കൊച്ചി: കണ്ണൂർ പാലത്തായിയിൽ നാലാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകനും ബി.ജെ.പി. നേതാവുമായ പത്മരാജന്റെ ജീവിതാവസാനംവരെയുള്ള ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം അനുവദിച്ചു. തലശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി വിധിച്ച ശിക്ഷ ചോദ്യംചെയ്യുന്ന അപ്പീലിനോടൊപ്പം നൽകിയ ഉപഹർജി അനുവദിച്ചാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

To advertise here,

പെൺകുട്ടിയുടെ മൊഴികളിൽ വലിയ പൊരുത്തക്കേടുകളുണ്ടെന്ന പ്രതിയുടെ വാദത്തിൽ കഴമ്പുണ്ടെന്ന് വിലയിരുത്തിയാണ് ശിക്ഷ മരവിപ്പിച്ചത്. വൈദ്യപരിശോധനാ റിപ്പോർട്ടിലെ വൈരുധ്യവും പരിഗണിച്ചു. ഒരുലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യ ജാമ്യവ്യവസ്ഥ. പെൺകുട്ടി താമസിക്കുന്ന ജില്ലയിൽ പ്രവേശിക്കരുത്, സാമൂഹികമാധ്യമങ്ങളിലടക്കം കേസിനെക്കുറിച്ച് പ്രതികരിക്കരുത് തുടങ്ങിയ വ്യവസ്ഥകളും ഉണ്ട്.

2020 ജനുവരി 15 മുതൽ ഫെബ്രുവരി രണ്ടുവരെയുള്ള കാലയളവിൽ പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. ബി.ജെ.പി. പ്രാദേശിക നേതാവയിരുന്നു പത്മരാജൻ.