ലണ്ടൻ: വില്യം രാജകുമാരനും കാതറീൻ രാജകുമാരിയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറും ആംഗ്ലിക്കാൻസഭാംഗങ്ങളും സാക്ഷിനിൽക്കേ, സാറാ മലാലി ബുധനാഴ്ച കാന്റർബറി ആർച്ച് ബിഷപ്പായി അഭിഷിക്തയായി. ഓർത്തഡോക്സ് സഭയുടെ പ്രതിനിധിയും വത്തിക്കാനിൽനിന്ന് മാർപാപ്പയുടെ പ്രതിനിധിയും ആ ചരിത്രമുഹൂർത്തത്തിൽ പങ്കുചേരാനെത്തി. ആംഗ്ലിക്കൻസഭയുടെ 1400 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് വനിത പരമാധ്യക്ഷയാകുന്നത്. ബ്രിട്ടീഷ് രാജാവിനെയും രാജ്ഞിയെയും വാഴിക്കാൻ ചുമതലപ്പെട്ടയാളാണ് കാന്റർബറി ആർച്ച് ബിഷപ്പ്. ജനുവരിയിൽത്തന്നെ സാറാ കാന്റർബറി ആർച്ച് ബിഷപ്പിന്റെ ചുമതലകൾ വഹിച്ചുതുടങ്ങിയിരുന്നു. ഇപ്പോഴാണ് ഔദ്യോഗിക അഭിഷേകച്ചടങ്ങ് നടന്നതെന്നുമാത്രം.

To advertise here,

അർബുദരോഗികൾക്ക് ആശ്വാസമേകുന്ന നഴ്സായിരുന്നു 37 വയസ്സുവരെ സാറ. 40-ാം വയസ്സിൽ പുരോഹിതയായി. 63-ാം വയസ്സിൽ ആംഗ്ലിക്കൻസഭയുടെ പരമാധികാരിയും. 10 കോടിയോളംവരുന്ന ആഗ്ലിംക്കൻസഭാംഗങ്ങളുടെ പുരോഹിതരിലെ പ്രധാനിയാണ് കാന്റർബറി ആർച്ച് ബിഷപ്പ്. ബ്രിട്ടീഷ് പാർലമെന്റിന്റെ ഉപരിസഭയായ പ്രഭുസഭയിലെ അംഗവുമാണ്.

വനിതകളെ ആദരിക്കാൻ സഭകൾ ഇനിയും പഠിക്കണം - ഫാ. പോൾ തേലക്കാട്ട്

ആംഗ്ലിക്കൻസഭയുടെ 1400 വർഷത്തെ ചരിത്രം തിരുത്തിക്കൊണ്ട് അതിന്റെ പരമാധ്യക്ഷയായി സാറാ മലാലി, ബ്രിട്ടൻ എന്ന ആസ്ഥാനത്ത് അവരോധിക്കപ്പെട്ടിരിക്കുന്നു. ആംഗ്ലിക്കൻസഭയുടെ 106-ാമത്തെ അധ്യക്ഷയായിരിക്കും നഴ്‌സും വൈദികയുമായിരുന്ന മലാലി. ഇത് ആ സഭയിലും മറ്റുസഭകളിലും എന്തെന്തുചലനങ്ങളുണ്ടാക്കുമെന്ന് പറയാനാവില്ല.

ഈ നടപടി കേരളത്തിലെ സഭകളിലും ചർച്ചാവിഷയമാകും. എന്നാൽ, വൈദികപദവിയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് കേരളത്തിലെ സഭകൾക്ക് ഇപ്പോഴും അചിന്ത്യമാണ്. യേശുവിന്റെ 12 അപ്പസ്‌തോലരിൽ എല്ലാവരും പുരുഷന്മാരായിരുന്നു എന്നതാണ് ഇതിന് ചൂണ്ടിക്കാണിക്കുന്ന ഏകകാരണം.

എന്നാൽ, നാല് സുവിശേഷങ്ങളിൽ നാലാമത്തെയായ യോഹന്നാന്റെ സുവിശേഷത്തിൽ 12 അപ്പസ്‌തോലരെക്കുറിച്ച് ഒന്നും പറയുന്നില്ല. 12 പേരെക്കുറിച്ച് പറയുമ്പോഴും അവർക്ക് അപ്പസ്‌തോലന്മാർ എന്ന േപരില്ല. യേശു ശ്ലീഹന്മാരുടെ കാലുകൾ കഴുകിയവിവരം പറയുന്നത് യോഹന്നാൻമാത്രമാണ്. അവർ അപ്പസ്‌തോലരായിരുന്നു എന്ന് അവിടെയും പറയുന്നില്ല. യോഹന്നാന്റെ സുവിശേഷത്തിൽ യേശു ഉയിർത്തു എന്നതിന്റെ സാക്ഷി മഗ്ദലേന മറിയം മാത്രമാണ്. ജർമനിയിലെ മയിൻസ് രൂപതയുടെ മെത്രാനായിരുന്ന റബ്ബാനുസ് മാവൂരുസ് (776-856) മഗ്ദലേനമറിയത്തെ അപ്പസ്‌തോലരുടെ അപ്പസ്‌തോല എന്ന് വിശേഷിപ്പിക്കുന്നുണ്ട്. വി. തോമസ് അക്വിനാസും (1225-1274) മഗ്ദലേന മറിയത്തെ അതേവിധം 'അപ്പസ്‌തോലരുടെ അപ്പസ്‌തോല' എന്ന് വിശേഷിപ്പിക്കുന്നു. ഫ്രാൻസിസ് മാർപാപ്പ മഗ്ദലേന മറിയത്തെ അപ്പസ്‌തോലരുടെ അപ്പസ്‌തോല എന്ന് വിളിച്ചു. അവരുടെ തിരുനാൾ 2016 മുതൽ ജൂൺ മൂന്നിന് ആഘോഷിക്കണമെന്ന് കൽപ്പിക്കുന്നു.

ഒരു സ്ത്രീക്ക് അപ്പസ്‌തോലയാകാമെങ്കിൽ ഏതുസ്ഥാനങ്ങളാണ് അവൾക്ക് നിഷിദ്ധമെന്ന് ചോദിക്കുന്നവരുണ്ടാകാം. അപ്പസ്‌തോലരുടെ പിൻഗാമികളാണ് മെത്രാന്മാർ എന്നാണ് സഭകൾ പഠിപ്പിക്കുന്നത്. 2024-ൽനടന്ന സിനഡാലിറ്റിയുടെ അന്തിമരേഖയിൽ സഭയിൽ സ്ത്രീപുരുഷസമത്വം പാലിക്കണമെന്ന നിർദേശമുണ്ട്.

ചാവറയച്ചന്റെ കാലത്ത് (1805-1871) ഒറ്റ കന്യാസ്ത്രീപോലും കേരളത്തിലെ കത്തോലിക്കാസഭയിൽ ഉണ്ടായിരുന്നില്ല. ഇന്ന് കന്യാസ്ത്രീകളുടെ പൂന്തോട്ടങ്ങളുണ്ട്. അവ വാടിക്കരിയുകയാണ് എന്ന് മനസ്സിലാക്കാൻ അവരുടെ ശരാശരി പ്രായം അന്വേഷിച്ചാൽ മതി. കേരളസഭയിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം, കേരളത്തിലെ നഴ്‌സുമാർക്ക് അന്താരാഷ്ട്ര പ്രശസ്തി എന്നിവ ഉണ്ടാക്കിക്കൊടുത്തത് കന്യാസ്ത്രീകളാണ്. പുരുഷാധിപത്യത്തിൽ കഴിയുന്ന സഭ അതിന്റെ പേരിൽ ഉണ്ടാക്കിയ ഉതപ്പുകൾ അവരുടെ വേരുകൾ ഉണക്കിക്കളഞ്ഞു. സഭയുടെ ഭാവിക്ക് ആദരവിന്റെയും അംഗീകാരത്തിന്റെയും വീണ്ടുവിചാരങ്ങൾ ഉണ്ടാകണം.