പാലാ: വേണ്ടിവന്നാൽ ക്രൈസ്തവസമുദായം രാഷ്ട്രീയപ്രസ്ഥാനമായി മാറുമെന്ന തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ നിലപട് തള്ളി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സ്വർഗത്തിലെത്താമെന്ന് കരുതുന്നില്ലെന്നാണ് മാർ ജോസഫ് കല്ലറങ്ങാട്ട് പ്രതികരിച്ചത്. പാലായിലെ മദ്യ-ലഹരി വിരുദ്ധ പരിപാടിയിൽ ആയിരുന്നു ബിഷപ്പിന്റെ പ്രതികരണം.  

To advertise here,

വേണ്ടിവന്നാൽ പ്രത്യക്ഷ രാഷ്ട്രീയ ഇടപെടലുകൾ നടത്തുമെന്ന് പാംപ്ലാനി പറഞ്ഞിരുന്നു. താമരശ്ശേരി രൂപത കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ മുതലക്കുളത്തുനടത്തിയ അവകാശപ്രഖ്യാപന റാലിയിൽ സംസാരിക്കവേയാണ് പാംപ്ലാനി രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. ക്രൈസ്തവ ജനതയെ ആർക്കും തീറെഴുതിക്കൊടുത്തിട്ടില്ല. ഒരു രാഷ്ട്രീയ പാർട്ടിയും എക്കാലത്തേക്കും തങ്ങളുടെ വോട്ടുബാങ്കായി ക്രൈസ്തവരെ കാണുകയും വേണ്ടാ. ക്രൈസ്തവജനത ആരുടെയും ഫിക്‌സഡ് ഡിപ്പോസിറ്റല്ല. ഞങ്ങൾ ക്രൂരമായി അവഗണിക്കപ്പെടുകയാണ്. വേണ്ടിവന്നാൽ പ്രത്യക്ഷ രാഷ്ട്രീയ ഇടപെടലുകൾ നടത്തുമെന്നും പാംപ്ലാനി പറഞ്ഞിരുന്നു.

പാംപ്ലാനിയുടെ നിലപാട് തള്ളിയ പാലാ ബിഷപ്പ് ഒന്നിച്ചു നിന്നാൽ രാഷ്ട്രീയക്കാർ  തേടിയെത്തുമെന്ന് വ്യക്തമാക്കി. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് സ്വർഗത്തിലെത്താമെന്ന് കരുതുന്നില്ല. ക്രൈസ്തവർ തമ്മിൽ ഒരുമയുണ്ടാവണം. പുതിയ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കണമെന്നത് തെറ്റായ സന്ദേശമാണ്. ആവശ്യക്കാരെല്ലാം ക്രൈസ്തവരുടെ അടുത്ത് എത്തുമെന്നും ബിഷപ്പ് പ്രതികരിച്ചു. 

വഖഫ് വിഷയത്തിൽ കെസിബിസി കേരളത്തിലെ എംപിമാർക്ക് ചില നിർദ്ദേശങ്ങൾ നൽകിയിരുന്നു. പക്ഷെ അവർക്ക് അവരുടെ രാഷ്ട്രീയ പാർട്ടിയുടെ നിലപാട് എടുക്കേണ്ടി വന്നു. ആരും സഭയിൽ വിയോജനം അറിയിച്ചില്ല. ന്യൂനപക്ഷ നിലപാട് സംരക്ഷിക്കപ്പെടണം. ക്രിസ്ത്യാനികളും രാജ്യത്ത് ന്യൂനപക്ഷം ആണെന്നും പലരെയും വോട്ട് ചെയ്ത് ജയിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും ആശയപരമായും ധാർമികമായും പലരേയും തോൽപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ജബൽപുരിൽ പുരോഹിതരെ മർദിച്ചത് അപലപനീയമാണ്.  ആരാണ് തല്ലിച്ചതച്ചത് എന്ന് എല്ലാവർക്കും അറിയാം. അവർ അടിക്കുന്നത് ഭരണഘടനയെ കൂടിയാണെന്നും ബിഷപ്പ് പ്രതികരിച്ചു.