To advertise here,

കോട്ടയം: ജനുവരിയില്‍ നടപ്പാക്കിയ സമയപരിഷ്‌കരണം പാലരുവിയുടെ രാവിലെയുള്ള യാത്രയ്ക്ക് കൂടുതല്‍ പ്രതിസന്ധിയായെന്ന് യാത്രക്കാര്‍. മുമ്പ് പുലര്‍ച്ചെ 4.50-ന് കൊല്ലത്തുനിന്ന് പുറപ്പെട്ടിരുന്ന തൂത്തുക്കൂടി-പാലക്കാട് പാലരുവി എക്‌സ്പ്രസ്സിന്റെ സമയം ജനുവരി ഒന്നുമുതല്‍ 4.35-ലേക്ക് മാറ്റിയിരുന്നു.

ഇതുമൂലം 15 മിനിറ്റുനേരത്തേ വീടുകളില്‍നിന്ന് ഇറങ്ങേണ്ട അവസ്ഥയാണ് യാത്രക്കാര്‍ക്ക്. ട്രെയിന്‍ 15 മിനിറ്റ് നേരത്തേയാക്കിയിട്ടും എറണാകുളത്ത് എത്തുന്ന സമയത്തില്‍ മാറ്റമില്ലെന്ന് യാത്രക്കാര്‍ പറയുന്നു.

ഇരട്ടപ്പാത വന്നതിന്റെ പ്രയോജനം കിട്ടുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. മുമ്പ് പാലരുവി കോട്ടയത്തുനിന്ന് പുറപ്പെട്ടിരുന്നത് രാവിലെ 6.58-നായിരുന്നു. ഇപ്പോള്‍ കോട്ടയത്തുനിന്ന് 6.43-ന് എറണാകുളത്തേക്ക് പാലരുവി പുറപ്പെടുന്നതിനാല്‍ പ്രാദേശിക ബസ് സര്‍വീസുകളെ ആശ്രയിച്ചിരുന്ന നിരവധിപ്പേര്‍ക്ക് ട്രെയിന്‍ ലഭിക്കാത്ത സാഹചര്യമാണിപ്പോള്‍. വന്ദേഭാരത് എക്സ്പ്രസിനായി പാലരുവി പിടിച്ചിടുന്നതാണ് യാത്രക്കാരെ വലയ്ക്കുന്നത്. 6.43-ന് കോട്ടയത്തുനിന്ന് പുറപ്പെടുന്ന പാലരുവി 8.38-നാണ് എറണാകുളം ടൗണിലെത്തുന്നത്. കഴിഞ്ഞ ദിവസം രാവിലെ 7.50-ന് തൃപ്പൂണിത്തുറയില്‍ വന്ദേഭാരതിനായി പിടിച്ചിട്ടശേഷം 8.29-നാണ് യാത്ര തുടര്‍ന്നത്.

ഒന്‍പതിനുമുമ്പ് എറണാകുളത്ത് എത്തേണ്ട ഐ.ടി. മേഖലയിലടക്കമുള്ള ജീവനക്കാരുടെ ഏക ആശ്രയമാണ് പാലരുവി എക്‌സ്പ്രസ്. പാലരുവിക്കുശേഷം ഒന്നേകാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസ് നടത്തുന്നത്.

പാലരുവി കൊല്ലത്തുനിന്ന് പുറപ്പെടുന്ന സമയം പത്തു മിനിറ്റ് വൈകിയാക്കിയാലും വന്ദേഭാരതിന്റെ ഷെഡ്യൂളിനെ ബാധിക്കാതെ പാലരുവി തൃപ്പൂണിത്തുറയില്‍ സുഗമമായി എത്തിക്കാമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് പറയുന്നു. പാലരുവിയുടെ സമയത്തില്‍ ഇളവ് നല്‍കണമെന്ന അപേക്ഷയുമായി അധികൃതരെ സമീപിക്കാന്‍ ഒരുങ്ങുകയാണ് യാത്രക്കാരെന്ന് 'ഫ്രണ്ട്സ് ഓണ്‍ റെയില്‍സ്' അറിയിച്ചു.