ന്

തമിഴനാട്ടിൽനിന്ന് റേഷൻ അരി കേരളത്തിലേക്കു കടത്തുന്നത് തടയുന്നതിനായി തമിഴ്‌നാട് സർക്കാർ വലിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥർക്ക് മാസപ്പടി നൽകിയാണ് കള്ളക്കടത്ത്. മാസപ്പടിയിൽ വീഴ്ചയുണ്ടാകുമ്പോഴാണ് തമിഴ്‌നാട് അധികൃതർ അതിർത്തി ഗോഡൗണുകളിലെത്തി പരിശോധന നടത്തുന്നത്. പ്രധാന പാതയിൽ ചെക്‌പോസ്റ്റുകളിൽ ശക്തമായ പരിശോധനയുള്ളതിനാൽ ഇടറേഡുകൾ വഴിയാണ് അരി അതിർത്തി കടത്തുന്നത്. കന്യാകുമാരി-കാരോട് ബൈപ്പാസിന്റെ നിർമാണം നടക്കുന്നതിനാൽ ഈ ഭാഗത്ത് പരിശോധനയില്ല. അതിനാൽ, ഇപ്പോൾ അരിക്കടത്ത് പ്രധാനമായും ഈ പാത വഴിയാണ്. കാരോടുവന്ന് കയറുന്ന വാഹനങ്ങൾ പാറശ്ശാല ഗ്രാമം വഴിയാണ് ഇഞ്ചിവിള ഭാഗത്തേക്കു പോകുന്നത്.