പാലക്കാട്: ജില്ലയിൽ മലമ്പുഴ, ഷൊർണൂർ, തരൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിലായി എട്ടിടങ്ങളിൽ കള്ളവോട്ട് പരാതി. വോട്ടർമാർ ബൂത്തിലെത്തിയപ്പോഴാണ് നേരത്തേ മറ്റാരോ വോട്ടുചെയ്തതായി തിരിച്ചറിഞ്ഞത്. പരാതികളുയർന്നതോടെ ഉദ്യോഗസ്ഥരിടപെട്ട് ഇവർക്ക് ടെൻഡർ വോട്ട് അനുവദിച്ചു.

To advertise here,

മലമ്പുഴ മണ്ഡലത്തിലെ പുതുപ്പരിയാരം 60-ാം നമ്പർ ബൂത്തിലായിരുന്നു ആദ്യപരാതി. വ്യാഴാഴ്ച രാവിലെ 11-ഓടെ പുതുപ്പരിയാരം എം.എം.യു.പി. സ്കൂളിൽ 915-ാം ക്രമനമ്പറിലുള്ള താഴെമുരളി ‘സൗപർണിക’യിൽ വിജയൻ (69) വോട്ടുചെയ്യാനെത്തിയപ്പോൾ ഇദ്ദേഹത്തിന്റെ വോട്ട് മറ്റാരോ ചെയ്തതായി കണ്ടെത്തി. ബൂത്തിലെ ബി.ജെ.പി. ഏജന്റ് വിവരമറിയിച്ചതോടെ കൂടുതൽ പ്രവർത്തകർ സ്ഥലത്തെത്തി വിജയന് വോട്ടുചെയ്യാൻ അവസരം നൽകണമെന്നാവശ്യപ്പെട്ടു. പിന്നാലെ സ്ഥാനാർഥി സി. കൃഷ്ണകുമാർ സ്ഥലത്തെത്തി ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞു. ഉദ്യോഗസ്ഥർ വിജയന് ടെൻഡേഡ് വോട്ട് അനുവദിക്കുകയായിരുന്നു.

ഷൊർണൂർ പരുത്തിപ്ര ബി.എം.എസ്.എൽ.പി. സ്കൂളിലെ 169-ാം നമ്പർ ബൂത്തിൽ 392-ാം ക്രമനമ്പറുള്ള കോഴിക്കപറമ്പിൽ ബി. നിഖിലിന്റെ കന്നിവോട്ട് മറ്റാരോ രേഖപ്പെടുത്തി. ഉച്ചയോടെ നിഖിൽ വോട്ടുചെയ്യാൻ എത്തിയപ്പോഴാണ് വിവരമറിഞ്ഞത്. നിഖിലിന് ടെൻഡർ വോട്ട് അനുവദിച്ചു. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്ന് നിഖിലിന്റെ പിതാവ് പറഞ്ഞു.

തരൂർ മണ്ഡലത്തിലെ പരുത്തിപ്പുള്ളി എ.എൽ.പി. സ്കൂളിലെ 18-ാം നമ്പർ ബൂത്തിൽ കെ.എൽ. ബേബിയുടെ വോട്ടും മറ്റാരോ ചെയ്തതായി കണ്ടെത്തി. ഇവർ തർക്കമുന്നയിച്ചതോടെ സെക്ടർ ഓഫീസർ സ്ഥലത്തെത്തി ടെൻഡർ വോട്ട് അനുവദിച്ചു.

കോങ്ങാട് നിയോജക മണ്ഡലത്തിൽ പറശ്ശേരി പി.ബി.യു.പി സ്കൂൾ ബൂത്ത്‌ 94-ൽ കുണ്ടുവംപാടത്തെ പ്രഭാവതി വോട്ട് ചെയ്യാനെത്തിയപ്പോഴേക്കും വോട്ട് മറ്റാരോ ചെയ്തിരുന്നു. സംഭവമറിഞ്ഞ് ബി.ജെ.പി സ്ഥാനാർഥി രേണു സുരേഷ് ബൂത്തിലെത്തി ഉദ്യോഗസ്ഥന്മാരുമായി സംസാരിച്ചു. ആർ.ഒ.യുമായും ഫോണിൽ സംസാരിച്ച് അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് പ്രഭാവതിക്ക് ടെൻഡർ വോട്ട് ചെയ്യാൻ അവസരം നൽകിയതായി ബി.ജെ.പി ഭാരവാഹികൾ പറഞ്ഞു

ഒറ്റപ്പാലത്ത് കള്ളവോട്ട് നാലിടങ്ങളിൽ

ഒറ്റപ്പാലം മണ്ഡലത്തിൽ മീറ്റ്ന സീനിയർ ബേസിക് സ്കൂളിലെ 168, 169 നമ്പർ ബൂത്തുകളിലും ഈസ്റ്റ് ഒറ്റപ്പാലം പടിഞ്ഞാർക്കര എൽ.പി. സ്കൂളിലെ 163-ാം നമ്പർ ബൂത്തിലുമാണ് കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയത്.

168-ൽ മീറ്റ്‌ന സ്വദേശിനി സുലോചനയുടെയും 169-ൽ ഉണ്ണിക്കൃഷ്ണന്റെയും 163-ൽ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുസ്തഫയുടെയും വോട്ടുകളാണ് മറ്റാരോ രേഖപ്പെടുത്തിയത്. അമ്പലപ്പാറ എ.എൽ.പി. സ്കൂളിലെ 98-ാംനമ്പർ ബൂത്തിൽ മുണ്ടിരിക്കൽ പ്രഭാകരന്റെ വോട്ട് മറ്റാരോ ചെയ്തു. ഇവർക്കും ടെൻഡർ വോട്ട് ചെയ്യാൻ അവസരം നൽകി.