ഒറ്റപ്പാലം: വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിൽ സ്ത്രീ അറസ്റ്റിൽ. വടക്കഞ്ചേരി പരുവാശ്ശേരി യു.എസ്.ബി. ഗാർഡനിൽ പ്രിൻസി(46)യാണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയായ റവന്യൂ ഉദ്യോഗസ്ഥന്റെ പരാതിയിലാണ് നടപടി.
2006-ൽ പരാതിക്കാരൻ ഒറ്റപ്പാലം ലാൻഡ് ട്രിബ്യൂണലിൽ ജോലിചെയ്തിരുന്ന സമയത്താണ് പ്രിൻസിയുമായി സൗഹൃദത്തിലായത്. വിവിധ ഘട്ടങ്ങളിലായി ഓരോ ആവശ്യംപറഞ്ഞ് പണവും മൊബൈൽഫോണുകളും വസ്ത്രങ്ങളുമെല്ലാം സ്വന്തമാക്കിയെന്നാണ് പോലീസ് പറയുന്നത്. പിന്നീട് പരാതിക്കാരനുമായുള്ള ബന്ധം വീട്ടിൽ അറിഞ്ഞെന്നും പ്രശ്‌നമായെന്നും ഇയാളെ അറിയിച്ചു. ഇനി താമസിക്കാൻ വീടുവേണമെന്നും ഇതിന് പണം വേണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് കേരള ബാങ്കിൽനിന്ന് അഞ്ചുലക്ഷംരൂപ വായ്പയെടുത്ത് നൽകേണ്ടിവന്നു. പിന്നീട് ഘട്ടംഘട്ടമായി കൂടുതൽ പണം ഭീഷണിപ്പെടുത്തി കൈക്കലാക്കിയെന്നാണ് പോലീസ് പറയുന്നത്.
ഭീഷണികൂടിയതോടെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഒറ്റപ്പാലം പോലീസിൽ പരാതി നൽകിയത്. തുടർന്ന് പ്രിൻസി മുൻകൂർജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കിട്ടിയില്ല. സ്റ്റേഷനിലെത്തിയ പ്രിൻസിയെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുൻ പോലീസ് ഉദ്യോഗസ്ഥനിൽനിന്ന് 40 ലക്ഷംരൂപ തട്ടിയെടുത്തെന്ന പരാതിയിൽ വടക്കഞ്ചേരി സ്റ്റേഷനിലും പ്രിൻസിയുടെപേരിൽ കേസുണ്ട്. പോലീസ് ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിക്കുകയും സാമൂഹികമാധ്യമംവഴി സന്ദേശങ്ങൾ അയപ്പിക്കുകയും പിന്നീട് പ്രിൻസിയും മറ്റു മൂന്നുപേരും ചേർന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്‌തെന്നാണ് കേസ്.
ഒട്ടേറെപ്പേരെ കെണിയിൽക്കുടുക്കി പ്രിൻസി പണം തട്ടിയെടുത്തതായാണ് സൂചന. എന്നാൽ, നാണക്കേട് ഭയന്ന് മിക്കവരും പരാതി നൽകിയിട്ടില്ല.
പ്രിൻസി വടക്കഞ്ചേരിയിൽ ബ്യൂട്ടിപാർലർ നടത്തുന്നുണ്ട്. ഇതിന്റെ മറവിലായിരുന്നു പ്രവർത്തനമെന്നാണ് പോലീസിന്റെ നിഗമനം.
Content Highlights: A 46-year-old woman, Princy, arrested for defrauding a retired revenue official of 20 lakhs., The accused used extortion tactics and threats after initial friendly relations., Multiple cases reported,
Published: 10 Jun 2026, 06:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented