
ഒറ്റപ്പാലം/പാലക്കാട്: സ്ഥിരം അപകടമേഖലയായ പനയംപാടത്ത് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍വാഹനവകുപ്പ് ആറുമാസംമുന്‍പ് നല്‍കിയ റിപ്പോര്‍ട്ട് ആരും പരിഗണിച്ചില്ല. റോഡിന്റെ അപാകമാണ് അപകടങ്ങള്‍ക്കിടയാക്കുന്നത് എന്നതിനാല്‍ ഇവിടെ വേഗനിയന്ത്രണസംവിധാനം ഒരുക്കണമെന്നായിരുന്നു റിപ്പോര്‍ട്ടിലെ നിര്‍ദേശം. മോട്ടോര്‍വാഹനവകുപ്പിന്റെ ആവശ്യപ്രകാരം പാലക്കാട് ഐ.ഐ.ടി. വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട്. റോഡ് സുരക്ഷാ കൗണ്‍സില്‍വഴി പൊതുമരാമത്ത് ദേശീയപാതാ വിഭാഗത്തിനാണ് ഇത് കൈമാറിയത്.
70 കിലോമീറ്റര്‍ വേഗത്തില്‍വരെ സഞ്ചരിക്കാവുന്ന റോഡാണെങ്കിലും അപകടസാഹചര്യം മുന്‍നിര്‍ത്തി 30 കിലോമീറ്ററാക്കി പരമാവധി വേഗം ചുരുക്കിയിരുന്നു. ഇത് വ്യക്തമാക്കുന്ന സൂചനാബോര്‍ഡുണ്ടെങ്കിലും ആരുടെയും ശ്രദ്ധയില്‍പ്പെടുമായിരുന്നില്ല. അതിനാല്‍ റോഡില്‍തന്നെ വാഹനവേഗം കുറയ്ക്കണമെന്ന് വ്യക്തമാക്കുന്ന കട്ടികൂടിയ മാര്‍ക്കുകള്‍വേണമെന്ന് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. ഒരേദിശയില്‍ പോവുന്ന വാഹനങ്ങള്‍ മറികടക്കുന്നത് നിരോധിച്ചുള്ള അറിയിപ്പ് വെക്കാനും നിര്‍ദേശമുണ്ടായിരുന്നു. വളവുകളില്‍ വശംമാറി സഞ്ചരിക്കുന്നത് ഒഴിവാക്കാന്‍ ഡെലിനേറ്ററുകള്‍ സ്ഥാപിക്കാനായിരുന്നു മറ്റൊരു നിര്‍ദേശം.
റോഡും അരികിലെ മണ്ണും തമ്മില്‍ ഉയരവ്യത്യാസമുണ്ട്. രണ്ട് വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ മണ്ണിലേക്കിറങ്ങാതിരിക്കാന്‍ വാഹനങ്ങള്‍ ശ്രമിക്കുമ്പോള്‍ അപകടമുണ്ടാകാനിടയുണ്ട്. ഇത് പരിഹരിക്കാന്‍ നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ നിര്‍ദേശങ്ങളൊന്നും നടപ്പായില്ല.
നേരത്തെ ഇവിടെ വളവില്‍ വാഹനങ്ങള്‍ക്ക് ഗ്രിപ്പ് കിട്ടാന്‍ റോഡ് പരുക്കനാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് അപകടങ്ങള്‍ കുറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് റോഡിന്റെ പരുക്കന്‍ സ്വഭാവം മാറി. വീണ്ടും റോഡ് പരുക്കനാക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് പൊതുമരാമത്ത് വകുപ്പിനോട് നിര്‍ദേശിച്ചിരുന്നു.
ഒന്ന് കണ്ണുതുറന്നിരുന്നെങ്കില്‍
അധികൃതര്‍ ഒന്ന് കണ്ണുതുറന്നിരുന്നെങ്കില്‍ ആ നാല് ജീവനുകള്‍ നമുക്ക് രക്ഷിക്കാനാകുമായിരുന്നു. അപകടമേഖലയെന്ന റിപ്പോര്‍ട്ടുണ്ടായിട്ടും അനങ്ങാതിരുന്ന ഉദ്യോഗസ്ഥരും ഭരണകൂടവുമാണ് പാലക്കാട്ടെ നാല് വിദ്യാര്‍ഥിനികളുടെ മരണത്തിന് ഉത്തരവാദി.
പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ കരിമ്പ പനയംപാടത്ത് പരീക്ഷകഴിഞ്ഞ് മടങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ മുകളിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി മറിഞ്ഞാണ് അപകടം.
കരിമ്പ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനികളായ കരിമ്പ ചെറൂളി പേട്ടേത്തൊടിവീട്ടില്‍ അബ്ദുള്‍ റഫീഖിന്റെയും ജസീനയുടെയും മകള്‍ റിദ ഫാത്തിമ (13), പള്ളിപ്പുറം വീട്ടില്‍ അബ്ദുള്‍ സലാമിന്റെയും ഫാരിസിന്റെയും മകള്‍ ഇര്‍ഫാന ഷെറിന്‍ (13), കവുളേങ്ങല്‍ വീട്ടില്‍ അബ്ദുള്‍ സലീമിന്റെയും നബീസയുടെയും മകള്‍ നിദ ഫാത്തിമ (13), അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്റെയും സജ്നയുടെയും മകള്‍ ആയിഷ (13) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ കാസര്‍കോട് സ്വദേശികളായ ലോറി ഡ്രൈവര്‍ വര്‍ഗീസ്(51), ക്ലീനര്‍ മഹേന്ദ്രപ്രസാദ്(28) എന്നിവര്‍ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിന് കുട്ടികളുടെ വീടുകളിലേക്ക് മൃതദേഹങ്ങള്‍ എത്തിച്ചു. എട്ടരയ്ക്ക് പൊതുദര്‍ശനത്തിനായി തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളിലേക്ക് മാറ്റും. 10.30-ഓടെ തുപ്പനാട് ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കും.
മിനുസമായ റോഡിൽ, മഴയത്ത് ചക്രം തെന്നി
ഒറ്റപ്പാലം: പനയംപാടത്തെ അപകടകാരണം റോഡിന്റെ മിനുസമേറിയ പ്രതലവും മഴയും തന്നെയെന്ന് മോട്ടോർവാഹന വകുപ്പ്. സ്ഥലത്ത് പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. കോഴിക്കോട് ഭാഗത്തുനിന്ന് കാലിയായിവന്ന മറ്റൊരു ലോറി ഇറക്കത്തിൽ എന്തോകണ്ട് ബ്രേക്ക് ചവിട്ടിയെന്നും എതിർദിശയിൽവരുന്ന സിമന്റുലോറിയുടെ വശത്തുതട്ടി അത് നിയന്ത്രണംവിട്ട് മറിയുകയുമായിരുന്നെന്നുമാണ് മോട്ടോർവാഹന വകുപ്പിന്റെ പ്രാഥമിക നിരീക്ഷണം. പാലക്കാട്ടേക്ക് ലോഡ് എടുക്കുന്നതിനായി പോവുകയായിരുന്നു കാലിയായ ലോറി. അപകടത്തിൽപ്പെട്ട വാഹനത്തിൽ സിമന്റ് ചാക്കുകളുമുണ്ടായിരുന്നു. മിനുസമായ റോഡിൽ, മഴയത്ത് ചക്രം തെന്നിയതാകാം നിയന്ത്രണംനഷ്ടപ്പെട്ട് അപകടത്തിന് കാരണമായതെന്നും അധികൃതർ പറയുന്നു. ഇതിനൊപ്പം രണ്ട് ഡ്രൈവർമാർക്കും പ്രാദേശികമായി പരിചയമില്ലാതിരുന്നതും അപകടകാരണമായെന്നാണ് അധികൃതരുടെ വിലയിരുത്തൽ. വെള്ളിയാഴ്ച കളക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ മോട്ടോർവാഹനവകുപ്പ് അധികൃതർ വിശദ റിപ്പോർട്ട് അവതരിപ്പിക്കും.
Content Highlights: palakkad accident-Six months ago MVD report saying, panayampadam not safe
Published: 13 Dec 2024, 09:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented