പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്‌ തലേന്ന് വോട്ടർക്ക് പണംനൽകിയെന്ന പരാതിയിൽ ജില്ലാ തിരഞ്ഞെടുപ്പുദ്യോഗസ്ഥയായ കളക്ടർ എം.എസ്. മാധവിക്കുട്ടി പരാതിക്കാരുടെയും ആരോപണവിധേയരുടെയും മൊഴി രേഖപ്പെടുത്തി. ബി.ജെ.പി. സ്ഥാനാർഥി ശോഭാസുരേന്ദ്രൻ, എൽ.ഡി.എഫ്. സ്ഥാനാർഥി എൻ.എം.ആർ. റസാക്ക് എന്നിവരുൾപ്പെടെയുള്ളവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.

To advertise here,

ബി.ജെ.പി. സ്ഥാനാർഥി ശോഭാസുരേന്ദ്രൻ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് യു.ഡി.എഫ്. സ്ഥാനാർഥി രമേഷ് പിഷാരടിയുടെ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റ് സി. ബാലൻ, എൽ.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥി എൻ.എം.ആർ. റസാക്ക്, ഇദ്ദേഹത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റും സി.പി.എം. ഏരിയാ സെക്രട്ടറിയുമായ കെ. കൃഷ്ണൻകുട്ടി എന്നിവർ പരാതി നൽകിയിരുന്നു. ഇവർക്കുപുറമേ സ്ഥലത്തുണ്ടായിരുന്ന ബി.ജെ.പി. നേതാവും പാലക്കാട് നഗരസഭാ മുൻ അധ്യക്ഷയുമായ പ്രമീളാശശിധരൻ, കോൺഗ്രസ് മണ്ഡലം കമ്മിറ്റി കൺവീനർ എൻ. വിനേഷ്, റിനിൽ, മുഹമ്മദ് ഷാ, മേഘ, വിമോദ്, മാധ്യമപ്രവർത്തകർ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്. എന്നാൽ, പണം ലഭിച്ചെന്ന്‌ പരാതിയിൽപ്പറയുന്ന കണ്ണാടി തരുവക്കുറുശ്ശി പടിഞ്ഞാമുറി നാകുണ്ണിനിവാസിൽ ദേവു, മകൻ പ്രകാശൻ എന്നിവർ മൊഴിനൽകാനെത്തിയില്ല.

റിപ്പോർട്ട് ഒരാഴ്ചയ്ക്കകം

മൊഴികളുടെ അടിസ്ഥാനത്തിൽ കളക്ടർ റിപ്പോർട്ട് തയ്യാറാക്കി ഒരാഴ്ചയ്ക്കകം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് കൈമാറും. നേരത്തേ സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കി നൽകിയിരുന്നു. തുടർന്നാണ് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടത്. മണ്ഡലത്തിന്റെ വരണാധികാരിയായ ആർ.ഡി.ഒ. അൻവർസാദത്ത് വിശദാന്വേഷണം നടത്തി കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. അതിനുശേഷമാണ് ഇപ്പോൾ കളക്ടർ തന്നെ നേരിട്ട് മൊഴിയെടുക്കുന്നത്.