തിരുവനന്തപുരം: പാലത്തായി പീഡനക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അധ്യാപകനായ പദ്മരാജനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. അധ്യാപകനെ പിരിച്ചുവിട്ടുള്ള ഉത്തരവ് സ്‌കൂള്‍ മാനേജര്‍ പുറപ്പെടുവിച്ചതായും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കണ്ണൂര്‍ പാലത്തായിയില്‍ നാലാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസിലാണ് ബിജെപി നേതാവും സ്‌കൂളിലെ അധ്യാപകനുമായ കെ. പദ്മരാജനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

To advertise here,

12 വയസ്സില്‍ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്തതിന് ഇന്ത്യന്‍ ശിക്ഷാനിയമം 376 എബി വകുപ്പ് പ്രകാരമുള്ള ജീവപര്യന്തം തടവ് ജീവിതാന്ത്യംവരെയാണെന്ന് അതിവേഗ പ്രത്യേക കോടതി ജഡ്ജി എ.ടി. ജലജാറാണി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതേ വകുപ്പില്‍ ഒരുലക്ഷം രൂപ പിഴയടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കഠിനതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിലുണ്ട്.. പോക്‌സോ നിയമത്തിലെ അഞ്ച് (എഫ്), (എല്‍) വകുപ്പുകള്‍ പ്രകാരം 20 വര്‍ഷം വീതം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കഠിനതടവ് അനുഭവിക്കണം. പോക്‌സോ വകുപ്പ് പ്രകാരമുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ജീവിതാന്ത്യംവരെ തടവ് അനുഭവിക്കും മുന്‍പ് പോക്‌സോ വകുപ്പ് പ്രകാരമുള്ള ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചിരുന്നു.

അധ്യാപനം ഒരു ജോലിമാത്രമല്ല, പാവനമായ വിശ്വാസമര്‍പ്പിക്കുന്ന പ്രക്രിയകൂടിയാണെന്ന് ഓരോ അധ്യാപകനും ഓര്‍ക്കണമെന്ന് വിധിപ്രസ്താവത്തിനിടെ കോടതി പറഞ്ഞിരുന്നു. സദ്ഗുണത്തിന്റെ സംരക്ഷകനാകേണ്ട അധ്യാപകന്‍ ലൈംഗികമായി ചൂഷണംചെയ്യാന്‍ തന്റെ സ്ഥാനം ഉപയോഗിക്കുന്നത് ഗുരു എന്ന ആശയത്തിനെതിരായ അപരാധമാണ്. വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഗുരു ഒരിളവും അര്‍ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞിരുന്നു.