
പാലത്തായി പോക്സോ കേസില്‍ ജീവപര്യന്തം ശിക്ഷിക്ഷപ്പെട്ട പദ്മരാജനെ ജയിലിലേക്ക് കൊണ്ടുപോകുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍/ മാതൃഭൂമി
തലശ്ശേരി: പാനൂര്‍ പാലത്തായില്‍ നാലാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന് ജീവിതാന്ത്യംവരെ തടവ് വിധിച്ച് കോടതി. ബിജെപി തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കടവത്തൂര്‍ മുണ്ടത്തോട്ടെ കുറുങ്ങാട്ട് ഹൗസില്‍ കെ. പദ്മരാജനെ (പപ്പന്‍മാഷ്-48) ആണ് ശിക്ഷിച്ചത്. 12 വയസ്സില്‍ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്തതിന് ഇന്ത്യന്‍ ശിക്ഷാനിയമം 376 എബി വകുപ്പ് പ്രകാരമുള്ള ജീവപര്യന്തം തടവ് ജീവിതാന്ത്യംവരെയാണെന്ന് അതിവേഗ പ്രത്യേക കോടതി ജഡ്ജി എ.ടി. ജലജാറാണി വിധിന്യായത്തില്‍ വ്യക്തമാക്കി. ഇതേ വകുപ്പില്‍ ഒരുലക്ഷം രൂപ പിഴയടയ്ക്കണം. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കഠിനതടവ് അനുഭവിക്കണം.
പോക്സോ നിയമത്തിലെ അഞ്ച് (എഫ്), (എല്‍) വകുപ്പുകള്‍ പ്രകാരം 20 വര്‍ഷം വീതം കഠിനതടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കഠിനതടവ് അനുഭവിക്കണം. പോക്സോ വകുപ്പ് പ്രകാരമുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. ജീവിതാന്ത്യംവരെ തടവ് അനുഭവിക്കും മുന്‍പ് പോക്സോ വകുപ്പ് പ്രകാരമുള്ള ശിക്ഷ അനുഭവിക്കണമെന്നും കോടതി വിധിച്ചു.
അധ്യാപനം ജോലി മാത്രമല്ല
കണ്ണൂര്‍: അധ്യാപനം ഒരു ജോലിമാത്രമല്ല, പാവനമായ വിശ്വാസമര്‍പ്പിക്കുന്ന പ്രക്രിയകൂടിയാണെന്ന് ഓരോ അധ്യാപകനും ഓര്‍ക്കണമെന്ന് തലശ്ശേരി അതിവേഗ പ്രത്യേകകോടതി. പാലത്തായിയില്‍ നാലാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ അധ്യാപകന് ജീവിതാന്ത്യംവരെ തടവുവിധിച്ച് നടത്തിയ നിരീക്ഷണത്തിലാണ് കോടതി ഇക്കാര്യം പറഞ്ഞത്.
സദ്ഗുണത്തിന്റെ സംരക്ഷകനാകേണ്ട അധ്യാപകന്‍ ലൈംഗികമായി ചൂഷണംചെയ്യാന്‍ തന്റെ സ്ഥാനം ഉപയോഗിക്കുന്നത് ഗുരു എന്ന ആശയത്തിനെതിരായ അപരാധമാണ്. വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഗുരു ഒരിളവും അര്‍ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി.എം. ഭാസുരി ഹാജരായി. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയില്‍ സ്‌കൂളിലെ ശൗചാലയത്തില്‍ കൊണ്ടുപോയി മൂന്നുതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പീഡനത്തിനിരയായ വിവരം ചൈല്‍ഡ് ലൈനിലാണ് ആദ്യം ലഭിച്ചത്. 2020 മാര്‍ച്ച് 17-ന് പാനൂര്‍ പോലീസ് കേസെടുത്തു. കോസ്റ്റല്‍ എഡിജിപി ഇ.ജെ. ജയരാജന്‍, അസി. കമ്മിഷണര്‍ ടി.കെ. രത്‌നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം 2021 മേയില്‍ അന്തിമകുറ്റപത്രം നല്‍കി.
Content Highlights: Court sentences Palathayi teacher to life imprisonment for raping a 4th-grade student. Upholding justice, the court emphasizes teaching is a sacred trust.
Published: 16 Nov 2025, 12:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented