മൂന്നാർ: മൂന്നാറിൽ വീണ്ടും പടയപ്പയുടെ ആക്രമണം. വീടിന് മുന്നിൽ പാർക്ക് ചെയ്ത കാർ കാട്ടാന നശിപ്പിച്ചു. നല്ലതണ്ണി സ്വദേശി ദിനകരന്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന പുത്തൻ കാറാണ് പടയപ്പ തകർത്തത്. മുൻപ് വാഹനങ്ങളെ കൊമ്പുകൊണ്ട് തള്ളി മാറ്റുകയോ മറിച്ചിടുകയോ ചെയ്തിരുന്ന പടയപ്പ, ഇത്തവണ കാറിന് മുകളിൽ കാലെടുത്തു വെച്ച് ചവിട്ടി മെതിക്കുകയായിരുന്നു.

To advertise here,

ആനയുടെ ആക്രമണത്തിൽ കാർ പൂർണ്ണമായും തകർന്നു. സംഭവസമയത്ത് വാഹനത്തിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്ന മൂന്നാറിൽ, റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് നേരെ ഇത്തരം ആക്രമണം ഉണ്ടായാൽ അത് വലിയ ആളപായത്തിന് കാരണമാകുമെന്ന ഭീതി പരന്നിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് മാസമായി മൂന്നാർ ഗ്രാമപഞ്ചായത്തിന്റെ കല്ലാർ മാലിന്യ പ്ലാന്റിന് സമീപമായിരുന്നു പടയപ്പ നിലയുറപ്പിച്ചിരുന്നത്. അവിടെയുള്ള മാലിന്യങ്ങളും പച്ചക്കറി അവശിഷ്ടങ്ങളും ഭക്ഷിച്ചാണ് ആന കഴിഞ്ഞു കൂടിയിരുന്നത്. കല്ലാറിൽ നിന്ന് വെറും ഒരു കിലോമീറ്റർ മാത്രം ദൂരെയുള്ള നല്ലതണ്ണി ഭാഗത്തേക്ക് പടയപ്പ എത്തിയത് തീർത്തും അപ്രതീക്ഷിതമായിരുന്നു. ഭക്ഷണം സുലഭമായി ലഭിക്കുന്നത് കാരണം ആന ഈ പ്രദേശം വിട്ടുപോകാൻ തയ്യാറാകുന്നില്ല എന്നതാണ് നിലവിലെ പ്രധാന പ്രതിസന്ധി.

വനംവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീം സ്ഥലത്തെത്തി ആനയെ തുരത്താൻ ശ്രമിച്ചെങ്കിലും പടയപ്പ ഇപ്പോഴും ജനവാസ മേഖലയ്ക്ക് സമീപത്ത് തന്നെ തുടരുകയാണ്. വിനോദസഞ്ചാരികൾ പാതയോരങ്ങളിൽ വാഹനം നിർത്തി വിശ്രമിക്കുന്ന സമയത്തോ മറ്റോ ഇത്തരത്തിൽ ആനയുടെ ഭാഗത്തുനിന്ന് അപ്രതീക്ഷിത നീക്കങ്ങൾ ഉണ്ടായാൽ അത് വലിയ അപകടങ്ങളിലേക്ക് നയിച്ചേക്കാം.