പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സി.പി.എം. പാലക്കാട് ഇടത് സ്വതന്ത്രനായി രണ്ട് ദിവസം മുൻപ് വരെ കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ വിഭാഗം കണ്‍വീനറായിരുന്ന ഡോ.പി.സരിനും ചേലക്കരയില്‍ സിപിഎം സ്ഥാനാര്‍ഥിയായി മുൻ എം.എൽ.എ യു.ആര്‍ പ്രദീപും മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഷാഫി പറമ്പിലും കെ.രാധാകൃഷ്ണനും ലോക്​സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് പാലക്കാട്ടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

To advertise here,

പി. സരിന്‍ തന്നെയായിരിക്കും എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥിയെന്ന് ഏറെക്കുറേ വ്യക്തമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോഴാണ്  ഡോ.പി സരിന്‍ പാര്‍ട്ടിയുമായി ഇടഞ്ഞത്. പാര്‍ട്ടി വിലക്ക് ലംഘിച്ച് തന്റെ വിയോജിപ്പ് പത്രസമ്മേളനത്തിലൂടെ അറിയിച്ച സരിന്‍ ഇടതുപാളയത്തിലേക്ക് ചുവടുമാറുമെന്ന സൂചന വ്യക്തമായിരുന്നു. ഇതിനുശേഷം സരിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

സരിൻ 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റപ്പാലം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും സിപിഎമ്മിലെ കെ പ്രേംകുമാറിനോട് പരാജയപ്പെടുകയായിരുന്നു. 

ചേലക്കര മുന്‍ എംഎല്‍എ ആയ യു.ആര്‍ പ്രദീപ് സി.പി.എം ഏരിയ കമ്മിറ്റി അംഗമാണ്. 2016-ല്‍ ചേലക്കരയില്‍നിന്ന് ജയിച്ച പ്രദീപ് 2021-ല്‍ ഒരു ടേം പൂര്‍ത്തിയാക്കിയപ്പോള്‍ത്തന്നെ കെ. രാധാകൃഷ്ണനുവേണ്ടി മണ്ഡലം ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. ആലത്തൂർ മുൻ എം.പി ര്യമാ ഹരിദാസാണ് കോണ്‍ഗ്രസിനായി കളത്തിലിറങ്ങുന്നത്. ഇക്കഴിഞ്ഞ ലോക്​സഭാ തിരഞ്ഞെടുപ്പിൽ കെ.രാധാകൃഷ്ണനോടാണ് രമ്യ പരാജയപ്പെട്ടത്.